ബാബറി മസ്‌ജിദ്‌ തകര്‍ത്ത കേസില്‍ എല്ലാ പ്രതികളേയും വിട്ടയച്ച കോടതി വിധി മതനിരപേക്ഷ ജനാധിപത്യവാദികളെ ഞെട്ടിപ്പിക്കുന്നതാണ് :കോടിയേരി

ബാബറി മസ്‌ജിദ്‌ തകര്‍ത്ത കേസില്‍ എല്ലാ പ്രതികളേയും വിട്ടയച്ച കോടതി വിധി മതനിരപേക്ഷ ജനാധിപത്യവാദികളെ ഞെട്ടിപ്പിക്കുന്നതാണെന്ന് സി.പി.ഐ.(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ.ഭരണഘടനയും നീതിന്യായ വ്യവസ്ഥയും ഇപ്പോഴും നിലനില്‍ക്കുന്നുണ്ടോ എന്ന ചോദ്യമാണ്‌ ലഖ്‌നൗ കോടതി വിധി ഉയര്‍ത്തുന്നത്‌. ലോകമാകെ തത്സമയം കണ്ട കുറ്റകൃത്യത്തില്‍ തെളിവുകള്‍ ഹാജരാക്കാന്‍ സി.ബി.ഐക്ക്‌ കഴിഞ്ഞില്ലെന്നതും അതീവ ഗൗരവമാണ്‌. പള്ളി തകര്‍ക്കുന്നതും അതില്‍ ആഹ്ലാദിച്ച്‌ ബി.ജെ.പി നേതാക്കള്‍ ആലിംഗനം ചെയ്യുന്നതു വരെ ടെലിവിഷന്‍ ദൃശ്യങ്ങളില്‍ ലോകം കണ്ടത്‌ തെളിവുകളാകാതെ പോയത്‌ എങ്ങനെയാണ്‌ എന്ന്‌ സി.ബി.ഐ വ്യക്തമാക്കണം കൂട്ടിലടച്ച തത്ത ഭരിക്കുന്നവരുടെ ഇംഗിതത്തിന്‌ അനുസരിച്ച്‌ മാത്രമേ പ്രവര്‍ത്തിക്കുന്നുള്ളു എന്ന്‌ ഒരിക്കല്‍ കൂടി വ്യക്തമായി.

ബാബറി മസ്‌ജിദ്‌ തകര്‍ത്തത്‌ ക്രിമിനല്‍ കുറ്റമാണെന്ന്‌ അയോധ്യ കേസില്‍ സുപ്രീം കോടതിയുടെ ഭരണഘടന ബഞ്ച്‌ പ്രഖ്യാപിച്ചിരുന്നു. എല്‍.കെ അദ്വാനിക്കെതിരെ ഗൂഢാലോചന കുറ്റം നിലനില്‍ക്കുമെന്ന്‌ 2017-ല്‍ സുപ്രീം കോടതി തന്നെ വിധിച്ചിരുന്നു.

ബാബറി മസ്‌ജിദ്‌ തകര്‍ത്ത സംഭവം അന്വേഷിച്ച ലിബര്‍ഹാന്‍ കമ്മീഷനും ആസൂത്രിതമായ കുറ്റകൃത്യമാണ്‌ നടന്നതെന്ന്‌ കണ്ടെത്തിയിരുന്നു. എന്നിട്ടും പള്ളി തന്നെ പൊളിച്ചില്ലെന്ന മട്ടില്‍ വിധി പ്രഖ്യാപിച്ചത്‌ നീതിന്യായ വ്യവസ്ഥയെ പരിഹാസ്യമാക്കുന്നതാണ്‌.

പള്ളി പൊളിക്കുന്നതിന്‌ മൗനാനുവാദം നല്‍കിയ കോണ്‍ഗ്രസ്സിന്‌ ഈ വിധിയിലേക്ക്‌ നയിച്ചതിലും വലിയ ഉത്തരവാദിത്തമുണ്ട്‌. അവര്‍ അധികാരത്തിലിരുന്ന സന്ദര്‍ഭത്തില്‍ കേസന്വേഷണം നിഷ്‌പക്ഷവും സമയബന്ധിതവുമായി തീര്‍ക്കുന്നതിന്‌ ശ്രമിച്ചില്ല. അങ്ങനെയല്ലായിരുന്നുവെങ്കില്‍ എന്നേ കുറ്റവാളികള്‍ ജയിലിനകത്താ കുമായിരുന്നു. ബാബറി പള്ളി തകര്‍ത്തതിന്റെ 28-ാം വാര്‍ഷികത്തില്‍ വൈകിയെത്തിയ വിധി അക്ഷരാര്‍ത്ഥത്തില്‍ നീതി നിഷേധമായി നീതിന്യായ സംവിധാനത്തിലുള്ള വിശ്വാസം പൗരന്‌ നിലനിര്‍ത്താനെങ്കിലും സി.ബി.ഐ ഉടന്‍ അപ്പീല്‍ നല്‍കണമെന്ന്‌ ആവശ്യമുയര്‍ന്നു. അതിനായി മതനിരപേക്ഷ ജനാധിപത്യ ശക്തികള്‍ ഒറ്റക്കെട്ടായി നിലപാട്‌ സ്വീകരിക്കണമെന്നും സി.പി.ഐ.(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ പ്രസ്താവനയിൽ അഭ്യർത്ഥിച്ചു.

Leave a Reply

Your email address will not be published. Required fields are marked *