LIFETRENDING

ഐ പി എൽ അഥവാ ഇന്ത്യൻ പണം കായ്ക്കുന്ന ലീഗ്: 2 – അജീഷ് മാത്യു

ഇന്ത്യയിലെ ക്രിക്കറ്റ് പ്രേമികളെ ഏഴാം സ്വർഗത്തിൽ എത്തിച്ച ടൂർണമെന്റായിരുന്നു 2007 ൽ ഐ.സി.സി സംഘടിപ്പിച്ച ട്വന്റി ട്വന്റി ലോകകപ്പ് . ഇന്ത്യൻ ടീം മൈതാന മധ്യത്തിലൂടെ അശ്വമേധം നടത്തുന്ന കാഴ്ച മുഴുവൻ ക്രിക്കറ്റ് പ്രേമികളും കോരിത്തരിപ്പോടെ കണ്ടു നിന്നു.
ചിര വൈരികളായ പാകിസ്ഥാനോടു ലീഗ് മാച്ചിൽ വഴങ്ങിയ സമനിലയ്ക്കു ശേഷം നടന്ന ബാൾ ഔട്ട് എന്ന വിചിത്രവും രസകരവുമായ സംഗതിയിൽ ബാറ്റസ്മാനില്ലാത്ത സ്റ്റമ്പിനു നേരെ പന്തെറിഞ്ഞ പേരുകേട്ട പാക്ക് ബൗളിംഗ് നിരയ്ക്ക് എറിഞ്ഞ മൂന്നു പന്തിൽ മൂന്നും സ്റ്റംപിനു പുറത്തേയ്ക്കു പോകുന്നതു കണ്ടു നിസ്സഹായരായി ഇന്ത്യയോടു തോൽവി ഏറ്റു വാങ്ങാനായിരുന്നു വിധി. ഒരു ലോകകപ്പു മത്സരത്തിൽ പോലും ഇന്ത്യയോടു ജയിക്കാൻ സാധിച്ചിട്ടില്ലെന്ന പാക്ക് നാണക്കേട് അവർ തുടർന്നു.

ഗ്രൂപ്പ് ഡിയിൽ നിന്നും ഒന്നാം സ്ഥാനക്കാരായി സൂപ്പർ എട്ടിൽ എത്തിയ ഇന്ത്യ ന്യൂസിലൻഡിനോടു മാത്രം തോൽവി വഴങ്ങി ഗ്രൂപ്പ് ജേതാക്കളായി സെമിഫൈനലിൽ എത്തി.
സെപ്റ്റംബർ 19 എന്ന ദിവസം ഇന്ത്യൻ ക്രിക്കറ്റിന്റെ ഒരിക്കലും മറക്കാത്ത സുദിനമാണ്. 2007 ലെ സെപ്തംബർ 19 വൈകുന്നേരമാണ് ഇന്ത്യൻ ക്രിക്കറ്റിന്റെ മൈതാനത്തു സിക്സറുകളുടെ നീലകുറുഞ്ഞി പ്രളയമുണ്ടായത്. യുവരാജ് സിങ് എന്ന പഞ്ചാബി ശൗര്യത്തെ സ്ലെഡ്ജ് ചെയ്ത സ്റ്റുവർട്ട് ബോർഡ് എന്ന കൗമാരം വിടാത്ത ചെറുപ്പക്കാരനെ കിങ്‌സ്‌മേടിന്റെ മൈതാന മധ്യത്തു നിന്നും നാലു പാടും സിക്സറിനു തൂക്കി ഒരോവറിൽ എല്ലാ പന്തും ഒരാൾ സിക്സടിക്കുക എന്ന ക്രിക്കറ്റിലെ അപൂർവതയ്ക്കു ഇന്ത്യൻ ക്രിക്കറ്റ് പ്രേമികൾ സാക്ഷിയായി. ഇരുപത് ഓവറിൽ ഇരുനൂറ്റിപതിനെട്ടെന്ന ഹിമാലയൻ ടാർജറ്റ് ഉയർത്തി ഇന്ത്യ ആ മത്സരം ജയിച്ചു കയറി. ആ മത്സരത്തിനു മറ്റൊരു പ്രത്യേകത കൂടി ഉണ്ടായിരുന്നു. പിൽക്കാലത്തു കൂറ്റനടികളുടെയും കൂറ്റൻ ഇന്നിഗ്‌സുകളുടെയും കൂട്ടുകാരനായി മാറിയ രോഹിത് ശർമ്മയുടെ ആദ്യ മത്സരം കൂടി ആയിരുന്നു അത്.
സെമി ഫൈനലിൽ കപ്പ് ഫേവറേറ്റുകളായ ഓസ്‌ട്രേലിയയെ തകർത്തു മുന്നേറിയ ടീം തങ്ങളാണ് ഈ ടൂർണമെന്റിന്റെ പടക്കുതിരകളെന്നു പറയാതെ പറഞ്ഞു. കളിക്കളം നിറയുന്ന ആവേശവുമായി മലയാളികളുടെ സ്വന്തം ശാന്തകുമാരൻ ശ്രീശാന്ത് ഓസ്‌ട്രേലിയൻ വിക്കറ്റുകളുടെ അന്തകനായി.

