ബംഗാളിൽ കോൺഗ്രസ് സഖ്യത്തിന് പച്ചക്കൊടി കാട്ടിയേക്കും നിർണായക സിപിഐഎം പോളിറ്റ് ബ്യൂറോ യോഗം ഇന്ന്
ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസുമായി സഖ്യമുണ്ടാക്കുന്നത് സംബന്ധിച്ച തീരുമാനം ഇന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ കൈക്കൊണ്ടേക്കും .വിശദ ചർച്ചകൾ കേന്ദ്രകമ്മിറ്റിയിൽ ആണ് നടക്കുക.ഓൺലൈൻ ആയാണ് യോഗം ചേരുന്നത് .
തൃണമൂൽ കോൺഗ്രസ് ,ബിജെപി പാർട്ടികൾ ആണ് ബംഗാളിൽ ഒന്നും രണ്ടും സ്ഥാനത്ത് .കോൺഗ്രസുമായി സഖ്യം ഇല്ലെങ്കിൽ തെരഞ്ഞെടുപ്പ് രംഗത്ത് സിപിഐഎം കൂടുതൽ ദുർബലമാകും എന്ന ആശങ്ക ബംഗാൾ പാർട്ടി ഘടകത്തിനുണ്ട് .സമാനമായ അവസ്ഥയാണ് കോൺഗ്രസും നേരിടുന്നത് .ഈ പശ്ചാത്തലത്തിലാണ് ഇരുകൂട്ടരും ഒന്നിച്ചു തെരഞ്ഞെടുപ്പിനെ നേരിടുക എന്ന ആശയത്തിലേക്ക് ഇരുപാർട്ടികളുടെയും ബംഗാൾ ഘടകങ്ങൾ എത്തിച്ചേർന്നത് .
കേരളത്തിലെ തെരഞ്ഞെടുപ്പ് സംബന്ധിച്ചും ചർച്ചകൾ ഉണ്ടാകും .ജോസ് കെ മാണി പക്ഷം എൽഡിഎഫിൽ എത്തിയത് കേരള ഘടകം റിപ്പോർട്ട് ചെയ്യും .നേരത്തെ തന്നെ പിബി ഇതിനു അംഗീകാരം നൽകിയിരുന്നു .ബീഹാർ തെരഞ്ഞെടുപ്പ് സംബന്ധിച്ച കാര്യങ്ങളും യോഗം ചർച്ച ചെയ്യും .ആർജെഡിയും കോൺഗ്രസും അടങ്ങുന്ന മഹാസഖ്യത്തിന്റെ ഭാഗമാണ് ബിഹാറിൽ സിപിഎം.