NEWS

സര്‍ക്കാരിനു സമനില തെറ്റിയെന്ന് ഉമ്മന്‍ ചാണ്ടി

സ്വര്‍ണക്കടത്തു കേസിലും മയക്കുമരുന്നു കേസിലും ഉള്‍പ്പെട്ട് സമനില തെറ്റിയ പിണറായി സര്‍ക്കാര്‍ മുന്‍ മന്ത്രി ഇബ്രാഹിം കുഞ്ഞിനെ അറസ്റ്റ് ചെയ്ത് ജനശ്രദ്ധ തിരിക്കാനാണ് ശ്രമിക്കുന്നതെന്നു മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് അടുത്തതോടെ സര്‍ക്കാര്‍ സ്വീകരിച്ച രാഷ്ട്രീയപ്രേരിത നടപടിക്ക് നിയമപരമായും രാഷ്ട്രീയമായും വന്‍തിരിച്ചടി ഉണ്ടാകും.

2017 ഒക്‌ടോബര്‍ 11ന് വേങ്ങര ഉപതെരഞ്ഞടുപ്പ് നടക്കുമ്പോഴാണ് സോളാര്‍ കേസില്‍ അന്വേഷണം പ്രഖ്യാപിച്ചത്. 2019ല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് സമയത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേ കേസെടുത്തു.

Signature-ad

പാലാരിവട്ടം പാലത്തിന്റെ 30 ശതമാനം പണികള്‍ പൂര്‍ത്തിയാക്കി 2016 ഒക്‌ടോബറില്‍ കൊട്ടിഘോഷിച്ച് ഉദ്ഘാടനം ചെയ്തത് പിണറായി സര്‍ക്കാരാണ്. അന്നില്ലാത്ത പരാതിയാണ് പിന്നീട് ഉയര്‍ന്നത്. പാലംപണി സമയബന്ധിതായി പൂര്‍ത്തിയാക്കാന്‍ മൊബിലൈസേഷന്‍ അഡ്വാന്‍സ് അനുവദിച്ചു എന്നതാണ് മന്ത്രിയുടെ പേരിലുള്ള കുറ്റം. റോഡ് ഫണ്ട് ബോര്‍ഡിന്റെ ശിപാര്‍ശയുടെ അടിസ്ഥാനത്തില്‍ പൊതുമരാമത്തു വകുപ്പും സെക്രട്ടറിയും നടപടിക്രമങ്ങള്‍ പാലിച്ച് അംഗീകരിച്ച ഫയലില്‍ ഒപ്പിടുക മാത്രമാണ് മന്ത്രി ചെയ്തത്. ഇങ്ങനെ അനുവദിച്ച 8.25 കോടി രൂപ 7 ശതമാനം പലിശയോടെ തിരിച്ചടക്കുകയും ചെയ്തു.

പാലത്തിന്റെ നിര്‍മാണത്തില്‍ പോരായ്മ ഉണ്ടായാല്‍ അത് ആര്‍ബിഡിസികെ കമ്പനിയുടെ ചെലവില്‍ പരിഹരിക്കണമെന്നു വ്യവസ്ഥയുണ്ട്. അതിന് അവര്‍ തയാറായിരുന്നു. പാലം പരിശോധിച്ച ചെന്നൈ ഐഐടി 7 കോടി രൂപയുടെ അറ്റകുറ്റപ്പണി നിര്‍ദേശിച്ചു. എന്നാല്‍, 20 കോടി രൂപയ്ക്ക് ടെണ്ടറില്ലാതെയാണ് ഈ പണി നല്കിയത്. പാലത്തിന്റെ റോഡ് ടെസ്റ്റ് നടത്തണമെന്ന് രണ്ടു തവണ ഹൈക്കോടതി ഉത്തരവിട്ടിട്ടും നടത്തിയില്ല.

പാലാരിവട്ടം പാലം നിര്‍മിച്ച കമ്പനി ഗുരുതരമായ വീഴ്ചകള്‍ വരുത്തിയെങ്കില്‍ ആ കമ്പനിയെ കരിമ്പട്ടികയില്‍പ്പെടുത്തുന്നതിനു പകരം അവര്‍ക്ക് തിരുവനന്തപുരത്തുമാത്രം 1000 കോടി രൂപയുടെ പ്രവൃത്തികള്‍ നല്കി. മലബാറില്‍ കെഎസ്ടിപിയുടെ രണ്ടു പ്രധാനപ്പെട്ട റോഡ് പണി ഉള്‍പ്പെടെ നിരവധി പ്രവൃത്തികള്‍ ലഭിച്ചു.

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പൊതുമരാമത്ത് വകുപ്പ് നിര്‍മിച്ച 1500 കെട്ടിടങ്ങളും 2000 കോടി രൂപ മുടക്കി നിര്‍മിച്ച 245 പാലങ്ങളും ഒരു കുഴപ്പവുമില്ലാതെ തലയെടുപ്പോടെ നിലനില്‍ക്കുമ്പോഴാണ് ഒരു പാലത്തിന്റെ പേരില്‍ മന്ത്രിയെ രാഷ്ട്രീയപ്രേരിതമായി ക്രൂശിക്കുന്നതെന്ന് ഉമ്മന്‍ ചാണ്ടി ചൂണ്ടിക്കാട്ടി.

Back to top button
error: