അവര്‍ ഉച്ചത്തില്‍ പ്രതികരിക്കട്ടെ , അവരുടെ ശബ്ദമാണ് അവരുടെ ഭാവി: ഇന്ന് ബാലികാദിനം
ലോകജനസംഖ്യയുടെ നാലിലൊരു ഭാഗം പെണ്‍കുട്ടികളാണ്. ഇവരാണ് മനുഷ്യ സമൂഹത്തിന്റെ വര്‍ത്തമാനത്തേയും ഭാവിയേയും രൂപപ്പെടുത്തുന്നതില്‍ നിര്‍ണായകഘടകം. അതിനാലാവണം ഇന്ന് അവര്‍ക്കായൊരു ദിനം പിറന്നത്.
2011ലാണ് ഐക്യരാഷ്ട്രസഭ പെണ്‍കുട്ടികളുടെ ദിനമായി ഒക്ടോബര്‍ 11 തിരഞ്ഞെടുത്തത് . 2012ല്‍ ആദ്യ ദിനം ആഘോഷിച്ചു. ശിശുവിവാഹം അവസാനിപ്പിക്കുക എന്നതായിരുന്നു ആ ദിവസത്തെ മുദ്രാവാക്യം. ‘കുമാരിമാരുടെ ശാക്തീകരണം, ലക്ഷ്യം2030’ എന്ന 2015ലെ മുദ്രാവാക്യം തന്നെയാണ് ഇക്കൊല്ലത്തെയും മുദ്രാവാക്യമായി തിരഞ്ഞെടുത്തിരിക്കുന്നത്. ഭാരതത്തില്‍ എല്ലാ വര്‍ഷവും ജനവരി 24 പെണ്‍കുട്ടികള്‍ക്കായുള്ള ദേശീയ ദിനമായി ആചരിച്ചുവരുന്നു.
പെണ്‍കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുക, അവര്‍ക്കെതിരായ അക്രമങ്ങള്‍ അവസാനിപ്പിക്കുക, പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കുന്നവര്‍ക്ക് ബോധവത്ക്കരണം നടത്തുക എന്നിവയൊക്കെയാണ് അന്താരാഷ്ട്ര ബാലിക ദിനം ആചരിക്കുന്നതിലൂടെ ലക്ഷ്യമിടുന്നതും.
എന്നിരുന്നാലും ഇപ്പോഴും അവകാശങ്ങള്‍ക്കായി പോരാടുന്ന ഒരുകൂട്ടം പെണ്‍കുരുന്നുകള്‍ സമൂഹത്തിലുണ്ട്. ദിവസം 39,000 ശിശു വിവാഹങ്ങളാണ് ലോകത്ത് നടക്കുന്നത്. ലോകാരോഗ്യസംഘടനയുടെ കണക്കുപ്രകാരം വികസ്വര രാജ്യങ്ങളിലെ 15നും 19നും ഇടയ്ക്കു പ്രായമുള്ള പെണ്‍കുട്ടികളുടെ മരണത്തിനുള്ള പ്രധാന കാരണം ചെറുപ്രായത്തിലുള്ള ഗര്‍ഭധാരണവും പ്രസവവുമാണ്. ലോകത്ത് ബാലവേശ്യാവൃത്തിയില്‍ ഇന്ത്യയാണ് ഏറ്റവും മുന്നില്‍.
ദശലക്ഷക്കണക്കിന് കാണാതായ കൗമാരക്കാരുടെ പട്ടികയിലും ഒന്നാമത് ഇന്ത്യയില്‍ നിന്നുള്ള പെണ്‍കുട്ടികളാണ്. പെണ്‍ഭ്രൂണഹത്യയില്‍ മാത്രം പ്രതിവര്‍ഷം ഒരുലക്ഷത്തോളം പെണ്‍കുഞ്ഞുങ്ങളാണ് പ്രസവത്തിന് മുന്‍പായി ഗര്‍ഭത്തില്‍ വച്ചു തന്നെ കൊല ചെയ്യപ്പെടുന്നത്.
ലോകമാകെ നടക്കുന്ന ലൈംഗികാതിക്രമങ്ങളില്‍ 50% വും പതിനഞ്ചോ അതില്‍ താഴെയോ പ്രായമുള്ള പെണ്‍കുട്ടികളുടെ നേര്‍ക്കാണ്. പത്തിലൊരാള്‍ എന്ന കണക്കില്‍ പെണ്‍കുട്ടികള്‍ ലൈംഗികാതിക്രമത്തിന്റെ ഇരകളാണ്.
ലോകത്ത് കൗമാരക്കാരായ പെണ്‍കുട്ടികള്‍ ഏറ്റവുമധികമുള്ള രാജ്യമാണ് ഇന്ത്യ. ഇവരുടെ കഴിവുകളെ കൃത്യമായി വിനിയോഗിക്കാനോ പരിപൂര്‍ണമായി ആത്മവിശ്വാസമുള്ള പൗരന്മാരാക്കി മാറ്റുന്നതിനോ ഇന്ത്യന്‍ സമൂഹത്തിനു ഇനിയും കഴിഞ്ഞിട്ടില്ല. പെണ്‍കുട്ടികള്‍ക്ക്വേണ്ടി അവര്‍ തന്നെ ശബ്ദം ഉയര്‍ത്തേണ്ട ഗതികേടാണിന്ന് നിലനില്‍ക്കുന്നത്. തന്റെ ഇടം കണ്ടെത്തി തന്റേടികളാവുക അവകാശങ്ങള്‍ക്ക് വേണ്ടി പോരാടുക, വിദ്യാഭ്യാസത്തിനും തൊഴിലിനും മറ്റെന്തിനേക്കാളും പ്രധാന്യം നല്‍കുക, ശബ്ദം ഉയര്‍ത്തുക.
പെണ്‍കുട്ടികളെ അടക്കിയൊതുക്കി വെക്കേണ്ടൊരു വസ്തുവല്ല മറിച്ച് അവരെ പ്രതികരിക്കാന്‍ പഠിപ്പിക്കുവിന്‍, അവര്‍ പ്രതികരിക്കട്ടെ ഉറക്കെ ഉറക്കെ ശബ്ദം ഉണ്ടാക്കട്ടെ കാരണം അവരുടെ ശബ്ദമാണ് അവരുടെ ഭാവി.