എൽ ഡി എഫ് സർക്കാരിനെ അട്ടിമറിയ്ക്കാൻ ശ്രമം നടക്കുന്നുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ .കേന്ദ്ര ഏജൻസികളെ ഉപയോഗിച്ചാണ് അട്ടിമറി ശ്രമം .മുഖ്യമന്ത്രിയെ ആണ് ലക്ഷ്യമിടുന്നത് .അന്വേഷണ രീതികൾ നോക്കുമ്പോൾ മുഖ്യമന്ത്രിയെ കുടുക്കാനുള്ള നീക്കമാണ് നടക്കുന്നത് .
മറ്റു സംസ്ഥാനങ്ങളിലെ പോലെ എംഎൽഎമാരെ വിലയ്ക്ക് വാങ്ങാനുള്ള ശ്രമം വിലപ്പോവുന്നില്ല .ഈ സാഹചര്യത്തിലാണ് അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് ഭരണം അട്ടിമറിക്കാനുള്ള ശ്രമം നടക്കുന്നത് .അധികാര ദുർവിനിയോഗം നടത്താൻ കേന്ദ്ര ഏജൻസികൾ കേരളത്തിൽ വട്ടമിട്ടു പറക്കുന്നു .രാഷ്ട്രീയ എതിരാളികൾക്കെതിരെ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് കള്ളത്തെളിവ് ഉണ്ടാക്കാൻ ആണ് ശ്രമമെന്നും എ വിജയരാഘവൻ ആരോപിച്ചു .
തെറ്റായ രീതികൾ ഉപയോഗിച്ച് മൊഴികൾ ഉണ്ടാക്കാൻ ശ്രമിക്കുന്നുവെന്ന കാര്യം കോടതിയുടെ മുമ്പാകെ തന്നെ വന്നിട്ടുണ്ട് .സ്വർണക്കടത്ത് കേസിൽ ശരിയയായ അന്വേഷണം വേണം എന്നതുകൊണ്ടാണ് മുഖ്യമന്ത്രി കത്തയച്ചത് .സത്യം കണ്ടുപിടിക്കുന്നതിന് പകരം കേന്ദ്ര ഏജൻസികൾ രാഷ്ട്രീയ ദൗത്യമാണ് നിർവഹിക്കുന്നത് .ഇതിനെയാണ് എതിർത്തത് .സ്വപ്നയുടേത് എന്ന പേരിൽ പുറത്ത് വന്ന ശബ്ദരേഖ ഏജൻസികൾ പരിശോധിക്കട്ടെ എന്നും വിജയരാഘവൻ പറഞ്ഞു .