എം.സി കമറുദ്ദീനും പി.വി അൻവറും… : ഡോ. ആസാദ്
സാമ്പത്തിക തട്ടിപ്പു കേസില്‍ എം.എല്‍.എയെ അറസ്റ്റു ചെയ്യാന്‍ തടസ്സമൊന്നും ഇല്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ തെളിയിച്ചു. സന്തോഷം. അറസ്റ്റിലായ കമറുദ്ദീന്‍ എം.എല്‍.എയാവും മുമ്പ് മറ്റൊരു എം. എല്‍.എയ്ക്കെതിരെ ഉയര്‍ന്ന പരാതി ഇപ്പോഴും നിലനില്‍ക്കുന്നു. കോടതി ഇടപെട്ട കേസില്‍ ചോദ്യം ചെയ്യാന്‍പോലും സംസ്ഥാന പൊലീസ് തയ്യാറല്ല.
ആ എം.എല്‍.എ വിദേശത്തായതിനാല്‍ പറ്റുന്നില്ല എന്നത്രെ അന്വേഷണോദ്യോഗസ്ഥരുടെ വിലാപം.
നിലമ്പൂര്‍ എം.എല്‍. എയായ പി.വി അന്‍വറിനെക്കുറിച്ചാണ് പറയുന്നത്. അദ്ദേഹത്തിനെതിരെ പലവിധ പരാതികളുണ്ട്. സാമ്പത്തിക തട്ടിപ്പുകേസിന്റെ കാര്യമാണ് പറഞ്ഞു വന്നത്.
ഭൂപരിഷ്കരണ നിയമം ലംഘിച്ചു ഭൂമി വാങ്ങിക്കൂട്ടിയെന്ന പരാതിയുമുണ്ട്. പരിസ്ഥിതി നിയമം ലംഘിച്ചു തടയണകള്‍ പണിതതായി കേസുണ്ട്. നിയമം ലംഘിച്ചു നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്ന കേസുണ്ട്.
സര്‍ക്കാര്‍ ഏജന്‍സികളും കോടതികളും നടപടികള്‍ക്കു നിര്‍ദ്ദേശിച്ചിട്ടും അവയൊന്നും നടപ്പാക്കരുതെന്ന തീര്‍പ്പ് സര്‍ക്കാറിന്റെ ഭാഗത്തുനിന്നുണ്ടാവുന്നു. കമറുദ്ദീന് കഴിയാത്തത് അന്‍വറിന് എളുപ്പം സാധിക്കും. അന്‍വറിന് വേണ്ടപ്പെട്ടവര്‍ എല്ലാ പാര്‍ട്ടികളിലുമുണ്ട്. ഉദ്യോഗസ്ഥരിലും മാധ്യമങ്ങളിലുമുണ്ട്. നിയമം ലംഘിക്കുന്ന നിയമസഭാംഗം, പരിസ്ഥിതി തകര്‍ക്കുന്ന പരിസ്ഥിതി സമിതി അംഗം എന്നിങ്ങനെ വിപരീതങ്ങളിലേക്ക് വളരുന്ന വടവൃക്ഷമാണ് അന്‍വര്‍.
കമറുദ്ദീനെതിരെ കേസെടുക്കാന്‍ അല്‍പ്പം താമസിച്ചാണെങ്കിലും ആഭ്യന്തര വകുപ്പിന് സമ്മതം. എന്നാല്‍ അന്‍വറിനെതിരെ കോടതി നിര്‍ദ്ദേശം നടപ്പാക്കാന്‍ റവന്യൂ വകുപ്പിന് വയ്യ… ഭയം.
ഉറക്കെ മുദ്രാവാക്യം വിളിച്ചു പ്രതിഷേധിക്കാന്‍ യു. ഡി.എഫിനും താല്‍പ്പര്യമില്ല. ലീഗിനും കോണ്‍ഗ്രസ്സിനും സി.പി. എമ്മിനും ഒരുപോലെ വേണ്ടപ്പെട്ട ഒരു എം. എല്‍. എ മാത്രമേയുള്ളു. അത് പി. വി അന്‍വറാണ്.
അന്‍വറെ തൊട്ടു പൊള്ളിയ പാര്‍ട്ടി സി.പി. ഐയാണ്. അതൊരു തെരഞ്ഞെടുപ്പിലാണ്. ഏറനാട് മണ്ഡലത്തില്‍ സി.പി.ഐ സ്ഥാനാര്‍ത്ഥിയെ ബഹുദൂരം പിറകിലാക്കി എല്‍.ഡി.എഫിനെ തകര്‍ക്കാന്‍ സി.പി. എമ്മിനെ ഉപയോഗിച്ച കഥ. അതിനാല്‍ സി.പി. ഐ വകുപ്പുകളൊന്നും അന്‍വറിനെ തൊടില്ല. അതിനാല്‍ കമറുദ്ദീനോ അന്‍വറോ കൂടുതല്‍ അപകടകാരി എന്നു ചോദിച്ചാലും സി.പി.ഐ മിണ്ടില്ല.
വല്യേട്ടനോടു ചോദിച്ചു നോക്കൂ എന്നേ പറയൂ. അന്‍വറിന്റെ പരിസ്ഥിതി കയ്യേറ്റവും തടയണ നിര്‍മ്മാണവും ഭൂനിയമ ലംഘനവും വലിയ അപരാധമായി കരുതിയിരുന്നു ഞങ്ങള്‍. എന്നാല്‍ ഇപ്പോള്‍ അതിലും വലിയ തട്ടിപ്പിന്റെയും കൊള്ളയുടെയും കഥകള്‍ കേള്‍ക്കെ, നിശ്ശബ്ദരായിപ്പോവുന്നു. ഭരണ കേന്ദ്രത്തില്‍ സ്വര്‍ണക്കടത്തുകാരെ കണ്ടു നടുങ്ങിപ്പോവുന്നു. എന്തൂട്ട് അന്‍വര്‍! പക്ഷെ, അന്‍വര്‍ കമറുദ്ദീനെ നോക്കി ചിരിക്കാവുന്ന ചിരി ഒരു മാദ്ധ്യമത്തിന്റെയും സഹായമില്ലാതെ ആര്‍ക്കും കാണാവുന്നതേയുള്ളു.