രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി സി.പി.എം വര്‍ഗീയതയെ പുണരുന്നു:മുല്ലപ്പള്ളി
രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി താരാതരം വര്‍ഗീയതയെ പുണരുന്ന ചരിത്രമാണ് സി.പി.എമ്മിനുള്ളതെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.കെ.പി.സി.സി ആസ്ഥാനത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുക ആയിരുന്നു മുല്ലപ്പള്ളി.
വര്‍ഗീയ കാര്‍ഡിറക്കി തിരഞ്ഞെടുപ്പിനെ അനുകൂലമാക്കാനാണ് എക്കാലവും സി.പി.എം ശ്രമിച്ചിട്ടുള്ളത്.അധികാരം നഷ്ടമാകുമെന്ന തിരിച്ചറിവിനെ തുടര്‍ന്ന് സമനില തെറ്റിയത് കൊണ്ടാണ് സി.പി.എമ്മും മുഖ്യമന്ത്രിയും വര്‍ഗീയ കാര്‍ഡ് ഇറക്കുന്നത്.ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ശബരിമല പ്രശ്‌നം ഉയര്‍ത്തി വര്‍ഗീയത ആളിക്കത്തിക്കാന്‍ മുഖ്യമന്ത്രി ശ്രമിച്ചു. ഹൈന്ദവ വര്‍ഗീയതയും ന്യൂനപക്ഷ തീവ്രവാദവും പലപ്പോഴും തിരഞ്ഞെടുപ്പ് വിജയത്തിനായി അദ്ദേഹം ഉപയോഗിക്കുന്ന കാഴ്‌ചയാണ് കേരളം കണ്ടത്. ശബരിമല വിഷയത്തില്‍ സി.പി.എമ്മിന്റെ കൈ പൊള്ളിയത് മുഖ്യമന്ത്രി മറക്കരുത്. ആ പ്രശ്‌നം സങ്കീര്‍ണ്ണമാക്കിയത് മുഖ്യമന്ത്രിയാണെന്നും മുല്ലപ്പള്ളി പറഞ്ഞു.
ഇപ്പോള്‍ മുഖ്യമന്ത്രിയും സി.പി.എമ്മും സങ്കുചിത രാഷ്ട്രീയ താല്‍പ്പര്യത്തിന് വേണ്ടി വിശുദ്ധ ഖുറാനെ വിവാദങ്ങളിലേക്ക് വലിച്ചിഴക്കുന്നു. പാര്‍ട്ടി സെക്രട്ടറിയും നേതാക്കളും ഇതേ ശ്രമം നടത്തുന്നു.ഇത് മതവിശ്വാസികളുടെ മനസ്സില്‍ മുറിവുണ്ടാക്കി എന്നതില്‍ സംശയമില്ല. അത്യന്തം ആപല്‍ക്കരമായ കളിയാണ് മുഖ്യമന്ത്രിയുടേത്. നമ്മുടെ നാടിന്റെ മതേതരചിന്തക്ക് വിരുദ്ധമാണിത്.രാഷ്ട്രീയ മര്യാദയും മതേതര വിശ്വാസികളോട് എന്തെങ്കിലും പ്രതിബദ്ധതയും സി.പി.എമ്മിന് ഉണ്ടെങ്കില്‍ അന്താരാഷ്ട്ര മാനമുള്ള സ്വര്‍ണ്ണക്കള്ളക്കടത്ത് കേസില്‍ വിശുദ്ധ ഖുറാനെ വലിച്ചിഴക്കരുത്. വിശുദ്ധ ഖുറാനും ഈന്തപ്പഴവും കൊണ്ടുവരാന്‍ എന്തിനാണ് നയതന്ത്ര ബാഗ് ഉപയോഗപ്പെടുത്തിയത്. 17000 കിലോ ഈന്തപ്പഴം എത്തിയതിലെ ദുരൂഹത എന്തുകൊണ്ട് കംസ്റ്റംസ് നേരത്തെ തിരിച്ചറിഞ്ഞില്ല.ഈ ഇടപാടില്‍ കംസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്കും പങ്കുണ്ടോയെന്ന് പരിശോധിക്കണം.അന്താരാഷ്ട്ര മാനമുള്ള കേസായതിനാല്‍ ഇതിന്റെ എല്ലാ വശങ്ങളും പരിശോധിക്കാന്‍ റോ അന്വേഷിക്കുന്നതാണ് ഉചിതമെന്നും മുല്ലപ്പള്ളി പറഞ്ഞു.
*സ്വര്‍ണ്ണക്കടത്ത് കേസ്; ബി.ജെ.പി നിലപാട് വ്യക്തമാക്കണം:*
സ്വര്‍ണ്ണക്കള്ളക്കടത്ത് കേസില്‍ ബി.ജെ.പിയുടെ നിലപാട് വ്യക്തമാക്കണം.വിദേശകാര്യ സഹമന്ത്രി പറയുന്നത് സ്വര്‍ണ്ണക്കടത്ത് നടന്നത് നയതന്ത്ര ബാഗിലല്ലെന്നാണ്.എന്തിന് വേണ്ടിയാണ് മന്ത്രി ഇങ്ങനെ പറയുന്നതെന്ന് ബി.ജെ.പി നേതൃത്വം വിശദീകരിക്കണം. സ്വര്‍ണ്ണക്കടത്ത് കേസിന്റെ ഗതി പരിശോധിക്കുമ്പോള്‍ സി.പി.എമ്മും ബി.ജെ.പിയും തമ്മിലുള്ള രഹസ്യധാരണ വ്യക്തമാകും.വരാന്‍ പോകുന്ന അസംബ്ലി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള ധാരണയുടെ പ്രതിഫലനമാണ് ബി.ജെ.പി നേതാക്കളുടെ ഇത്തരം പ്രതികരണത്തില്‍ കാണുന്നത്.
*ലൈഫ് മിഷനില്‍ ഉടനീളം ഒളിച്ചുകളി:*
ലൈഫ് മിഷന്‍ പദ്ധതിയില്‍ മുഖ്യമന്ത്രിക്ക് എന്താണ് ഒളിച്ചു വയ്‌ക്കാനുള്ളത്.ലൈഫ് മിഷനും റെഡ്‌ക്രസന്റും തമ്മിലുണ്ടാക്കിയ ധാരണാ പത്രത്തിന്റെ വിശദാംശങ്ങള്‍ പുറത്ത് വിടാന്‍ മുഖ്യമന്ത്രി എന്തുകൊണ്ട് തയ്യാറാകുന്നില്ല.നാലുകോടിയുടെ കമ്മീഷന്‍ ഇടപാട് ലൈഫ് മിഷനില്‍ നടന്നെന്ന് മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് ഒന്‍പത് കോടിയുടെ അഴിമതി നടന്നിട്ടുണ്ട്. ഇത് അന്വേഷിക്കപ്പെടേണ്ടതാണ്. മുഖ്യമന്ത്രി യാഥാര്‍ത്ഥ്യങ്ങളില്‍ നിന്നും ഒളിച്ചോടുകയാണെന്നും മുല്ലപ്പള്ളി പറഞ്ഞു.
*കേരളത്തെ കുരുതിക്കളമാക്കുന്നു:*
കെ.ടി.ജലീല്‍ വിഷയവുമായി ബന്ധപ്പെട്ട് നടക്കുന്ന സമരങ്ങളെ പ്രാകൃതമായ രീതിയില്‍ അടിച്ചമര്‍ത്തുകയാണ്.യുവതികള്‍പോലും പോലീസിന്റെ നരനായാട്ടിന് ഇരയായി.ഫാസിസ്റ്റുകളും സേച്ഛാധിപതികളും എക്കാലത്തും എതിര്‍ ശബ്ദങ്ങളെ നിശബ്ദമാക്കാനാണ് ശ്രമിക്കുന്നത്.അതേ സ്റ്റാലിനിസ്റ്റ് രീതിയാണ് കേരളത്തിലും മുഖ്യമന്ത്രി നടപ്പാക്കുന്നത്. ക്രൂരമായിട്ടാണ് വിദ്യാര്‍ത്ഥികളേയും യുവാക്കളേയും പോലീസിനെ ഉപയോഗിച്ച് തല്ലിച്ചതക്കുന്നത്. കേരളത്തെ കുരുതി കളമാക്കാന്‍ മുഖ്യമന്ത്രിക്ക് ആരാണ് അധികാരം നല്‍കിയത്. എക്കാലവും ഈ ഭരണമുണ്ടാകില്ലെന്ന് രാജാവിനേക്കാള്‍ വലിയ രാജഭക്തി കാണിക്കുന്ന പോലീസുകാര്‍ ഓര്‍ക്കുന്നത് നല്ലതാണെന്നും മുല്ലപ്പള്ളി പറഞ്ഞു.