NEWS

കിഫ്ബിക്കെതിരെ ഇഡിയുടെ അന്വേഷണം

തിരുവനന്തപുരം: സിഐജി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കിഫ്ബിക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം. മസാല ബോണ്ടിന്റെ വിശദാംശങ്ങള്‍ തേടി ഇഡി ആര്‍ബിഐയ്ക്ക് കത്തയച്ചു.

കിഫ്ബിയുടെ വായ്പ ഇടപാട് ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി സിഎജി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതുവരെയുള്ള കടമെടുപ്പു സര്‍ക്കാരിനു 3100 കോടിരൂപയുടെ ബാധ്യത വരുത്തിയെന്നും സിഎജി വ്യക്തമാക്കിയിരുന്നു. എന്നാല്‍ റിപ്പോര്‍ട്ടിലെ ചില പേജുകള്‍ എഴുതിച്ചേര്‍ത്തവയാണെന്നും ഭരണഘടനാ വിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നും സര്‍ക്കാര്‍ മറുപടി പറഞ്ഞു. ഇത്തരത്തില്‍ സിഎജിയും സര്‍ക്കാരും തമ്മില്‍ വാഗ്വാദം മുറുകുന്നതിനിടെയാണ് ഇഡി അന്വേഷണം.

Signature-ad

250 കോടി യെസ് ബാങ്കില്‍ നിക്ഷേപിച്ചതുമായി ബന്ധപ്പെട്ട് കിഫ്ബിക്കെതിരെ സെപ്റ്റംബറിലും കേന്ദ്ര സര്‍ക്കാര്‍ ഇഡി അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ഇതു പുരോഗമിക്കുന്നതിനിടയിലാണ് പുതിയ അന്വേഷണവും.

സംസ്ഥാനത്തെ അടിസ്ഥാന സൗകര്യ വികസനത്തിന് ഫണ്ട് കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന സര്‍ക്കാര്‍ കിഫ്ബിയ്ക്ക് തുടക്കമിട്ടത് .കേരള ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് നിയമം അനുസരിച്ചാണ് കിഫ്ബി നിലവില്‍ വന്നത് .1999 നവംബര്‍ 11 നാണ് കിഫ്ബിയുടെ ജനനം .

2016 ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരം ഏറ്റെടുത്തു .കിഫ്ബി ചട്ടങ്ങള്‍ പരിഷ്‌കരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു .സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കലും സാമ്പത്തിക മാന്ദ്യം മറികടക്കലും ആയിരുന്നു ഉദ്യേശം .വിദേശത്ത് നിന്നും സ്വദേശത്ത് നിന്നും പണം കടം വാങ്ങി വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുക എന്നതായിരുന്നു ലക്ഷ്യം .

കടം വാങ്ങുന്ന പണം തിരിച്ചടക്കാന്‍ സര്‍ക്കാര്‍ രണ്ടു വഴികള്‍ ആണ് കണ്ടത് . മോട്ടോര്‍ വാഹന നികുതിയില്‍ നിന്ന് ഒരു നിശ്ചിത ശതമാനവും പെട്രോള്‍ സെസ് വരുമാനത്തിന്റെ നിശ്ചിത ശതമാനവുമാണ് സര്‍ക്കാര്‍ തിരിച്ചടവിനായി കണ്ടത് .മോട്ടോര്‍ വാഹന നികുതി 10 %വും പിന്നീട് 50 %വും കിഫ്ബിയ്ക്ക് നല്‍കും .വിദേശ വിപണിയില്‍ മസാല ബോണ്ടിറക്കുമ്പോള്‍ സര്‍ക്കാര്‍ നല്‍കിയ ഉറപ്പും
ഇതാണ് .

ഇന്ത്യയുടെ രുചിവൈവിധ്യത്തെ അന്താരാഷ്ട്ര വിപണിയില്‍ ഓര്‍മ്മിപ്പിക്കാന്‍ തന്നെയാണ് പേരില്‍ മസാല ചേര്‍ത്തത് .ഇന്ത്യന്‍ രൂപയില്‍ തന്നെ ബോണ്ട് ഇറക്കി പണം സമാഹരിക്കുന്നവയാണ് മസാല ബോണ്ടുകള്‍ .രൂപയുടെ മൂല്യം ഇടിഞ്ഞാല്‍ നഷ്ടം നിക്ഷേപകര്‍ സഹിക്കണം .2150 കോടി രൂപ 25 വര്‍ഷത്തെ തിരിച്ചടവ് കാലാവധിയില്‍ കിഫ്ബി മസാല ബോണ്ടിലൂടെ സമാഹരിച്ചു .9 .75 % ആണ് പലിശ .ഇത്തരത്തില്‍ ധനസമാഹരണം നടത്തിയ ആദ്യ സംസ്ഥാനവും ആണ് കേരളം .

മസാല ബോണ്ടുകള്‍ കിഫ്ബി ലണ്ടന്‍ ,സിംഗപ്പൂര്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളില്‍ ആണ് ലിസ്റ്റ് ചെയ്തിരിക്കുന്നത് .ഇതില്‍ സിങ്കപ്പൂര്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ഇറക്കിയ ബോണ്ടുകള്‍ വഴി കിഫ്ബി 2150 കോടി രൂപ സമാഹരിച്ചു .

വിദേശത്ത് നിന്ന് പണമെടുത്തതിന്റെ പലിശ നിരക്കാണ് കിഫ്ബിയെ വിവാദ നിഴലില്‍ നിര്‍ത്തുന്നത് .ആഭ്യന്തര വിപണിയില്‍ 6 .70 % പലിശയില്‍ പണം ലഭ്യമാകും എന്നിരിക്കെ എന്തിനാണ് 9 .75 % പലിശയില്‍ വിദേശത്ത് നിന്ന് പണം കടമെടുത്തത് എന്നാണ് ഉയരുന്ന ചോദ്യം .വായ്പ തിരിച്ചടവ് ഡോളറില്‍ ആയതു സംസ്ഥാനത്തിന് ബാധ്യത കൂട്ടുമെന്നാണ് പ്രതിപക്ഷ ആരോപണം .

മറ്റൊന്ന് മസാല ബോണ്ടില്‍ ലാവ്ലിന്‍ ബന്ധമുള്ള കമ്പനി നിക്ഷേപം ഇറക്കി എന്നുള്ളതാണ് .
ലാവ്‌ലിന്റെ 20 % ഓഹരികള്‍ ആണ് സി ഡി പി ക്യൂ വില്‍ ഉള്ളത് .ലാവ്ലിന്‍ രാജ്യാന്തര തലത്തില്‍ തന്നെ നിരവധി ആരോപണങ്ങള്‍ നേരിടുന്നുണ്ട് .മസാല ബോണ്ട് ആര്‍ക്കും വാങ്ങാമെങ്കിലും ലാവ്‌ലിന് ബന്ധമുള്ള കമ്പനിയുടെ സാന്നിധ്യം പലരുടെയും നെറ്റിചുളിപ്പിക്കുന്നു .

രൂപയുടെ മൂല്യം ഇടിയുന്ന പശ്ചാത്തലത്തില്‍ വന്‍തുക സംസ്ഥാനം തിരിച്ചടക്കേണ്ടി വരുമോ എന്നതാണ് മറ്റൊരു ആശങ്ക .എന്നാല്‍ ഈ ആശങ്ക സര്‍ക്കാര്‍ തള്ളിക്കളഞ്ഞു .രൂപയുടെ മൂല്യം ഇടിഞ്ഞുണ്ടാകുന്ന നഷ്ടം സഹിക്കേണ്ടത് നിക്ഷേപകര്‍ ആണ് .പക്ഷെ ആഭ്യന്തരമായി ചെറിയ പലിശയ്ക്ക് പണം തേടാതെ വിദേശത്ത് നിന്ന് കടമെടുക്കുന്നതിലെ സാംഗത്യമാണ് പലരും ചോദ്യം ചെയ്യുന്നത് .

കേരളത്തില്‍ കിഫ്ബി വലിയ തോതില്‍ പണമിറക്കുന്നു എന്നത് യാഥാര്‍ഥ്യമാണ് .സ്‌കൂളുകള്‍ ,ആശുപത്രികള്‍ ,റോഡുകള്‍ തുടങ്ങിയവയിലൊക്കെ ഇതിന്റെ പ്രതിഫലനം ഉണ്ട് .സര്‍ക്കാരിന്റെ പ്രമുഖ പദ്ധതിയായ കെ ഫോണ്‍ അടക്കം കിഫ്ബിയുടെ കീഴില്‍ വരുന്നവയാണ് .54391 .47 കോടി രൂപ ചെലവ് വരുന്ന 679 പദ്ധതികള്‍ക്കാണ് കിഫ്ബി അനുമതി നല്‍കിയിരിക്കുന്നത് .ഇതില്‍ 364 പദ്ധതികള്‍ ടെന്‍ഡര്‍ ചെയ്തു .14133 .42 കോടി രൂപയാണ് ടെന്‍ഡര്‍ ചെയ്തത് .

ഇങ്ങനെ മുന്നോട്ട് പോകവേ ആണ് സി എ ജി റിപ്പോര്‍ട്ടിലെ പരാമര്‍ശം ചര്‍ച്ചയാവുന്നത് .മസാല ബോണ്ട് വഴിയുള്ള കടമെടുക്കല്‍ വഴി സംസ്ഥാനത്തിന് 3100 കോടി രൂപ നഷ്ടം ഉണ്ടായി എന്നാണ് സി എ ജി പരാമര്‍ശം .കേന്ദ്രത്തില്‍ നിന്നുള്ള വായ്പ തിരിച്ചടക്കാന്‍ ഉണ്ടെങ്കില്‍ ആഭ്യന്തര കടമെടുപ്പിനു പോലും കേന്ദ്രാനുമതി വാങ്ങണമെന്നിരിക്കെ കിഫ്ബി വഴി വിദേശ കടം വാങ്ങി എന്നതാണ് മറ്റൊരു വിഷയമായി സി എ ജി ഉയര്‍ത്തിക്കാണിക്കുന്നത് .എന്നാല്‍ കിഫ്ബി കോര്പറേറ്റ് സ്ഥാപനം ആണെന്നാണ് സര്‍ക്കാര്‍ പറയുന്നത് .അങ്ങിനെയെങ്കില്‍ സര്‍ക്കാര്‍ പണം ഉപയോഗിച്ച് എങ്ങനെ കോര്പറേറ്റ് സ്ഥാപനത്തിന്റെ വായ്പ അടക്കും എന്ന് വിമര്‍ശകര്‍ ചോദിക്കുന്നു .

സി എ ജി നിയമത്തിലെ സെക്ഷന്‍ 14 (1 ) പ്രകാരം കിഫ്ബിയില്‍ ഓഡിറ്റ് നടക്കുന്നുണ്ട് .സ്വകാര്യ സ്ഥാപനങ്ങള്‍ക്കാണ് ഓഡിറ്റ് ചുമതല .കിഫ്ബിയുടെ 2018 -19 വര്‍ഷത്തിലെ ഓഡിറ്റ് നടന്നു വരികയാണ് .

Back to top button
error: