ലക്ഷ്മി പ്രമോദിനെ ഉടന്‍ ചോദ്യം ചെയ്യില്ല,അന്വേഷണ സംഘത്തിനെതിരെ കോടതിയെ സമീപിക്കാന്‍ നീക്കം
കൊല്ലം കൊട്ടിയത്ത് വിവാഹത്തില്‍ നിന്നും പ്രതിശ്രുത വരന്‍ പിന്മാറിയതിനെ തുടര്‍ന്ന് പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സീരിയല്‍ നടി ലക്ഷ്മി പ്രമോദിനെ ഉടന്‍ ചോദ്യം ചെയ്യില്ല. ഇവരുടെ മുന്‍കൂര്‍ ജാമ്യത്തിനെതിരെ ഹൈക്കോടതിയില്‍ നല്‍കിയിരുന്ന അപേക്ഷയില്‍ വിധി വന്ന ശേഷം മാത്രം മതി തുടര്‍ നടപടികള്‍ എന്നാണ് ക്രൈംബ്രാഞ്ചിനു ലഭിച്ചിരിക്കുന്ന നിയമോപദേശം. എന്നാല്‍ അന്വേഷണ സംഘത്തിനെതിരെ കോടതിയെ സമീപിക്കാനാണ് ലക്ഷ്മിയുടേയും കുടുംബത്തിന്റെയും തീരുമാനം.
കേസില്‍ നടി ലക്ഷ്മി പ്രമോദിനും ഭര്‍ത്താവിനും ഇയാളുടെ അമ്മയ്ക്കും കഴിഞ്ഞ ദിവസം കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍ അതിലൊന്ന് അന്വേഷണ സംഘത്തിനു മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നായിരുന്നു. ഇതുപ്രകാരം ലക്ഷ്മിയും ഭര്‍ത്താവ് അസറുദ്ദീനും കൊല്ലത്തെ ക്രൈംബ്രാഞ്ച് ഓഫിസില്‍ എത്തിയെങ്കിലും അന്വേഷണ ഉദ്യോഗസ്ഥര്‍ ഇല്ലാത്തതിനാല്‍ മടങ്ങിപ്പോവുകയായിരുന്നു. ഇത് കോടതി ഉത്തരവിനെതിരാണെന്ന് പ്രതിഭാഗം അഭിഭാഷകര്‍ ആരോപിച്ചു. പ്രതികളെ മൂന്നുമണിക്കൂര്‍ മാത്രമേ ചോദ്യം ചെയ്യാവൂ എന്ന ഉത്തരവിനെതിരെ ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഇതില്‍ വിധി വന്നശേഷം മതി തുടര്‍ നടപടികള്‍ എന്നാണ് തീരുമാനം.
കഴിഞ്ഞ മാസം മൂന്നാം തിയതിയാണ് കൊട്ടിയം സ്വദേശി 24 വയസുകാരി റംസി 10 വര്‍ഷം നീണ്ടുനിന്ന പ്രണയത്തിനു ശേഷം കാമുകന്‍ ഹാരിസ് ഉപേക്ഷിച്ചതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്തത് . ലക്ഷ്മിയും ആത്മഹത്യ ചെയ്ത റംസിയും തമ്മിലുള്ള ടിക്ടോക് വിഡിയോകള്‍ പുറത്ത് വന്നിരുന്നു .റംസിയുമായി നല്ല അടുപ്പത്തിലുമായിരുന്നു ലക്ഷ്മി പ്രമോദ് .
ഇവര്‍ തമ്മിലുള്ള ആശയ വിനിമയം നിര്‍ണായക തെളിവ് ആണെന്നും നടിയെ പ്രതി ചേര്‍ത്തേക്കുമെന്നും പോലീസ് സൂചന നല്‍കിയിരുന്നു .നടിയും കുടുംബത്തിലെ മറ്റുള്ളവരും ഒളിവില്‍ ആണെന്നാണ് റിപ്പോര്‍ട്ട് .ലക്ഷ്മിയെയും ഭര്‍ത്താവിനെയും പോലീസ് നേരത്തെ ചോദ്യം ചെയ്തിരുന്നു .ഇവരുടെ ഫോണുകളും പിടിച്ചെടുത്തിരുന്നു .
ലക്ഷ്മിയുടെ ഭര്‍തൃ സഹോദരന്‍ ഹാരിസ് വഞ്ചിച്ചതിനെ തുടര്‍ന്നാണ് റംസി എന്ന ഇരുപത്തിനാലുകാരി ആത്മഹത്യ ചെയ്തത്. 10 വര്‍ഷം നീണ്ട പ്രണയത്തിനു ശേഷം റംസിയെ ഉപേക്ഷിച്ച് വേറെ വിവാഹത്തിന് ഒരുങ്ങുക ആയിരുന്നു ഹാരിസ്. ഹാരിസ് റംസിയെ ഗര്‍ഭിണിയും ആക്കിയിരുന്നു. ലക്ഷ്മി സീരിയല്‍ സെറ്റുകളില്‍ റംസിയെ കൊണ്ടുവന്നിരുന്നു. ഈ അവസരം ഹാരിസ് ഉപയോഗിച്ചിരുന്നു എന്നാണ് മാതാപിതാക്കളുടെ ആരോപണം.
റംസിയുടെ ഗര്‍ഭം അലസിപ്പിക്കാന്‍ ലക്ഷ്മി മുന്‍കൈ എടുത്തു എന്ന ആരോപണവും റംസിയുടെ കുടുംബം ആരോപിക്കുന്നുണ്ട്. ഈ പശ്ചാത്തലത്തില്‍ ലക്ഷ്മിയെ കേസില്‍ പ്രതി ആക്കണം എന്നാണ് കുടുംബത്തിന്റെ ആവശ്യം. ജനരോഷം സീരിയല്‍ റേറ്റിംഗിനെ ബാധിക്കുമോ എന്ന ഭയത്തെ തുടര്‍ന്ന് അണിയറ പ്രവര്‍ത്തകര്‍ രണ്ട് സീരിയലുകളില്‍ അഭിനയിച്ചിരുന്ന ലക്ഷ്മിയെ ഒഴിവാക്കി.