പാർട്ടി വിപ്പ് ലംഘിച്ചു; പി.ജെ ജോസഫിനെയും മോന്‍സിനെയും അയോഗ്യരാക്കാൻ കേരളാ കോണ്‍ഗ്രസ്സ് (എം), നിയമസഭാ സ്പീക്കര്‍ക്ക് പരാതി നൽകി
അവിശ്വാസപ്രമേയ ചര്‍ച്ചയിലും രാജ്യസഭാ ഉപതെരെഞ്ഞെടുപ്പിലും പാര്‍ട്ടി വിപ്പ് ലംഘിച്ച എം.എല്‍.എമാരായ പി.ജെ ജോസഫ്, മോന്‍സ് ജോസഫ് എന്നിവരെ അയോഗ്യരാക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള കേരളാ കോണ്‍ഗ്രസ്സ് (എം) വിപ്പ് റോഷി അഗസ്റ്റിന്‍ എം.എല്‍.എയുടെ പരാതി ഡോ.എന്‍.ജയരാജ് എം.എല്‍.എ നിയമസഭാസ്പീക്കര്‍ക്ക് കൈമാറി.
അവിശ്വാസപ്രമേയ ചര്‍ച്ചയിലും, രാജ്യസഭാ തെരെഞ്ഞെടുപ്പിലും നിക്ഷ്പക്ഷത പാലിച്ചുകൊണ്ട് വിട്ട് നില്‍ക്കണമെന്ന വിപ്പാണ് പാര്‍ട്ടി തീരുമാനപ്രകാരം എം.എല്‍.എമാര്‍ക്ക് റോഷി അഗസ്റ്റിന്‍ നല്‍കിയിരുന്നത്. കൂറുമാറ്റ നിരോധന നിയമത്തിന്റെ ചട്ടം 3(6) പ്രകാരം നിയമസഭാ അംഗത്തെ അയോഗ്യരാക്കുന്നതിന്റെ നടപടിക്രമത്തിന്റെ ഭാഗമായി 15 ദിവസമാണ് കുറ്റവിമുക്തരാക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് ബന്ധപ്പെട്ട രാഷ്ട്രീയപാര്‍ട്ടിക്ക് അനുവദിച്ചിട്ടുള്ളത്. അതിന്റെ അടിസ്ഥാനത്തില്‍ ഈ മാസം ആറിന് കോട്ടയത്ത് ചേര്‍ന്ന കേരളാ കോണ്‍ഗ്രസ്സ് (എം) സംസ്ഥാന സ്റ്റിയറിംഗ് കമ്മറ്റിയുടെ തീരുമാനപ്രകാരമാണ് അയോഗ്യരാക്കണമെന്ന പരാതി നല്‍കിയത്.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കും കേരളാ കോണ്‍ഗ്രസ്സ് (എം) പ്രതിനിധികളായി രണ്ടില ചിഹ്നത്തില്‍ വിജയിച്ച് കൂറുമാറിയ അംഗങ്ങളെയും വരും ദിവസങ്ങളില്‍ അയോഗ്യരാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ജയരാജ് എം.എല്‍.എ പറഞ്ഞു.