കൊച്ചി: മലയാറ്റൂര്‍ ഇല്ലിത്തോട് പാറമട സ്‌ഫോടനത്തിലെ നടത്തിപ്പുകാരന്‍ പിടിയില്‍. പുത്തേന്‍ കാലടി ബെന്നിയാണ് പോലീസിന്റെ പിടിയിലായത്. സ്‌ഫോടനം നടന്നതിന് പിന്നാലെ ഒളിവില്‍പോയ ഇയാളെ ശനിയാഴ്ച രാത്രിയില്‍ ബെംഗളൂരുവില്‍ നിന്ന് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.
കഴിഞ്ഞ തിങ്കളാഴ്ച പുലര്‍ച്ചെയാണ് ഇല്ലിത്തോടിലെ പാറമടയോട് ചേര്‍ന്ന കെട്ടിടത്തില്‍ സ്‌ഫോടനമുണ്ടായത്. അപകടത്തില്‍ രണ്ട് അതിഥി തൊഴിലാളികള്‍ മരണപ്പെട്ടിരുന്നു. സംഭവത്തില്‍ പാറമട മാനേജരേയും, സ്‌ഫോടക വസ്തുക്കള്‍ എത്തിക്കുന്നയാളെയും കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു.
നിബന്ധനകള്‍ മറികടന്ന് 1500-ഓളം ഡിറ്റണേറ്റര്‍, 350-ഓളം ജലാറ്റിന്‍ സ്റ്റിക്കുകള്‍ എന്നിവ ജോലിക്കാര്‍ താമസിക്കുന്ന വീട്ടിലാണ് സൂക്ഷിച്ചിരുന്നത്. റൂറല്‍ ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക്കിന്റെ നിര്‍ദേശാനുസരണം രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് പാറമട നടത്തിപ്പുകാരനെ ബെംഗളൂരുവില്‍നിന്ന് പിടികൂടിയത്.