നാലോവറിൽ വെറും പന്ത്രണ്ടു റൺസ് മാത്രം വഴങ്ങി ഹെയ്‌ഡന്റേതടക്കം പ്രധാപ്പെട്ട വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ ഇംഗ്ലണ്ടുമായുള്ള കളിയിൽ നിർത്തിയിടത്തു നിന്നും തുടങ്ങിയ യുവരാജ് മുപ്പതു പന്തിൽ എഴുപതു റൺസ് നേടി മാൻ ഓഫ് ദി മാച്ചായി.

ആരും കൊതിക്കുന്നൊരു സ്വപ്ന തുല്യമായ ഇന്ത്യ പാകിസ്ഥാൻ ഫൈനൽ. ക്രിക്കറ്റിന്റെ സർവ്വ മനോഹാരിതയും പ്രവചനാത്മകതയില്ലായ്മയും വെളിവാക്കിയ ഏറ്റവും മനോഹരമായ സായാഹ്നം. സൂചി എറിഞ്ഞാൽ നിലത്തു വീഴാൻ വയ്യാത്ത വിധം സദാ തിരക്കും ജന നിബിഡവുമായ മുബൈ എന്ന മഹാ നഗരം മൂന്നു മണിക്കൂറത്തേയ്ക്കു നിശ്ചലമായി. ടെലിവിഷൻ സീറ്റുകളുടെ മുന്നിൽ പ്രാർത്ഥനയും പൂജയും ഹൃദയം നിലയ്ക്കുന്ന കാഴ്ച്ചകളുമായി ഇന്ത്യൻ ക്രിക്കറ്റ് പ്രേമികൾ തപസിരുന്നു. ഓരോ ബോളിലും ജയപരാജയങ്ങൾ മാറി മറിഞ്ഞ കളിയിൽ ഷോർട്ട് ഫൈൻ ലെഗിൽ ഒളിച്ചു നിന്ന ശ്രീശാന്തെന്ന മലയാളിയുടെ സുരക്ഷിത കരങ്ങളിൽ മിസ് ബാ ഉൾ ഹക്കെന്ന പാകിസ്താന്റെ അവസാനത്തെ ബാറ്റ്സ്മാനും എത്തിയതോടെ ഇന്ത്യ അക്ഷരാർത്ഥത്തിൽ ത്രസിച്ചു. ഇന്ത്യൻ ക്രിക്കറ്റിന്റെ പുതിയ രാജവീഥിയിലൂടെയുള്ള യാത്രയിതാ ആരംഭിച്ചിരിക്കുന്നു …

നാളെ : ഐ പി എൽ പുത്തൻ ക്രിക്കറ്റ് കാർണിവൽ.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker