മഹാരാഷ്ട്രയിൽ ബിജെപിയ്ക്ക് വീണ്ടും എട്ടിന്റെ പണി ,മറ്റൊരു മുതിർന്ന നേതാവ് കൂടി പാർട്ടി വിട്ടു
മഹാരാഷ്ട്രയിൽ ബിജെപിയ്ക്ക് തിരിച്ചടികൾ തുടരുന്നു.മുതിർന്ന നേതാവ് ഏക്നാഥ് ഗഡ്സെയ്ക്ക് പിന്നാലെ മറ്റൊരു മുതിർന്ന നേതാവ് കൂടി പാർട്ടി വിട്ടിരിക്കുകയാണ് .മുൻ കേന്ദ്രമന്ത്രി ജെയ്‌സിങ് റാവു ഗെയ്‌ക്ക്‌വാദ് പാട്ടീൽ ആണ് പാർട്ടി വിട്ടത് .ചൊവ്വാഴ്ച രാവിലെ തന്റെ രാജിക്കത്ത് ജെയ്‌സിങ് റാവു ഗെയ്‌ക്ക്‌വാദ് പാട്ടീൽ സംസ്ഥാന അധ്യക്ഷൻ ചന്ദ്രകാന്ത് പാട്ടീലിനു അയച്ചു കൊടുത്തു .
“പാർട്ടിയ്ക്ക് വേണ്ടി പ്രവർത്തിക്കാൻ തയ്യാറാണ് .എന്നാൽ പാർട്ടി അവസരം നൽകുന്നില്ല .അതുകൊണ്ട് രാജി വെക്കുന്നു .”ജെയ്‌സിങ് റാവു ഗെയ്‌ക്ക്‌വാദ് പാട്ടീൽ വാർത്താ ഏജൻസിയോട് പറഞ്ഞു .പത്ത് വർഷമായി താൻ അവഗണന നേരിടുക ആണെന്നും ജെയ്‌സിങ് റാവു ഗെയ്‌ക്ക്‌വാദ് പാട്ടീൽ കൂട്ടിച്ചേർത്തു .
“എംഎൽഎ ,എംപി തുടങ്ങിയ സ്ഥാനങ്ങൾ ഒന്നും തനിയ്ക്ക് വേണ്ട .പാർട്ടിയിൽ ഉത്തരവാദിത്വം തരാൻ ആണ് ആവശ്യപ്പെട്ടത് .എന്നാൽ പാർട്ടി അതിനു തയ്യാറായില്ല .പാർട്ടിയെ കെട്ടിപ്പടുത്തവരെ ഇപ്പോൾ പാർട്ടിയ്ക്ക് വേണ്ട .”ജെയ്‌സിങ് റാവു ഗെയ്‌ക്ക്‌വാദ് പാട്ടീൽ പറഞ്ഞു .
എന്നാൽ ജെയ്‌സിങ് റാവു ഗെയ്‌ക്ക്‌വാദ് പാട്ടീലിന്റെ ആരോപണങ്ങളോട് പ്രതികരിക്കാൻ ചന്ദ്രകാന്ത് പാട്ടീൽ തയ്യാറായില്ല .ബിജെപിയെ സംബന്ധിച്ച വലിയ പ്രതിസന്ധിയാണ് മഹാരാഷ്ട്രയിൽ ഉണ്ടായിക്കൊണ്ടിരിക്കുന്നത് .മുതിർന്ന നേതാവ് ദേവേന്ദ്ര ഫഡ്നാവിസിൻറെ മേൽകോയ്മ അംഗീകരിക്കാൻ തയ്യാറാകാത്ത നേതാക്കൾ ഒന്നൊന്നായി പാർട്ടിയിൽ നിന്ന് രാജിവെക്കുകയാണ് .ഏക്നാഥ് ഗഡ്സെ പോയത് തന്നെ ബിജെപിയ്ക്ക് കനത്ത തിരിച്ചടിയാണ് .ജെയ്‌സിങ് റാവു ഗെയ്‌ക്ക്‌വാദ് കൂടി പാർട്ടി വിട്ടതോടെ ദേവേന്ദ്ര ഫഡ്നാവിസിന്റെ നേതൃത്വം തന്നെ ചോദ്യം ചെയ്യപ്പെടുകയാണ് .