യുവതിയ്ക്ക് ഫ്ലാറ്റ് :പോലീസുകാരന് മെമ്മോ ,കമ്മീഷണർക്കെതിരെ അന്വേഷണം ,തന്നെ ആരും തട്ടിക്കൊണ്ടു വന്നിട്ടില്ലെന്ന് യുവതി
യുവതിയുടെ പേരും വച്ച് കമ്മീഷണർ സസ്‌പെൻഷൻ ഓർഡർ നൽകിയ പോലീസുകാരൻ ഉമേഷ് വള്ളിക്കുന്നിനെതിരെ നടപടി എടുക്കും എന്ന് കാണിച്ച് വീണ്ടും മെമ്മോ .തീവ്ര ഇടതുപക്ഷക്കാർക്ക് അനുകൂലമായി സമൂഹ മാധ്യമത്തിൽ ഇടപെടുന്നുണ്ടെന്നും പോലീസ് നടപടിയെ പൊതുമധ്യത്തിൽ അവഹേളിച്ചുവെന്നും മെമ്മോയിൽ പറയുന്നു .
പന്തീരാങ്കാവ് യു എ പി എ കേസിൽ അലനും താഹയ്ക്കും ജാമ്യം അനുവദിച്ചുകൊണ്ട് കോടതി പുറപ്പെടുവിച്ച ഉത്തരവ് എല്ലാ പോലീസ് ഉദ്യോഗസ്ഥരും വായിക്കേണ്ടത് ആണെന്ന് ഉമേഷ് ഫേസ്ബുക്കിൽ കുറിച്ചിരുന്നു .കാട് പൂക്കുന്ന നേരം എന്ന സിനിമയിലെ ഡയലോഗ് ഫേസ്ബുക്കിൽ ഷെയർ ചെയ്തതിനു തന്റെ രണ്ടു ഇൻക്രിമെന്റ് തടഞ്ഞു വച്ചിരുന്നെന്നും ഫേസ്ബുകിൽ ഉമേഷ് ചൂണ്ടിക്കാട്ടിയിരുന്നു .
സമൂഹ മാധ്യമങ്ങളിൽ ഇടപെടുമ്പോൾ പോലീസുകാർ കൈക്കൊള്ളേണ്ട നിർദേശങ്ങൾക്ക് വിരുദ്ധമാണ് ഈ രണ്ടു പരാമര്ശങ്ങളെന്നു കമ്മീഷണർ എ വി ജോർജ് നൽകിയ മെമ്മോയിൽ പറയുന്നു .ഗായികയായ യുവതിയ്ക്ക് ഉമേഷ് ഫ്ലാറ്റ് എടുത്തു കൊടുത്തതാണെന്നും ഫ്‌ളാറ്റിൽ ഉമേഷ് നിത്യ സന്ദർശകൻ ആണെന്നും യുവതിയുടെ ‘അമ്മ പൊലീസിന് പരാതി നൽകിയിരുന്നു .ഇതേ തുടർന്നായിരുന്നു ഉമേഷിനെതിരെ ആദ്യ നടപടി .ഗായികയുടെ പേരടക്കം വച്ചായിരുന്നു മെമ്മോ.ഈ മെമ്മോ ഉമേഷ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു .ഇതിനു പിന്നാലെയാണ് വീണ്ടും നോട്ടീസ് നൽകിയിരിക്കുന്നത് .
തന്നെ അപകീർത്തിപ്പെടുത്തും വിധമാണ് കമ്മീഷണർ മെമ്മോ നൽകിയിരിക്കുന്നത് എന്ന് കാട്ടി യുവതി ഉത്തരമേഖലാ ഐ ജിയ്ക്ക് പരാതി നൽകിയിരുന്നു .മൊഴിയെടുക്കാൻ വീട്ടിലെത്തിയ പോലീസുകാർ വ്യക്തിത്വത്തെ അപമാനിക്കും വിധം പരിഹസിച്ചു എന്നാരോപിച്ച് യുവതി മറ്റൊരു പരാതിയും ഐജിയ്ക്ക് നൽകിയിട്ടുണ്ട് .
തന്നെ ആരും തട്ടിക്കൊണ്ടുവന്നു താമസിപ്പിക്കുന്നില്ലെന്നു യുവതി ഒരു മാധ്യമത്തോട് പറഞ്ഞു .താൻ പറഞ്ഞതൊന്നുമല്ല മൊഴിയായി രേഖപ്പെടുത്തിയത് .തന്നെ തട്ടിക്കൊണ്ടുപോയി എന്ന അമ്മയുടെ പരാതി യാഥാർഥ്യമല്ല .ആരോപണവിധേയനായ പോലീസുകാരനുമായി സൗഹൃദമുണ്ട് .എന്നാൽ സ്വന്തം നിലയ്ക്കാണ് ഫ്ലാറ്റ് എടുത്തത് എന്നും യുവതി പറഞ്ഞു .
യുവതിയുടെ പരാതിയിൽ ഉത്തര മേഖല ഐ ജി അശോക് യാദവ് കമ്മീഷണർ എ വി ജോർജിനോട് റിപ്പോർട്ട് തേടി .നിയമപരമായി മാത്രമാണ് പ്രവർത്തിച്ചത് എന്നാണ് കമ്മീഷണറുടെ വിശദീകരണം .