LIFENEWS

ചെറിയാൻ ഫിലിപ്പിനെ യു ഡി എഫ് പാളയത്തിൽ എത്തിക്കാൻ നീക്കം, നീക്കത്തിന് ആന്റണിയുടെയും ഉമ്മൻ ചാണ്ടിയുടെയും കുഞ്ഞാലിക്കുട്ടിയുടെയും പച്ചക്കൊടി

https://youtu.be/bu0O7ZStmLg

കോൺഗ്രസ്‌ വിട്ട് ഇടതു സഹയാത്രികൻ ആയ ചെറിയാൻ ഫിലിപ്പിനെ യു ഡി എഫിൽ തിരിച്ചെത്തിക്കാൻ നീക്കം. കോൺഗ്രസ്‌ മുൻകൈ എടുത്താണ് നീക്കം നടത്തുന്നത്. കേരള കോൺഗ്രസ്‌ മാണി വിഭാഗം എൽ ഡി എഫിൽ എത്തുന്ന പശ്ചാത്തലത്തിൽ കൂടിയാണ് നീക്കം.

പാർടിക്ക് വേണ്ടി അഹോരാത്രം പ്രവർത്തിച്ചിട്ടും നല്ലൊരു സ്ഥാനം ചെറിയാൻ ഫിലിപിന് നൽകാൻ കഴിയാതെ പോയതിന്റെ ദുഃഖം കോൺഗ്രസ്‌ നേതാക്കൾ പലപ്പോഴും പരസ്യമായി പങ്കുവെച്ചിരുന്നു. അക്കാര്യത്തിൽ തനിക്ക് ദുഖമുണ്ടെന്നു രണ്ട് വർഷം മുമ്പ് തന്നെ എ കെ ആന്റണി പറഞ്ഞിരുന്നു. തനിക്കതിൽ കുറ്റബോധം ഉണ്ടെന്നും ആന്റണി തുറന്ന് സമ്മതിച്ചിരുന്നു.

ഇപ്പോൾ പുതുപ്പള്ളിയിൽ നിന്നുള്ള എംഎൽഎ ആയി അമ്പതാം വർഷം പിന്നിട്ടതിന്റെ ആഘോഷ വേളയിൽ സമാനമായ ദുഃഖം ഉമ്മൻ ചാണ്ടിയും പങ്കു വച്ചു. ചെറിയാൻ ഫിലിപ് ആദർശവാൻ മാത്രമല്ല അത് ജീവിതത്തിൽ നടപ്പാക്കിയ നേതാവ് കൂടിയാണെന്നായിരുന്നു ഉമ്മൻ ചാണ്ടിയുടെ പ്രതികരണം.

നിലവിൽ കേരള കോൺഗ്രസ്‌ മാണി വിഭാഗം എൽഡിഎഫിൽ എത്തുമെന്ന് ഉറപ്പായിരിക്കെ ചെറിയാൻ ഫിലിപ്പിനെ കോൺഗ്രസിലേക്ക് കൊണ്ട് വരേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് കോൺഗ്രസിലെ മുതിർന്ന നേതാക്കൾ ആലോചിച്ചു തുടങ്ങിയിരിക്കുക ആണ്. കോൺഗ്രസിൽ ആന്റണിയും ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും കെ സി വേണുഗോപാലും ഇക്കാര്യത്തിൽ ഒരേ മനസ്സുള്ളവർ ആണ്. പ്രമുഖ ഘടക കക്ഷി നേതാവ് എന്ന നിലയ്ക്ക് പി കെ കുഞ്ഞാലിക്കുട്ടിയും ഇതിനോട് യോജിക്കുന്നു.

ചെറിയാൻ ഫിലിപിന് ക്രിസ്ത്യൻ മതമേലധ്യക്ഷന്മാരുമായുള്ള അടുത്ത ബന്ധവും എൻഎസ്എസ് അടക്കമുള്ള സാമുദായിക സംഘടനാ നേതാക്കളുമായുള്ള ബന്ധവും യു ഡി എഫിന് ഗുണകരമാകുമെന്നാണ് നേതാക്കളുടെ കണക്ക് കൂട്ടൽ. നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് ചെറിയാൻ ഫിലിപ്പിനെ യു ഡി എഫ് പാളയത്തിൽ എത്തിക്കാൻ ഈ നേതാക്കൾ തയ്യാറാണ്, ചെറിയാൻ ഫിലിപ് സമ്മതം മൂളണം എന്ന് മാത്രം.

1967ൽ കെ എസ് യു യൂണിറ്റ് പ്രസിഡന്റ് ആയാണ് ചെറിയാൻ ഫിലിപ് രാഷ്ട്രീയജീവിതം ആരംഭിക്കുന്നത്. അന്ന് ഉമ്മൻ ചാണ്ടി ആയിരുന്നു കെ എസ് യു പ്രസിഡണ്ട്. 1974 ൽ കേരള യൂണിവേഴ്സിറ്റി യൂണിയൻ സെക്രട്ടറി ആയും സെനറ്റ് മെമ്പർ ആയും തെരഞ്ഞെടുക്കപ്പെട്ടു. 1975 ൽ കെ എസ് യു ജനറൽ സെക്രട്ടറി ആയി. 1979-80 കാലയളവിൽ കെ എസ് യു സംസ്ഥാന പ്രസിഡണ്ട് ആയി. 1980ൽ യൂത്ത് കോൺഗ്രസ്‌ വൈസ് പ്രസിഡണ്ട് ആയിരുന്നു ചെറിയാൻ ഫിലിപ്. പിന്നീട് കെ പി സി സി സെക്രട്ടറി പദവിയിലേക്ക് ഉയർത്തപ്പെട്ടു. 1991 ൽ കോട്ടയത്ത് നിന്ന് മത്സരിച്ചെങ്കിലും ടി കെ രാമകൃഷ്ണനോട്‌ 2682 വോട്ടുകൾക്ക് പരാജയപ്പെട്ടു. 1992 ൽ ചെറിയാൻ ഫിലിപിന്റെ അധ്യക്ഷതയിൽ കേരള ദേശീയ വേദി രൂപീകരിച്ചു. 2001 വരെ കോൺഗ്രസിന്റെ ഭാഗമായിരുന്നു ചെറിയാൻ ഫിലിപ് .

2001 മുതൽ ആണ് ചെറിയാൻ ഫിലിപ് ഇടത് സഹയാത്രികൻ ആകുന്നത്. 2001 ൽ പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിക്കെതിരെ ഇടതു പിന്തുണയോടെ സ്വതന്ത്രൻ ആയും 2006 ൽ ജോസഫ് എം പുതുശ്ശേരിക്കെതിരെ കല്ലൂപ്പാറയിലും 2011ൽ കെ മുരളീധരനെതിരെ വട്ടിയൂർക്കാവിലും മത്സരിച്ചെങ്കിലും യു ഡി എഫ് മണ്ഡലങ്ങളിൽ നല്ല മത്സരം കാഴ്ച വെക്കാൻ മാത്രമേ ചെറിയാൻ ഫിലിപിന് കഴിഞ്ഞുള്ളു. കോൺഗ്രസിൽ നിന്ന് വന്ന പ്രമുഖ നേതാവായിട്ടും ഒരു ഷുവർ സീറ്റിൽ എൽ ഡി എഫ് ചെറിയാൻ ഫിലിപ്പിനെ മത്സരിപ്പിച്ചില്ലെന്ന് ആരോപണമുണ്ടായിരുന്നു. ഇപ്പോൾ പിണറായി സർക്കാരിന്റെ ഫ്ലാഗ്ഷിപ് പദ്ധതിയായ നവകേരളം കർമ പദ്ധതിയുടെ കോർഡിനേറ്റർ ആണ് ചെറിയാൻ ഫിലിപ്.

Back to top button
error: