തദ്ദേശ തെരഞ്ഞെടുപ്പിൽ സഹകരണം ,നിയമസഭയിൽ ഒരു സീറ്റ് ,പി സി തോമസിനുള്ള യു ഡി എഫ് വാഗ്‌ദാനം ഇങ്ങനെ
പി സി തോമസിനെ യു ഡി എഫിൽ ഉൾപ്പെടുത്താൻ തത്വത്തിൽ ധാരണ .പി സി തോമസും യു ഡി എഫ് നേതൃത്വവും ഇക്കാര്യത്തിൽ അനൗദ്യോഗിക ചർച്ച നടത്തി .ഒരു ഉപാധിയും ഇല്ലാതെ യു ഡി എഫിലേയ്ക്ക് വരണമെന്നാണ് ധാരണ .ഇക്കാര്യം തോമസും സമ്മതിച്ചതായാണ് വിവരം .
ആദ്യ ഘട്ടമെന്ന നിലയ്ക്ക് തദ്ദേശഭരണ തെരഞ്ഞെടുപ്പിൽ സഹകരണം എന്നാണ് ധാരണ .നിയമസഭാ തെരഞ്ഞെടുപ്പിൽ ഒരു സീറ്റ് നൽകും .യു ഡി എഫുമായി സഹകരിക്കുന്നതിന്റെ മുന്നോടിയായി എന്നോണം പി സി തോമസ് എൻ ഡി എയുമായുള്ള അഭിപ്രായ വ്യത്യാസം തുറന്നു പറഞ്ഞു .വാഗ്ദാനം ചെയ്ത ബോർഡ് കോർപറേഷൻ സ്ഥാനങ്ങൾ ഒന്നും നൽകാത്തത് ആണ് പി സി തോമസിനെ ചൊടിപ്പിച്ചത് .എൻ ഡി എ അർഹമായ പരിഗണന നൽകുന്നില്ല എന്നാണ് പി സി തോമസിന്റെ പരാതി .
യുഡിഎഫ് നേതാക്കളെ നേരിൽ കണ്ടില്ലെങ്കിലും ഫോണിലൂടെ പിസി തോമസ് ആശയവിനിമയം നടത്തുന്നുണ്ട് .കേരള കോൺഗ്രസ് എം എൽഡിഎഫിൽ പോയ പശ്ചാത്തലത്തിൽ ആണ് മധ്യകേരളത്തിൽ വേരുകൾ ഉള്ള നേതാക്കളെ യുഡിഎഫ് തേടുന്നത് .ഇതിന്റെ ഭാഗമായി പിസി ജോർജിനെയും യുഡിഎഫിൽ ഉൾപ്പെടുത്തും .യുഡിഎഫ് നേതാക്കളുമായി ചർച്ച നടത്തുന്നുണ്ടെന്ന് സ്ഥിരീകരിച്ച പിസി ജോർജ് യുഡിഎഫുമായി സഹകരിക്കാൻ തീരുമാനിച്ചു എന്ന കാര്യം വ്യക്തമാക്കിയിട്ടുണ്ട് .