11കാരിയെ പീഡിപ്പിച്ച 54 കാരൻ പിടിയിൽ

കേവലം പതിനൊന്നു വയസു മാത്രം പ്രായമുള്ള പെൺകുട്ടിയെ കാറില്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച 54 കാരനായ നരാധമനെ ഒടുവിൽ പോലീസ് അറസ്റ്റു ചെയ്തു. ബദിയടുക്ക ഗോളിയടുക്കയില്‍ താമസക്കാരനായ മൊയ്തുവാണ് അറസ്റ്റിലായത്. ഇയാൾ കർണാടക സ്വദേശിയാണ്. ആദൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിൽ താമസിക്കുന്ന പെണ്‍കുട്ടിയെ കഴിഞ്ഞ ഏപ്രില്‍ മാസം കാറില്‍ തട്ടിക്കൊണ്ടുപോയി മൊയ്തു പീഡിപ്പിച്ചുവെന്നാണ് പരാതി.

ബദിയടുക്കയിലെ വിവിധ ഭാഗങ്ങളില്‍ കൊണ്ടുപോവുകയും കാറില്‍ വെച്ച് പീഡിപ്പിക്കുകയുമായിരുന്നുവെന്നു പരാതിയില്‍ പറയുന്നു. കുട്ടിക്ക് അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വീട്ടുകാര്‍ കൗണ്‍സിലിംഗ് സെന്ററില്‍ പ്രവേശിപ്പിച്ചതോടെയാണ് വിവരം പുറത്തറിഞ്ഞത്. തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ വിവരമറിയിക്കുകയായിരുന്നു. ചൈല്‍ഡ് ലൈന്‍ അധികൃതര്‍ വിദ്യാനഗര്‍ പൊലീസില്‍ പരാതി നല്‍കി. വിദ്യാനഗര്‍ പൊലീസ് ആദൂര്‍ പൊലീസിന് കേസ് കൈമാറുകയായിരുന്നു. അതിനിടെ പ്രതി മൊയ്തു ഒളിവില്‍ പോയി.

ഇന്നലെ ഗോളിയടുക്കയിലെ വീട്ടിലെത്തിയിട്ടുണ്ടെന്ന വിവരത്തെ തുടര്‍ന്ന് ആദൂര്‍ എസ്.ഐ രത്‌നാകരന്‍ പെരുമ്പളയുടെ നേതൃത്വത്തില്‍ ഇവിടെയെത്തി പിടികൂടുകയായിരുന്നു.
മൊയ്തുവിന്റെ കാര്‍ ഡ്രൈവറേയും പ്രതിചേര്‍ക്കുമെന്ന് പൊലീസ് പറഞ്ഞു. നിരവധി കേസുകളില്‍ പ്രതിയാണ് മൊയ്തു .

Leave a Reply

Your email address will not be published. Required fields are marked *