ഹത്രാസിലെ നിർഭയയുടെ കുടുംബത്തെ സന്ദർശിക്കാൻ ശ്രമിച്ച രാഹുൽ ഗാന്ധിക്കെതിരെയും പ്രിയങ്ക ഗാന്ധിക്കെതിരെയും ഉത്തർ പ്രദേശ് പോലീസ് കേസ് എടുത്തു .ഗ്രെയ്റ്റർ നോയിഡയിലെ എക്കോട്ടെക് പോലീസ് സ്റ്റേഷനിലാണ് കേസ് എടുത്തത് .രാഹുലും പ്രിയങ്കയും അടക്കം 203 കോൺഗ്രസ് പ്രവർത്തകർക്കെതിരെ ആണ് കേസ്.നിരോധനാജ്‌ഞ ലംഘിച്ചു എന്നാണ് കുറ്റം .
കോവിഡ് പശ്ചാത്തലത്തിൽ ഗൗതം ബുദ്ധ നഗറിൽ ഏർപ്പെടുത്തിയ 144 പ്രകാരമുള്ള നിരോധനാജ്ഞ കോൺഗ്രസ് പ്രവർത്തകർ ലംഘിച്ചു എന്നാണ് കേസ് .ഹത്രാസിൽ ക്രൂര ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട ദളിത് പെൺകുട്ടിയുടെ കുടുംബത്തെ സന്ദർശിക്കാൻ ആണ് രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഉത്തർപ്രദേശിൽ എത്തിയത് .
എന്നാൽ പോലീസ് ഇവരെ വഴിയിൽ തടഞ്ഞു .താൻ നിരോധനാജ്ഞ ലംഘിക്കുന്നില്ലെന്നും ഒറ്റയ്ക്ക് പോകാമെന്നും രാഹുൽ പറഞ്ഞെങ്കിലും പോലീസ് സമ്മതിച്ചില്ല .തുടർന്നുണ്ടായ വാക്കുതർക്കത്തിനിടെ പോലീസ് ലാത്തിവീശി .ഇതിനിടെ പോലീസ് രാഹുൽ ഗാന്ധിയെയും കയ്യേറ്റം ചെയ്തു
പിന്നാലെ രാഹുലിനെയും പ്രിയങ്കയെയും പോലീസ് അറസ്റ്റ് ചെയ്തു .സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ കര്‍ത്തവ്യ നിര്‍വഹണത്തില്‍നിന്ന് തടയല്‍, കലാപം, മാരക ആയുധങ്ങള്‍ കൈവശം വെക്കല്‍ തുടങ്ങിയ വകുപ്പുകൾ ഇവർക്ക് മേൽ ചുമത്തി .
ഡൽഹി -നോയിഡ എക്സ്പ്രസ്സ് ഹൈവേയിലൂടെ ഹത്രാസിലേക്ക് നീങ്ങിയ രാഹുലും പ്രിയങ്കയും അടക്കമുള്ള കോൺഗ്രസുകാരോട് യാത്ര അവസാനിപ്പിക്കാൻ ആവശ്യപ്പെട്ടിരുന്നു.എന്നാൽ അവർ സമ്മതിച്ചില്ല എന്നും അമ്പതോളം കാറുകൾ അടങ്ങിയ വാഹന വ്യൂഹം ആയിരുന്നു അതെന്നും പോലീസ് വാർത്താകുറിപ്പിൽ പറഞ്ഞു .