ഉന്നത തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനെ പിരിച്ചുവിട്ട് ട്രംപ്
ഉന്നത തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനെ പിരിച്ചുവിട്ട് ഡൊണാള്‍ഡ് ട്രംപ്. യുഎസ് തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ജോ ബൈഡനെ കൃത്രിമം കാട്ടി വിജയിപ്പിച്ചെന്ന ട്രംപിന്റെ ആരോപണം തളളിയതിനാണ് സര്‍ക്കാരിന്റെ ഉന്നത തിരഞ്ഞെടുപ്പ് സുരക്ഷാ ഉദ്യാഗസ്ഥന്‍ ക്രിസ് ക്രെബ്‌സിനെ പിരിച്ചുവിട്ടത്.
ട്വിറ്ററിലൂടെയായിരുന്നു ട്രംപിന്റെ പ്രഖ്യാപനം. ‘യുഎസ് തിരഞ്ഞെടുപ്പ് പ്രക്രിയ കുറ്റമറ്റതും സുരക്ഷിതവുമാണെന്ന ക്രിസ് ക്രെബ്‌സിന്റെ പ്രസ്താവന ശരിയല്ല. യുഎസ് തിരഞ്ഞെടുപ്പില്‍ വ്യാപകമായ ക്രമക്കേടും അപാകതകളും ഉണ്ടായിരുന്നു. അതിനാല്‍ തന്നെ ഉന്നത തിരഞ്ഞെടുപ്പ് സുരക്ഷാ ഉദ്യോഗസ്ഥനായ ക്രിസ് ക്രെബ്സിനെ ജോലിയില്‍ നിന്ന് പിരിച്ചു വിടുന്നു’ ട്രംപ് ട്വീറ്റ് ചെയ്തു.
അതേസമയം, പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ താന്‍ വിജയിച്ചെന്നാണ് ട്രംപ് ഇപ്പോഴും അവകാശപ്പെടുന്നത്. ആകെ 538 അംഗങ്ങളുള്ളതില്‍ ഭൂരിപക്ഷത്തിന് ആവശ്യമായ 270 ഇലക്ടറല്‍ വോട്ടുകള്‍ സ്വന്തമാക്കിയതിനു പിന്നാലെ ബൈഡന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വിജയിച്ചതായി യുഎസിലെ മുഖ്യധാരാ മാധ്യമങ്ങള്‍ കഴിഞ്ഞ ആഴ്ച തന്നെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ തോല്‍വി അംഗീകരിക്കാന്‍ തയാറാവാത്ത ട്രംപ് ഇപ്പോഴും താന്‍ ജയിച്ചെന്ന അവകാശവാദം ആവര്‍ത്തിക്കുകയാണ്. ഇരുപാര്‍ട്ടികളില്‍നിന്നും ആവശ്യമുയര്‍ന്നിട്ടും തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടുവെന്ന് അംഗീകരിക്കാന്‍ ട്രംപ് തയാറാകാതിരിക്കുന്നത് നിരുത്തരവാദപരമാണെന്ന് ബൈഡന്‍ പ്രതികരിച്ചു.