TRENDING

ഭാഗ്യദേവത കടാക്ഷിച്ച കുടുംബം

ട്ടപ്പന വലിയതോവാള പൂവത്തോലിൽ വീട് സന്തോഷാദിക്ക്യത്താൽ പൂത്തുലഞ്ഞു നിൽക്കുകയാണ്. ദാരിദ്ര്യവും സങ്കടവും ഘനീഭവിച്ചു നിന്നിരുന്ന ആ കൊച്ചു വീട്ടിലാണ് ഓണം ബംപർ ഭാഗ്യ ദേവത ഇത്തവണ കടാക്ഷിച്ചത്. നിര്‍ധന കുടുംബമാണ് പൂവത്തോലിൽ വിജയൻ്റേത്. പെയിൻ്റിംഗ്‌ തൊഴിലാളിയാണ് വിജയൻ. ഭാര്യ സുമ കട്ടപ്പനയിലെ വസ്ത്രവ്യാപാരശാലയിലാണ് ജോലി ചെയ്യുന്നത്. എം.കോം ബിരുദധാരിയായ മൂത്തമകൾ ആതിര എറണാകുളത്തെ ഒരു സ്വകാര്യ സ്ഥാപനത്തിൽ താൽക്കാലിക ജോലിയിലായിരുന്നു. എറണാകുളത്തെ എളംകുളം പൊന്നേത്ത് ക്ഷേത്രത്തിലാണ്‌ രണ്ടാമൻ അനന്തുവിനു ജോലി. ഇളയ മകൻ അരവിന്ദനും കട്ടപ്പനയിൽ താൽക്കാലിക ജോലിയാണ്‌.

പക്ഷേ കോവിഡും ലോക്ഡൗണും മൂലം നാലു പേർക്കും ജോലിയും വരുമാനവും നിലച്ചു. അനന്തുവിന് ക്ഷേത്രത്തിലെ ജോലിക്കു കാര്യമായ കുഴപ്പമൊന്നും വന്നില്ല. ഇതിനിടയിലാണ് എറണാകുളത്തെ വിഘ്നേശ്വരാ ലോട്ടറി ഏജൻസിയിൽ നിന്നും അനന്തു ഒരു ഓണം ബംപര്‍ ടിക്കറ്റെടുത്തത്. ഭാഗ്യം അനന്തുവിനൊപ്പമായിരുന്നു. ഇത്തവത്തെ ബംപർ സമ്മാനം അനന്തുവിനു തന്നെ അടിച്ചു. അനന്തുവിന്റെ പിതാവ് വിജയനും ബംപര്‍ ടിക്കെറ്റ് എടുത്തിരുന്നു.

വിജയന്‍ പതിവായി ലോട്ടറി എടുക്കുന്നത് കണ്ടാണ് അനന്തുവും ടിക്കറ്റ് എടുത്ത് തുടങ്ങിയത്. ഇരുവരും ഇത്തവണത്തെ ഓണം ബംപർ എടുത്തു. വിജയന്‍ കട്ടപ്പനയില്‍ നിന്നും അനന്തു എറണാകുളത്ത് നിന്നും. അനന്തുവിന്റെ ടിക്കറ്റിലൂടെ ഇത്തവണ ഭാഗ്യ ദേവത വലിയ തോവളയിലെ മലമുകളിലേയ്ക്ക് എത്തി.
കുന്നിന്‍ മുകളില്‍ അര നൂറ്റാണ്ടു മുന്‍പ് മൺകട്ടയിൽ നിർമ്മിച്ച വീട്ടിലാണ് ഈ കുടുംബം കഴിയുന്നത്. ഒറ്റയടിപാതയിലൂടെ നൂറു മീറ്ററിലധികം നടന്നു വേണം വീട്ടില്‍ എത്താൻ. ഏതു നിമിഷവും തകര്‍ന്ന് വീഴാവുന്ന വീടിന്റെ സ്ഥാനത്ത് ലൈഫ് ഭവന പദ്ധതിയിലൂടെ ഒരു കൊച്ചു വീട് ലഭ്യമാകും എന്ന പ്രതീക്ഷയിലായിരുന്നു വിജയൻ്റെ കുടുംബം. കടിക്കാൻ വെള്ളവും നടന്നെത്താൻ വഴിയുമുള്ള സ്ഥലത്ത് ഒരു കൊച്ചു വീട് അതു മാത്രമാണ് ഞങ്ങളുടെ സ്വപ്നമെന്ന് അനന്തുവിന്റെ അമ്മ സുമ പറയുന്നു.

വിജയനും സുമയും ചേര്‍ന്ന് മക്കളെ തങ്ങളാലാവും വിധം പഠിപ്പിച്ചു. മൂത്തമകള്‍ ആതിര പോസ്റ്റ് ഗ്രാജുവേഷന്‍ പൂര്‍ത്തിയാക്കി. അനന്തുവും അരവിന്ദും ഡിഗ്രി പൂര്‍ത്തിയാക്കിയെങ്കിലും സാമ്പത്തീക ബുദ്ധിമുട്ട് മൂലം പിന്നീട് പഠിയ്ക്കാന്‍ പോയില്ല. ബിരുദ വിദ്യാഭ്യസ കാലത്ത് അനന്തു പുളിയൻ മലയിലെ ഒരു കടയിൽ ജോലി ചെയ്തിരുന്നു. മക്കളുടെ മുടങ്ങിയ പഠനം വീണ്ടും ആരംഭിയ്ക്കണമെന്ന് മാതാപിതാക്കള്‍ പറയുന്നു. അടച്ചുറപ്പുള്ള കൊച്ചു വീട്, മക്കളുടെ പഠനം, മകളുടെ വിവാഹം തുടങ്ങിയ സ്വപ്‌നങ്ങളിലാണ് ഈ മാതാപിതാക്കള്‍. ബാക്കിയൊക്കെ പിന്നീട് ആലോചിയ്ക്കും. പ്രതീക്ഷയിയ്ക്കാതെ ഭാഗ്യ ദേവത കടാക്ഷിച്ചതിന്റെ അമ്പരപ്പിലും ആഹ്ലാദത്തിലുമാണ് കുടുംബം.

Back to top button
error: