നയതന്ത്ര ബാഗ് വഴി സ്വര്‍ണം കടത്തിയാല്‍ പിടിക്കപ്പെടില്ലെന്ന് പറഞ്ഞത് സ്വപ്‌ന; സന്ദീപ് നായരുടെ മൊഴി പുറത്ത്
കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തില്‍ പ്രതി സന്ദീപ് നായരുടെ മൊഴി പുറത്ത്.
നയതന്ത്രബാഗ് വഴി സ്വര്‍ണം കടത്തിയാല്‍ ഒരിക്കലും പിടിക്കപ്പെടില്ല എന്ന ബുദ്ധി പറഞ്ഞു തന്നത് സ്വപ്ന സുരേഷ് ആണെന്നാണ് സന്ദീപ് നായര്‍ എന്‍ഫോഴ്സ്മെന്റിന് മൊഴി നല്‍കിയത്. മാത്രമല്ല കോണ്‍സുല്‍ ജനറലിന് ബിസിനസ്സിനും വീട് വെയ്ക്കാനും പണം വേണമെന്ന് സ്വപ്ന പറഞ്ഞെന്നും സന്ദീപിന്റെ മൊഴിയില്‍ പറയുന്നു.
കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തില്‍ സ്വര്‍ണം കൊണ്ടുവരാന്‍ കഴിയുമോ എന്ന് ചോദിച്ച് തന്നെ സമീപിക്കുന്നത് കെ ടി റമീസാണ്. അത്തരം സാധ്യത ആലോചിച്ച് താന്‍ ആദ്യം ബന്ധപ്പെട്ട് ഈ കേസിലെ തന്നെ പ്രതിയായ സരിത്തുമായാണ്. എന്നാല്‍ ഗ്രീന്‍ ചാനല്‍ വഴി സ്വര്‍ണം കൊണ്ടുവരാന്‍ ഒരു കാരണവശാലും കഴിയില്ല എന്ന് സരിത്ത് ഉറപ്പിച്ചുപറഞ്ഞുവെന്നും അതിന് ശേഷമാണ് സ്വപ്നയുമായി ബന്ധപ്പെട്ടതില്‍ നിന്ന് സ്വപ്‌നയാണ് നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കായി നിത്യേന സാധനങ്ങള്‍ വരുന്നുണ്ടെന്നും അത് വഴി സ്വര്‍ണം കൊണ്ടുവന്നാല്‍ പരിശോധനയുണ്ടാകില്ലെന്നും പറഞ്ഞതെന്നും സന്ദീപ് മൊഴിയില്‍ വ്യക്തമാക്കുന്നു.
ഇത്തരത്തില്‍ സ്വര്‍ണം കടത്താമെന്ന് തീരുമാനമായപ്പോള്‍ കിലോയ്ക്ക് 45,000 രൂപ എന്നതായിരുന്നു റമീസ് ഓഫര്‍ ചെയ്ത തുക. എന്നാല്‍ കോണ്‍സുല്‍ ജനറല്‍ കൂടി അറിഞ്ഞുകൊണ്ടുള്ള കടത്താണിതെന്നും അദ്ദേഹത്തിന് പണം നല്‍കണമെന്നും സ്വപ്ന ആവശ്യപ്പെട്ടു. ഒരു കിലോ സ്വര്‍ണത്തിന് 1000 യുഎസ് ഡോളര്‍ എന്നതായിരുന്നു സ്വപ്ന ആവശ്യപ്പെട്ട തുക.
കോണ്‍സുല്‍ ജനറല്‍ ഡിസംബറില്‍ നാട്ടിലേക്ക് മടങ്ങുമെന്നും സ്വപ്ന പറഞ്ഞുവെന്നും സന്ദീപിന്റെ മൊഴിയിലുണ്ട്. രണ്ട് തവണ സ്വര്‍ണക്കടത്തിന് ട്രയല്‍ നടത്തിയിട്ടുണ്ടെന്ന് സന്ദീപ് മൊഴി നല്‍കുന്നു. കുറഞ്ഞത് പത്ത് കിലോ ഓരോ തവണയും അയക്കാന്‍ സ്വപ്ന നിര്‍ദേശിച്ചുവെന്നും സന്ദീപ് പറയുന്നു. ഏതായാലും സന്ദീപിന്റെ ഈ മൊഴി കേസിന് വളരെ നിര്‍ണായകമാണ്.