ഓപ്പറേഷന്‍ പി ഹണ്ട്; പിടിമുറുക്കി കേരള പോലീസ്
തിരുവനന്തപുരം: കുട്ടികളുടെ അശ്ലീല വീഡിയോ കാണുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവര്‍ക്കെതിരെ നടപടി കര്‍ശനമാക്കി കേരള പോലീസ്.
ഓപ്പറേഷന്‍ പി ഹണ്ട് എന്ന പേരില്‍ നടത്തിയ റെയ്ഡില്‍ സംസ്ഥാനവ്യാപകമായി 227 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 41 പേര്‍ അറസ്റ്റിലായി.
പാലക്കാട് ജില്ലയില്‍ നിന്നാണ് കൂടുതല്‍ പേരും അറസ്റ്റിലായത്. 9 പേര്‍ അറസ്റ്റിലായി. ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് മലപ്പുറത്താണ്. 44 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.
സംസ്ഥാനത്തുടനീളം 326 സ്ഥലങ്ങളിലാണ് റെയ്ഡ് നടത്തിയത്. 285 ഉപകരണങ്ങളും പിടിച്ചെടുത്തു. മൊബൈല്‍ ഫോണുകള്‍, മോഡം, ഹാര്‍ഡ് ഡിസ്‌കുകള്‍, മെമ്മറി കാര്‍ഡുകള്‍, ലാപ്‌ടോപ്പുകള്‍, കംപ്യൂട്ടറുകള്‍ തുടങ്ങിയവയാണ് പിടിച്ചെടുത്തത്. അറസ്റ്റിലായ 41 പേരില്‍ പ്രൊഫഷനല്‍ ജോലികള്‍ ചെയ്യുന്ന യുവാക്കളും ഉള്‍പ്പെടുന്നു.
കോവിഡ് കാലത്ത് കുട്ടികള്‍ക്കെതിരായ ഓണ്‍ലൈന്‍ കുറ്റകൃത്യങ്ങളില്‍ വന്‍ വര്‍ധനവാണ് ഉണ്ടായതെന്ന് എഡിജിപി മനോജ് എബ്രഹാം പറഞ്ഞു. വരും ദിവസങ്ങളില്‍ നടപടികള്‍ ശക്തമാക്കാനാണ് കേരള പോലീസിന്റെ തീരുമാനം.






