NEWS

അധികാര കേന്ദ്രീകരണം :എതിർപ്പുയർത്തി മന്ത്രിമാർ

തിരുവനന്തപുരം: മുഖ്യമന്ത്രിക്കും വകുപ്പുസെക്രട്ടറിമാര്‍ക്കും കൂടുതല്‍ അധികാരം നല്‍കുന്ന റൂള്‍സ് ഓഫ് ബിസിനസ് ഭേദഗതിയില്‍ മന്ത്രിമാരായ ഇ. ചന്ദ്രശേഖരനും കെ. കൃഷ്ണന്‍കുട്ടിക്കും എതിര്‍പ്പ്. മന്ത്രിമാരുടെ അധികാരം ലഘൂകരിക്കുന്നതാണ് ഭേദഗതിയെന്ന വിമര്‍ശനം ഇരുവരും ഉയര്‍ത്തിയതായാണ് അറിയുന്നത്. ഭേദഗതിയുമായി ബന്ധപ്പെട്ട കരട് റിപ്പോര്‍ട്ട് ചര്‍ച്ചചെയ്യാന്‍ ചേര്‍ന്ന മന്ത്രിസഭാ ഉപസമിതി യോഗത്തില്‍ മന്ത്രിമാരായ ചന്ദ്രശേഖരനും കൃഷ്ണന്‍കുട്ടിയും തങ്ങളുടെ എതിര്‍പ്പ് പരസ്യപ്പെടുത്തിയതായും അറിയുന്നു. 15 വര്‍ഷത്തിന് ശേഷമാണ് റൂള്‍സ് ഓഫ് ബിസിനസ് ഭേദഗതി ചെയ്യാന്‍ സര്‍ക്കാര്‍ ഒരുക്കം തുടങ്ങിയത്. ഒരു വര്‍ഷം മുമ്പ് ഇതിനുള്ള ശക്തമായ ശ്രമങ്ങള്‍ ആരംഭിച്ചു.
വകുപ്പ് സെക്രട്ടറിമാര്‍ക്ക് കൂടുതല്‍ അധികാരം നല്‍കുന്നുവെന്നതാണ് പ്രധാന മാറ്റം. മന്ത്രിമാര്‍ അവധിയിലോ വിദേശത്തേക്കോ മറ്റോ പോകുമ്പോള്‍ മറ്റാര്‍ക്കെങ്കിലും ചുമതല കൊടുക്കണമെങ്കില്‍ അതിനുള്ള അന്തിമ അധികാരം നിലവില്‍ ഗവര്‍ണര്‍മാര്‍ക്കാണ്. എന്നാല്‍ അത് മാറ്റി മുഖ്യമന്ത്രിക്ക് അധികാരം നല്‍കുന്നതാണ് പ്രധാനപ്പെട്ട ഭേദഗതി. നിലവിലെ വ്യവസ്ഥ പ്രകാരം ഒരു വകുപ്പിന്റെ ചുമതല ആ വകുപ്പിന്റെ മന്ത്രിക്കാണ്. മന്ത്രിക്കൊപ്പം പ്രാഥമിക ചുമതലയിലേക്ക് വകുപ്പുസെക്രട്ടറിയെ കൂടി ഉള്‍പ്പെടുത്താനാണ് പുതിയ ശുപാര്‍ശ. വകുപ്പുമന്ത്രി മുഖേനയാണ് നിലവില്‍ ഫയലുകള്‍ മുഖ്യമന്ത്രി വിളിച്ചു വരുത്തുക. പുതിയ ശുപാര്‍ശയില്‍ മുഖ്യമന്ത്രിക്ക് സ്വന്തം ഇഷ്ടപ്രകാരം ഏത് വകുപ്പിലെയും ഫയലും വിളിച്ചുവരുത്തി തീരുമാനമെടുക്കാം. പുതിയ ഭേദഗതി നീക്കത്തോട് കൂടുതല്‍ മന്ത്രിമാര്‍ എതിര്‍പ്പുമായി രംഗത്തുവരുമെന്നാണ് കരുതുന്നത്.

Back to top button
error: