LIFENEWS

കളം പിടിക്കാൻ രാഹുൽ ഗാന്ധി ,കർഷക റാലിയുമായി തുടക്കം

മോഡി സർക്കാരിനെതിരെ പ്രത്യക്ഷ സമര രംഗത്ത് സജീവമാകാൻ കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി .കാർഷിക ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങളിലൂടെ ആണ് പ്രത്യക്ഷ സമര രംഗത്ത് രാഹുൽ ഇറങ്ങുന്നത് .

പഞ്ചാബിലെ കാർഷിക റാലികളിൽ ആണ് രാഹുൽ ഗാന്ധി ആദ്യം പങ്കെടുക്കുന്നത് .ഈ ആഴ്ച തന്നെ രാഹുൽ പ്രക്ഷോഭങ്ങളുടെ ഭാഗമാകുമെന്നാണ് റിപോർട്ട് .

“പഞ്ചാബിൽ ഒക്ടോബർ 2 നു ബന്ദ് ആണ് .അതിനോട് അനുബന്ധിച്ച് എത്താനാണ് അദ്ദേഹത്തോട് പറഞ്ഞിരിക്കുന്നത് .അതിനു ശേഷം മൂന്നു നാല് ദിവസം അദ്ദേഹം ഇവിടെ നിരവധി റാലികളിൽ പ്രസംഗിക്കും .”ഒരു മുതിർന്ന കോൺഗ്രസ് നേതാവ് പറഞ്ഞു .

പാർലമെന്റിൽ പാസാക്കിയ 3 കാർഷിക ബില്ലുകളിന്മേൽ രാജ്യമാകെ കർഷകർ പ്രക്ഷോഭത്തിലാണ് .കഴിഞ്ഞ ദിവസം ബീഹാർ ,ഹരിയാന ,മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെ കർഷകരുമായി രാഹുൽ ഗാന്ധി സംവദിക്കുന്ന വീഡിയോ കോൺഗ്രസ് പുറത്ത് വിട്ടിരുന്നു .

ബില്ലുകൾ കർഷക വിരുദ്ധമാകുന്നത് എങ്ങിനെ എന്ന് രാഹുൽ കർഷകരോട് വിവരിക്കുന്നുണ്ട് .കറൻസി നിരോധവും ജിഎസ്ടിയും ഉണ്ടാക്കിയതിന് സമാനമായ പ്രതിസന്ധിയാകും കാർഷിക ഭേദഗതി നിയമങ്ങളും ഉണ്ടാക്കുക എന്ന് രാഹുൽ വിശദീകരിക്കുന്നുണ്ട് .

കോൺഗ്രസിന്റെ രാജ്യവ്യാപകമായ പ്രക്ഷോഭങ്ങൾക്കുള്ള തുടക്കമാകും പഞ്ചാബിലേത് എന്നാണ് കോൺഗ്രസ് നേതാക്കൾ അനൗദ്യോഗികമായി പറയുന്നത് .ബിജെപിയെയും കേന്ദ്ര സർക്കാരിനെയും പ്രതിക്കൂട്ടിൽ നിർത്താൻ ഇതിലും നല്ല അവസരം ഇല്ലെന്നു കോൺഗ്രസ് കരുതുന്നു .

“കർഷകർ ഒരു ചെറുസമുദായത്തിലോ സംസ്ഥാനത്തോ മാത്രം ഒതുങ്ങുന്നില്ല .ഇന്ത്യയിലാകമാനം കർഷക പ്രക്ഷോഭ ജ്വാല ഉയർത്താനാകും .കോൺഗ്രസ് ഒരു പ്രതിപക്ഷ കക്ഷി എന്ന നിലയ്ക്ക് ഈ അവസരത്തിൽ കർഷകരോട് ചേർന്ന് നിൽക്കും .”ഒരു കോൺഗ്രസ് നേതാവ് വ്യക്തമാക്കി .

2015 ൽ ഭൂമി ഏറ്റെടുക്കൽ നിയമവുമായി ബന്ധപ്പെട്ടു മോഡി സർക്കാരിനെ പ്രതിക്കൂട്ടിൽ നിർത്താൻ കോൺഗ്രസിന് ആയിരുന്നു .ഒടുവിൽ നിയമത്തിൽ ചില ഭേദഗതികൾ വരുത്താൻ മോഡി സർക്കാർ നിര്ബന്ധിതരായി .സമാനമായ സാഹചര്യം ആണ് കാർഷിക ബില്ലുകൾക്ക് ഉള്ളതെന്ന് കോൺഗ്രസ് കരുതുന്നു .

“സർക്കാരിന്റെ കർഷക ദ്രോഹ നയങ്ങൾ വെളിച്ചത്ത് കൊണ്ട് വരാനുള്ള മികച്ച അവസരം ആണിത് .നിയമങ്ങൾ പാസാക്കിക്കഴിഞ്ഞു .എന്നാൽ ഓർഡിനൻസ് വഴി ഭേദഗതി കൊണ്ടുവരാൻ സർക്കാരിന് കഴിയും .”കോൺഗ്രസ് വക്താവ് രാജീവ് ഗൗഡ പറഞ്ഞു .

മൂന്നു നിയമങ്ങളെയും മറികടക്കാൻ നിയമം കൊണ്ട് വരാൻ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി കഴിഞ്ഞ ദിവസം കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിരുന്നു .”ആർട്ടിക്കിൾ 254 (2 ) പ്രകാരം കാർഷിക മേഖലയുമായി ബന്ധപ്പെട്ട സംസ്ഥാന സർക്കാരിന്റെ ഉത്തമ താല്പര്യം മുൻനിർത്തി നിയമം കൊണ്ട് വരാൻ ആണ് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ നിർദേശം.”കോൺഗ്രസ് വാർത്താ കുറിപ്പിൽ വ്യക്തമാക്കി .

Back to top button
error: