പ്രാര്‍ത്ഥന ഇനി ബോളിവുഡിലേക്ക്
ഇന്ദ്രജിത്ത് സുകുമാരന്‍ പൂര്‍ണിമ ഇന്ദ്രജിത്ത് എന്നിവരുടെ മൂത്തമകളാണ് പാത്തു എന്ന് വിളിക്കുന്ന പ്രാര്‍ത്ഥന ഇന്ദ്രജിത്ത്. അച്ഛനും അമ്മയ്ക്കും അഭിനയിത്തിലാണ് പ്രിയമെങ്കില്‍ മകള്‍ക്ക് സംഗീതത്തോടാണ് പ്രിയം.
മോഹന്‍ലാല്‍ എന്ന ചിത്രത്തില്‍ ‘ലാലേട്ടാ ലാ ലാ ലാ’ എന്ന ഗാനം പാടിയാണ് പ്രാര്‍ത്ഥന മലയാള പിന്നണിഗാനരംഗത്തേക്ക് കടന്നു വന്നത്. ആദ്യ ഗാനം തന്നെ സൂപ്പര്‍ ഹിറ്റായിരുന്നു. പിന്നീട് കുട്ടന്‍ പിള്ളയുടെ ശിവരാത്രി, ഹെലന്‍ തുടങ്ങിയ ചിത്രങ്ങളിലും പ്രാര്‍ത്ഥന പിന്നണിയില്‍ സ്വരമായി. ഇപ്പോഴിതാ പ്രാര്‍ത്ഥന ആദ്യമായി ബോളിവുഡ് പിന്നണി ഗാനരംഗത്തേക്കും അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്നു എന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്.
സോളോ എന്ന സിനിമയ്ക്കു ശേഷം ബിജോയ് നമ്പ്യാര്‍ ചെയ്യുന്ന തായിഷ് എന്ന ചിത്രത്തിലൂടെയാണ് പ്രാര്‍ത്ഥനയുടെ ബോളിവുഡ് അരങ്ങേറ്റം. തെന്നിന്ത്യന്‍ യുവസംഗീതസംവിധായകരില്‍ ശ്രദ്ധേയനായ ഗോവിന്ദ് വസന്തയുടെ ഈണത്തില്‍ ഒരു മെലഡിയാണ് പ്രാര്‍ത്ഥന പാടിയിരിക്കുന്നത്. ‘രേ ബാവ്‌രേ’ എന്ന ഗാനം ഗോവിന്ദ് വസന്തയ്‌ക്കൊപ്പമുള്ള ഡ്യൂവറ്റ് ആയാണ് സിനിമയിലെത്തുന്നത്. ഹുസൈന്‍ ഹൈദ്രിയുടെതാണ് വരികള്‍. സീ5 സ്റ്റുഡിയോ ആണ് ചിത്രം നിര്‍മിക്കുന്നത്.
മികച്ച പ്രതികരണമാണ് പാട്ടിന് ലഭിക്കുന്നത്. ‘എത്ര ഭംഗിയുള്ള പാട്ടാണ് പാത്തൂ’ എന്നായിരുന്നു പൃഥ്വിരാജിന്റെ പ്രതികരണം. മകളുടെ ബോളിവുഡ് അരങ്ങേറ്റത്തിലുള്ള സന്തോഷം ഇന്ദ്രജിത്തും പൂര്‍ണിമയും ആരാധകരുമായി പങ്കിട്ടു.