
എറണാകുളത്ത് റിയൽ എസ്റ്റേറ്റ് കച്ചവടത്തിന്റെ മറവിൽ കള്ളപ്പണം കൈമാറാൻ ശ്രമിക്കുന്നു എന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ റെയ്ഡ് നടത്തിയത് .88 ലക്ഷം രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു .റിയൽ എസ്റ്റേറ്റ് ബ്രോക്കർ അടക്കം രണ്ടു പേരെ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ പിടികൂടുകയും ചെയ്തു .
തുക കൈമാറുന്നതിനിടെ ആയിരുന്നു ആദായനികുതി വകുപ്പ് അധികൃതർ സ്ഥലത്തെത്തിയത് .വ്യാഴാഴ്ച ഉച്ചക്കുശേഷം ഇടപ്പള്ളി അഞ്ചുമന ദേവി ക്ഷേത്രത്തിനടുത്ത് വച്ചാണ് സംഭവം .കുപ്പി എന്നറിയപ്പെടുന്ന റിയൽ എസ്റ്റേറ്റ് ബ്രോക്കർ ആണ് പിടിയിലായ ഒരാൾ .പിടികൂടിയവരെ ഉന്നത ഉദ്യോഗസ്ഥർ ചോദ്യം ചെയ്തു വരികയാണ് .
ഇതിനിടയിലാണ് കൗതുകകരമായ സംഭവം അരങ്ങേറിയത് .കള്ളപ്പണ ഇടപാട് സ്ഥലത്തുണ്ടായിരുന്ന എംഎൽഎ ഉദ്യോഗസ്ഥരെ കണ്ട ഉടൻ സ്വന്തം കാറിൽ അവിടെ നിന്ന് പോയി .നിലവിൽ വിജിലൻസ് കേസ് നേരിടുന്ന എംഎൽഎ നിരവധി രാഷ്ട്രീയ വിവാദങ്ങളിൽ പെട്ടയാളാണ് . അയൽ ജില്ലയിൽ നിന്ന് വന്നു മത്സരിച്ച് ജയിച്ച നേതാവ് കൂടിയാണ് എംഎൽഎ . എംഎൽഎക്ക് ഈ കച്ചവടത്തിൽ എന്ത് പങ്കാളിത്തമാണ് ഉള്ളതെന്ന് അന്വേഷിച്ചുവരികയാണെന്ന് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.