NEWSTRENDING

കമലയുടെ വിജയത്തില്‍ തിരുവാരൂര്‍ ഗ്രാമം

യു.എസില്‍ വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട കമല ഹാരിസിന്റെ വിജയത്തില്‍ ആഘോഷിച്ച് തമിഴ്‌നാട്ടിലെ തിരുവാരൂര്‍ ഗ്രാമത്തിലെ തുളസീന്ദ്രപുരത്തുകാര്‍. യുഎസിനും തമിഴ്‌നാടിനും എന്ത് ബന്ധമെന്നാണെങ്കില്‍ കമല ഹാരിസിന്റെ കാര്യത്തില്‍ ആ ബന്ധം വളരെ വലുതാണ്. കമലയുടെ അമ്മ ശ്യാമള ഗോപാലന്റെ ജന്മദേശമാണ് തിരുവാരൂര്‍.

ഇവിടുത്തെ ജനങ്ങള്‍ വളരെ സന്തോഷത്തിലാണ് വീടുകളില്‍ കോലം വരച്ചും പോസ്റ്റര്‍ പതിച്ചുമൊക്കെയാണ് ഗ്രാമവാസികള്‍ കമലയുടെ വിജയം ആഘോഷിക്കുന്നത്.

കമലക്ക് അഭിനന്ദനം, വണക്കം അമേരിക്ക, പ്രൗഡ് ഓഫ് ഔര്‍ വില്ലേജ് എന്നെല്ലാമാണ് കോലങ്ങളില്‍ എഴുതിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണ വേളയിലും ഗ്രാമത്തില്‍ ആശംസാ പോസ്റ്ററുകള്‍ ഉയരുകയുണ്ടായി. വിജയത്തിന് ശേഷമുള്ള പ്രസംഗത്തിലും കമല ഇന്ത്യയെ ഓര്‍ത്തു. പത്തൊമ്പതാം വയസ്സില്‍ ഇന്ത്യയില്‍ നിന്നും അമേരിക്കയിലേക്ക് വരുമ്പോള്‍ അമ്മ ചിന്തിച്ചിട്ടേയുണ്ടാവില്ല ഇങ്ങനെയൊരു നിമിഷം ഉണ്ടാവുമെന്ന്. എന്നാല്‍ ഇത് സാധ്യമാവുന്ന ഒരു അമേരിക്ക ഉണ്ടാവുമെന്ന് അവര്‍ ഉറച്ച് വിശ്വസിച്ചിരുന്നുവെന്ന് അമ്മ ശ്യാമള ഗോപാലനെക്കുറിച്ച് കമല പറഞ്ഞു.

കുട്ടിയായിരിക്കുമ്പോള്‍ ചെന്നൈയില്‍ വരാറുണ്ടായിരുന്നുവെന്നും മുത്തച്ഛന്റെ പുരോഗമന ചിന്തകള്‍ ഏറെ സ്വാധീനിച്ചിരുന്നുവെന്നും കമല പറയുകയുണ്ടായി. കമലയുടെ അമ്മാവന്‍ ഗോപാലന്‍ ബാലചന്ദ്രനും ഏറെ സന്തോഷത്തിലാണ്. കമലയുടെ സത്യപ്രതിജ്ഞാ ചടങ്ങിനായി അമേരിക്കയിലേക്ക് പോകുമെന്ന് അദ്ദേഹം പറഞ്ഞു. ജനുവരിയിലാവും സത്യപ്രതിജ്ഞാ ചടങ്ങ്.

കമലയുടെ മാതാപിതാക്കളായ ഇന്ത്യക്കാരിയായ ശ്യാമള ഗോപാലനും ജമൈക്കക്കാരനായ ഡോണള്‍ഡ് ഹാരിസും കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റിയില്‍ വെച്ചാണ് കണ്ടുമുട്ടി വിവാഹിതരായത്. 1964ല്‍ കമല ജനിച്ചു. പിന്നീട് വിവാഹബന്ധം വേര്‍പ്പെടുത്തിയതോടെ കമലയും സഹോദരി മായയും അമ്മയ്‌ക്കൊപ്പമായിരുന്നു. തന്നെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ച വ്യക്തിയായിട്ടാണ് കമല അമ്മയെ കാണുന്നത്.

Back to top button
error: