പരീക്ഷാ ക്രമക്കേട് സാങ്കേതിക സർവ്വകലാശാല പരീക്ഷ റദ്ദാക്കി
അഞ്ച് കോളേജുകളിൽ നിന്നും പരീക്ഷാ ക്രമക്കേടുകൾ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന്
സാങ്കേതിക സർവ്വകലാശാല ഇന്നലെ നടത്തിയ മൂന്നാം
മെസ്റ്ററിലെ “ലീനിയർ അൾജിബ്ര ആൻഡ് കോംപ്ലക്സ് അനാലിസിസ് “എന്ന
വിഷയത്തിൽ പരീക്ഷ റദ്ദാക്കി.പരീക്ഷ കൺട്രോളർ ഡോ. കെ.ആർ. കിരൺ
സമർപ്പിച്ച പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പ്രൊ വൈസ്
ചാൻസലർ ഡോ.എസ് അയൂബിന്റെ അധ്യക്ഷതയിൽ കൂടിയ
സിൻഡിക്കേറ്റിന്റെ പരീക്ഷാ ഉപസമിതിയുടേതാണ് തീരുമാനം.
ഇന്നലെ നടന്ന പ്രസ്തുത പരീക്ഷയിൽ വിവിധ ജില്ലകളിലെ അഞ്ച് കോളേജുകളിൽ ആണ് സമാനമായ ക്രമക്കേടുകൾ നടന്നത്.
പരീക്ഷാഹാളുകളിലേക്ക് അന്യായമായി കൊണ്ടുവന്ന ഫോൺ
ഉപയോഗിച്ച് ചോദ്യപേപ്പറുകളുടെ ഫോട്ടോ എടുക്കുകയും വിവിധ വാട്സാപ്പ് ഗ്രൂപ്പുകളിലേയ്ക്ക് ഷെയർ ചെയ്തതായും കണ്ടെത്തിയിട്ടുണ്ട്. വിവിധ ചോദ്യങ്ങൾക്കുള്ള ഉത്തരവും ഇതേ ഗ്രൂപ്പിൽ തന്നെ ലഭിച്ചിട്ടുണ്ട്.
കൊവിഡ്
കാലയളവിലെ പരീക്ഷകളിൽ ശാരീരിക അകലം
പാലിക്കണമെന്ന
നിബന്ധനയുടെ മറവിൽ ഇൻവിജിലേറ്റെഴ്സ്സിന്റെ കണ്ണുവെട്ടിച്ചാണ് ആധുനിക
സാങ്കതിക സംവിധാനങ്ങൾ ഉപയോഗിച്ചുള്ള ക്രമക്കേടുകൾ നടത്തിയിട്ടുള്ളത്.ഇത്തരം ക്രമക്കേടുകൾ നടത്തിയ നിരവധി വിദ്യാർത്ഥികളുടെ മൊബൈൽ ഫോണുകളും മറ്റ് ഡിജിറ്റൽ തെളിവുകളും പിടിച്ചെടുത്തിട്ടുണ്ട്.
സംഭവം സംബന്ധിച്ചു വിശദമായ അന്വേഷണം നടത്തി റിപ്പോർട്ടുകൾ
സമർപ്പിക്കുവാൻ പ്രിൻസിപ്പൽമാരോട് നിർദ്ദേശിച്ചിട്ടുണ്ട്, വിവിധ
കോളേജുകളിൽ നടന്ന പരീക്ഷ ക്രമക്കേടുകൾ സംബന്ധിച്ചു ലഭിക്കുന്ന ഈ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ സർവകലാശാല പോലീസ് സൈബർ വിങ്ങിൽ പരാതി നൽകും. പരീക്ഷകളുടെ കൃത്യതയാർന്ന നടത്തിപ്പിനായി സാങ്കേതിക സർവ്വകലാശാലയുടെ അധീനതയിലുള്ള കോളേജുകളിലെ
പിൻസിപ്പൽമാരുടെയും പരീക്ഷാ ചീഫ് സൂപ്രണ്ടുമാരുടെയും
അടിയന്തിരയോഗം ഉടൻ വിളിച്ചു ചേർക്കുമെന്ന് വൈസ് ചാൻസലർ
ജി.പി.എസ്. രാജശീ അറിയിച്ചു.