NEWSTOP 10

മെഡിക്കൽ കോളേജിൽ മൂന്ന് അത്യന്താധുനിക ചികിത്സാ ഉപകരണങ്ങൾ ഇന്ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിലെ റേഡിയോ ഡയഗ്നോസ്റ്റിക്സ് വിഭാഗത്തിൽ മുന്ന് അത്യന്താധുനിക ചികിത്സാ ഉപകരണങ്ങൾ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഡിജിറ്റൽ സബ്ട്രാക്ഷൻ ആൻജിയോഗ്രാഫി, ഡിജിറ്റല്‍ ഫ്ളൂറോസ്കോപ്പി മെഷീന്‍, ഡിജിറ്റൽ മാമോഗ്രാഫി മെഷീൻ എന്നിവയുടെ ഉദ്ഘാടനമാണ് ചൊവ്വാഴ്ച മുഖ്യമന്ത്രി നിർവഹിക്കുന്നത്.  ആരോഗ്യ വകുപ്പു മന്ത്രി കെ കെ ശൈലജ ടീച്ചർ മുൻകൈയെടുത്താണ്  ആറു കോടി രൂപ ചെലവഴിച്ച്  ഡിജിറ്റൽ സബ്ട്രാക്ഷൻ ആൻജിയോഗ്രാഫി അഥവാ ഡി എസ് എ മെഷീനും 65 ലക്ഷം രൂപ വിനിയോഗിച്ച്  ഡിജിറ്റൽ ഫ്ലൂറോസ്കോപ്പി മെഷിനുമാണ് സ്ഥാപിച്ചത്.

റോട്ടറി ക്ലബ് ട്രിവാൻഡ്രം കവടിയാറും റോട്ടറി ഡിസ്ട്രിക്ട് 3211 എന്നിവർ ചേർന്ന് സംഭാവന ചെയ്തതാണ് ഒരു കോടി രൂപ വിലവരുന്ന ഡിജിറ്റൽ മാമോഗ്രാഫി മെഷീൻ. 

അത്യാധുനികരീതിയില്‍ ശരീരത്തിലെ രക്തക്കുഴലുകള്‍ വഴി മാരകരോഗങ്ങള്‍ ചികിത്സിക്കാനുള്ള സംവിധാനമാണ് ഡി എസ് എ മെഷീനിലുള്ളത്. സംസ്ഥാനത്തെ തെക്കന്‍ജില്ലകളിലെ നിര്‍ധനരോഗികള്‍ക്ക് ഏറെ ആശ്വാസകരമായ ഈ ഉപകരണം സര്‍ക്കാര്‍ മേഖലയിലെ ആശുപത്രികളില്‍ വിരളമാണ്. പക്ഷാഘാതം, തലച്ചോറിലെ രക്തസ്രാവം, വയറിലും അന്നനാളത്തിലുമുണ്ടാകുന്ന അധികരിച്ച അര്‍ബുദരോഗം, മഞ്ഞപ്പിത്തം, രക്തക്കുഴലുകളിലുണ്ടാകുന്ന തടസം ഇങ്ങനെ നിരവധി രോഗങ്ങളുടെ ചികിത്സയ്ക്ക് ഈ ഉപകരണം ഉപയോഗിക്കാവുന്നതാണ്. ഇത്തരം രോഗങ്ങള്‍ക്ക് മേജര്‍ ശസ്ത്രക്രിയ വേണ്ടിടത്ത് ഡി എസ് എ മെഷീന്‍ ഉപയോഗിച്ച് ശരീരത്തിന്‍റെ അരഭാഗത്ത് ചെറിയ മുറിവുണ്ടാക്കി അതില്‍ക്കൂടി കുഴല്‍ കടത്തിയാണ് മരുന്നുകള്‍ നല്‍കുന്നതും ചികിത്സിക്കുന്നതും. അതുകൊണ്ടുതന്നെ ദീര്‍ഘനാളത്തെ അശുപത്രിവാസം ഒഴിവാക്കാനാകും.  ആശുപത്രി വികസന സമിതി ഡി എസ് എയുടെ പ്രവര്‍ത്തനത്തിനായി രണ്ട് ടെക്നീഷ്യന്മാരെ നിയമിക്കുകയും അഞ്ചുലക്ഷത്തോളം രൂപ ചെലവഴിച്ച് അനുബന്ധ ഉപകരണങ്ങള്‍ വാങ്ങി നല്‍കുകയും ചെയ്തിട്ടുണ്ട്. 

എക്സ് റെ ഉപയോഗിച്ച് ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനം തല്‍സമയം കാണുന്നതിനുള്ള സംവിധാനമാണ് ഡിജിറ്റല്‍ ഫ്ളൂറോസ്കോപ്പി. ഈ സംവിധാനത്തെ ഡിജിറ്റലൈസേഷന്‍ വഴി നവീകരിച്ച്  കാണുന്നതിനായി ഡിജിറ്റൽ ഫ്ലൂറോസ്കോപ്പി മെഷീന്‍ ഉപയോഗിക്കുന്നു. സാധാരണ എക്സ് റെ വച്ചു നടത്തുന്ന ബേരിയം പരിശോധനകള്‍, ഐവിപി സ്റ്റഡി എന്നിവ യഥാസമയം കാണാന്‍ ഈ ഉപകരണത്തിലൂടെ സാധിക്കും. റേഡിയോളജിസ്റ്റ് നേരിട്ട് ചെയ്യുന്ന ഈ പരിശോധനകള്‍ക്ക് ആവശ്യമെങ്കില്‍ മാത്രം ഫിലിം ആക്കിയാല്‍ മതി. അതുകൊണ്ടുതന്നെ ഫിലിമിന്‍റെ ചെലവ് കുറഞ്ഞിരിക്കും.

സ്തനാർബുദ രോഗികളുടെ എണ്ണം വർധിച്ചു വരുന്ന സാഹചര്യത്തിലാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിന് ഒരു കോടി രൂപ ചെലവഴിച്ച് ഡിജിറ്റൽ മാമോഗ്രാം മെഷീൻ വാങ്ങി നൽകാൻ റോട്ടറി ക്ലബ് ട്രിവാൻഡ്രം കവടിയാർ,  റോട്ടറി ഡിസ്ട്രിക്ട് 3211 എന്നിവർക്ക് പ്രേരണയായത്. സ്ക്രീനിംഗ് മാമോഗ്രാമിന് കാലതാമസമുണ്ടാകുന്ന സാഹചര്യത്തിലാണ് അത്യാധുനിക ഡിജിറ്റൽ മാമോഗ്രാം മെഷീൻ്റെ പ്രസക്തിയേറുന്നത്. സ്വകാര്യ മേഖലയിൽ സ്തനാർബുദ പരിശോധനയ്ക്ക് 3500 രൂപയിലധികം ചെലവുവരും. ഈ ഉപകരണം മെഡിക്കൽ കോളേജ് ആശുപത്രിയ്ക്ക് സ്വന്തമാകുന്നതോടെ സൗജന്യ നിരക്കിൽ പരിശോധനകൾ നടത്താമെന്നത് സാധാരണക്കാർക്ക് ആശ്വാസമേകും.

ചൊവ്വാഴ്ച രാവിലെ പത്തിന് വെര്‍ച്വല്‍ പ്ലാറ്റ്ഫോമിലൂടെ ഉദ്ഘാടനച്ചടങ്ങില്‍ ആരോഗ്യവകുപ്പുമന്ത്രി കെ കെ ശൈലജടീച്ചര്‍ അധ്യക്ഷത വഹിക്കും. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ മുഖ്യാതിഥിയാകും. ഡോ ശശി തരൂർ എം പി, മേയർ കെ ശ്രീകുമാർ എന്നിവർ പങ്കെടുക്കും

ചിത്രം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചൊവ്വാഴ്ച മുഖ്യമന്ത്രി  ഉദ്ഘാടനം ചെയ്യുന്ന ചികിത്സാ ഉപകരണങ്ങൾ

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button