NEWS

മുത്തയ്യ മുരളീധരനാകാന്‍ ഇനി വിജയ് സേതുപതിയില്ല

ശ്രീലങ്കന്‍ ക്രിക്കറ്റ് താരം മുത്തയ്യ മുരളീധരന്റെ ജീവിതകഥ പ്രമേയമാക്കിയുളള 800 ന്ന ചിത്രത്തില്‍ നിന്ന് നടന്‍ വിജയ് സേതുപതി പിന്‍മാറി. ഈ സിനിമയ്ക്കും താരത്തിനും എതിരെ തമിഴ്‌നാട്ടില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നതിനെത്തുടര്‍ന്നാണു നടപടി.

ശ്രീലങ്കയിലെ തമിഴ് കൂട്ടക്കൊലയെ മുരളീധരന്‍ ന്യായീകരിച്ചുവെന്നും മഹിന്ദ രജപക്ഷയ്ക്കു അനുകൂല നിലപാടെടുത്തുവെന്നും ആരോപിച്ചായിരുന്നു വിജയ് സേതുപതിക്കെതിരായ പ്രതിഷേധം. ഭാവിയെ ബാധിക്കുമെന്നതിനാല്‍ ചിത്രത്തില്‍ നിന്നു പിന്മാറാന്‍ മുരളീധരന്‍, വിജയ് സേതുപതിയോട് അഭ്യര്‍ഥിച്ചതിനു പിന്നാലെയാണു താരത്തിന്റെ തീരുമാനം.

ചിത്രത്തിന്റെ മോഷന്‍ പിക്ച്ചറും ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തുവന്നു തൊട്ടുപിറകെ സമൂഹമാധ്യമങ്ങളിലാണ് പ്രതിഷേധത്തിനു തുടക്കം കുറിക്കുന്നത്. അന്ന് മുതല്‍ തുടങ്ങിയ പ്രതിഷേധങ്ങളും പ്രചാരണവുമാണ് താരത്തിന്റെ പിന്‍മാറ്റത്തിലേക്ക് നയിച്ചത്.

അതേസമയം,ശ്രീലങ്കന്‍ ഭരണാധികാരികളുമായി അടുപ്പമുള്ളരുടെ ബിനാമികളാണ് നിര്‍മാതാക്കളെന്നും സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. എന്നാല്‍ നിര്‍മാതാക്കളായ ദാര്‍ മോഷന്‍സ് പറയുന്നത് ചിത്രം പൂര്‍ണമായിട്ടും സ്‌പോര്‍ട്‌സ് ബയോപിക്കാണെന്നാണ്. അനാഥനായി വളര്‍ന്ന ഒരു ബാലന്‍ ലോകത്ത് ഏറ്റവും വിക്കറ്റെടുത്ത ക്രിക്കറ്റായി വളര്‍ന്ന കഥയാണ് പറയുന്നത്. സിനിമയില്‍ ഒരിടത്തും ശ്രീലങ്കയിലെ തമിഴ് സിംഹള പ്രശ്‌നങ്ങളോ പോരാട്ടങ്ങളോ പറയുന്നില്ല. രാഷ്ട്രീയവുമില്ലെന്നും പറയുന്നു.

എം എസ് ത്രിപതിസംവിധാനം ചെയ്യുന്ന ചിത്രം തെലുഗു താരം റാണ ദഗ്ഗുബാട്ടിയുടെ സുരേഷ് പ്രൊഡക്ഷന്‍സും ധാര്‍ മോഷന്‍ പിക്ചേഴ്സും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. സാം സി എസ് ആണ് സംഗീതം നിര്‍വ്വഹിക്കുന്നത്.

തമിഴിനു പുറമെ ചിത്രം മറ്റു ഭാഷകളിലും റിലീസ് ചെയ്യും. ഇന്ത്യ, ഇംഗ്ലണ്ട്, ശ്രീലങ്ക എന്നിവിടങ്ങളിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പ്ലാന്‍ ചെയ്തിരിക്കുന്നത്.
വിജയ് സേതുപതി പിന്‍മാറിയതോടെ ചിത്രം തന്നെ പിന്‍വലിക്കുമോ അതോ മറ്റൊരാളെ കണ്ടെത്തുമോ എന്ന് ഉറ്റുനോക്കുകയാണ് പ്രേക്ഷകര്‍.

Back to top button
error: