NEWS

മുഖ്യമന്ത്രി സങ്കൽപ ലോകത്തെന്ന് പ്രതിപക്ഷ നേതാവ്

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ  വാര്‍ത്താ സമ്മേളനത്തിൽ നിന്ന് –

 കേരളത്തില്‍ ഉയര്‍ന്ന്  വരുന്ന  എല്ലാ വിവാദങ്ങളും സങ്കല്‍പ്പ കഥകളാണെന്നാണ് മുഖ്യമന്ത്രി പറയുന്നത്.  വാസ്തവത്തില്‍ മുഖ്യമന്ത്രിയാണ് സങ്കല്‍പ്പ ലോകത്തില്‍ നില്‍ക്കുന്നത്.     അഴിമതിയിലും സ്വജനപക്ഷ പാതത്തിലും മുങ്ങിത്താഴുന്ന ഈ സര്‍ക്കാരിന്റെ മുഖം വികൃതമായതിനെക്കുറിച്ച് മുഖ്യമന്ത്രി സംസാരിക്കാത്തത് എന്തു കൊണ്ട്.?    അദ്ദേഹത്തിനോട് ചോദിക്കുന്ന  ഒരു ചോദ്യത്തിനും മറുപടിയില്ല. അഴിമതിക്ക് കൂട്ടുനില്‍ക്കുകയും അഴിമതിക്കാരെ വെള്ളപൂശുകയുമാണ്  അദ്ദേഹം ചെയ്യുന്നത്. അഴിമതിക്ക്   കുടപിടിക്കുന്ന ഇതുപോലൊരു മുഖ്യമന്ത്രിയെ  കേരളം കണ്ടിട്ടില്ല.

2.എല്ലാം സാങ്കല്പികമായ കെട്ടുകഥയെന്നാണ് മുഖ്യമന്ത്രി പറയുന്നത്. അതായത് സ്വര്‍ണ്ണക്കടത്ത്  കേസ് കെട്ടുകഥ,  സ്വപ്നയെയും സംഘത്തെയും അറസ്റ്റ് ചെയ്തത് സങ്കല്‍പ്പകഥ, ശിവശങ്കരനെ ചോദ്യം ചെയ്തത് സങ്കല്‍പ്പകഥ,  നയതന്ത്ര ചാനലിലിലൂടെ പാഴ്സല്‍  കടത്തിയത് സങ്കല്‍പ്പികം, കോടിയേരി ബാലകൃഷ്ണന്റെ മകന് മയക്കുമരുന്ന് സംഘങ്ങളുമായും  സ്വര്‍ണ്ണക്കള്ളക്കടത്തുകാരുമായും ബന്ധമുണ്ടെന്ന് സങ്കല്പ്പകഥ, കോടിയേരിയുടെ  മകനെയും ഇ ഡി  ചോദ്യം   ചെയ്തത് സങ്കല്‍പ്പകഥ, ലൈഫ് മിഷനില്‍   ഒരു മന്ത്രി പുത്രന്‍ കമ്മീഷന്‍ പറ്റിയെന്നതും സങ്കല്‍പ്പകഥ, ഈ വാര്‍ത്ത വന്നതിന് തൊട്ടുപിന്നാലെ മന്ത്രി ഇ പി ജയരാജന്റെ ഭാര്യ   ക്വാറന്റൈന്‍  ലംഘിച്ച്  ബാങ്കില്‍ പാഞ്ഞ് ചെന്ന് ലോക്കറില്‍ പരതിയതും  സാങ്കല്‍്പ്പിക കഥ… അങ്ങിനെ എല്ലാം കെട്ടുകഥയെന്നാണ് മുഖ്യമന്ത്രി പറയുന്നത്.  എത്ര   നാള്‍ ഇങ്ങിനെ മുഖ്യമന്ത്രിക്ക് ജനങ്ങളെ കബളിപ്പിക്കാന്‍ പറ്റൂം?   എത്ര നാള്‍ കുറ്റവാളികള്‍ക്ക് സംരക്ഷണമൊരുക്കും?

3. ഇന്ന്  പ്രതിക്കൂട്ടില്‍  നില്‍ക്കുന്നത് മുഖ്യമന്ത്രിയാണ്. മാധ്യമങ്ങളിലൂടെ വരുന്നത് നുണക്കഥകളാണ് എന്ന് പറഞ്ഞ് മുഖ്യമന്ത്രിക്ക്  രക്ഷപെടാന്‍ കഴിയില്ല.  മാധ്യമങ്ങള്‍ പുറത്ത് കൊണ്ടുവരുന്ന വസ്തുതകള്‍ക്ക്  മറുപടി പറയേണ്ടതിന് പകരം സങ്കല്‍പ്പ ലോകത്തെ  കഥകളാണെന്ന്  പറഞ്ഞു  രക്ഷപെടാന്‍ ശ്രമിക്കുന്നത്   അപഹാസ്യമാണ്.  നാണം കെട്ട നാറിയ കഥകള്‍ ഭരണത്തിന്റെ ഇടനാഴികളിലുണ്ടാകുന്നു.  മന്ത്രിമാര്‍, മന്ത്രിമാരുടെ മക്കള്‍, പാര്‍ട്ടി സെക്രട്ടറി, പാര്‍ട്ടി സെക്രട്ടറിയുടെ മകന്‍ ഒക്കെ ഉള്‍പ്പെടുന്ന  അഴിമതികളുടെയും കള്ളക്കടത്തന്റെയും കഥകള്‍ പകല്‍ പോലെ വ്യക്തമായിട്ടും  അതൊക്കെ ജനങ്ങളോട് വിശദീകരിക്കാന്‍ മുഖ്യമന്ത്രിക്ക് കഴിയാതെ പോകുന്നത് എന്ത് കൊണ്ടാണ്?  

ഇനി നാളെ സൂര്യന്‍ ഉദിക്കുന്നതും അസ്തമിക്കുന്നതും സാങ്കല്‍പ്പികമാണെന്ന് മുഖ്യമന്ത്രി പറഞ്ഞേക്കും.

4. ഇന്നലെ പത്ര   സമ്മേളനത്തില്‍ മുഖ്യമന്ത്രി എന്താണ് പറഞ്ഞത് ?  മന്ത്രി കെ ടി ജലീലിനെ  ഇ ഡി വിളിച്ച്  വരുത്തിയത്  ചിലസംശയങ്ങള്‍ ചോദിക്കാനായിരുന്നുവത്രെ. അദ്ദേഹം  അവയ്ക്ക് മറുപടി നല്‍കി. ഓഹോ അത്രേയേയുള്ളുവെന്ന് ഇ ഡി തിരിച്ചു ചോദിച്ചു എന്ന തരത്തിലാണ് മുഖ്യമന്ത്രി വിശദീകരിക്കുന്നത്.  

ഉന്നത വിദ്യഭ്യാസ മന്ത്രിയെ വിളിച്ച് വരുത്തി ചായയും പരിപ്പുവടയും കൊടുത്തു സന്തോഷിപ്പിച്ചു പറഞ്ഞുവിട്ടു എന്നാണ് മുഖ്യമന്ത്രി പറയുന്നത് കേട്ടാല്‍ തോന്നുക.

5. അത്രക്കാണ് മുഖ്യമന്ത്രി അതിനെ നിസാരവല്‍ക്കരിച്ചത്.  സംസ്ഥാനത്തെ ഒരു മന്ത്രിയെ അതും രാജ്യദ്രോഹപരമായ കുറ്റം ആരോപിക്കാവുന്ന വിഷയത്തില്‍ ഇ ഡി ചോദ്യം ചെയ്തിട്ട്  അതില്‍ മുഖ്യമന്ത്രി കാണിക്കുന്ന ലാഘവത്വം ജനങ്ങള്‍ ഗൗരവത്തോടെ കാണേണ്ട കാര്യമാണ്.  വഖഫിന്റെ ചുമതലയുള്ള മന്ത്രിക്ക് യു എ ഇ കോണ്‍സുലേറ്റില്‍ എന്താണ് കാര്യം.?  യു ഇ ഇ കോണ്‍സുലേറ്റിന്റെ ചുമതല ഈ മന്ത്രിക്കാരെങ്കിലും കൊടുത്തിട്ടുണ്ടോ?

6. ഗള്‍ഫില്‍   നിന്ന് വന്ന ഈന്തപ്പഴത്തിന്  നല്ല രുചിയുണ്ടോ എന്ന് ചോദിക്കാനല്ലല്ലോ  ഇ ഡി മന്ത്രിയെ വിളിച്ചുവരുത്തിയത്. ഈന്തപ്പഴത്തിന്റെ  കൂടെ വേറെ എന്തൊക്കെ കൊണ്ടുവന്നു എന്നറിയാനാണ് ഇ ഡി ചോദ്യം ചെയ്തത്.

ഇനി മുഖ്യമന്ത്രി പറയുന്നത് പോലെ  സംശയം ചോദിക്കാനാണ് ഇ ഡി വിളിച്ചതെങ്കില്‍ മന്ത്രി  കെ ടി ജലീല്‍ എന്തിനാണ് തലയില്‍ മുണ്ടിട്ട് പാത്തും  പതുങ്ങിയും കളളുഷാപ്പില്‍ കയറുന്ന പോലെ ഇ ഡി യുടെ ഓഫീസിലേക്ക് പോയി? ഒന്നും മറക്കാനില്ലങ്കില്‍   സ്റ്റേറ്റ് കാറില്‍ നേരെ ചെന്ന് ചോദ്യം ചെയ്യലിന് വിധേയമാകാന്‍ പാടില്ലായിരുന്നോ? സംശയം തീര്‍ത്ത് കൊടുക്കാന്‍ ആരെങ്കിലും ഒളിച്ച് പോവുമോ?  

പാവപട്ടെ  പാര്‍ട്ടി  പ്രവര്‍ത്തകരെ വിഡ്ഡികളാക്കുന്നത് പോലെ മുഖ്യമന്ത്രി ജനങ്ങളെ വിഡ്ഡികളാക്കുരുത്.

7. ഇ പി ജയരാജന്റെ ഭാര്യ ബാങ്കില്‍  പോയി ലോക്കര്‍ തുറന്നതിലും ഇതേ പോലെ ജനങ്ങളെ മണ്ടന്‍മാരക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്.
 ബാങ്കിലെ സീനിയര്‍ മാനേജരായി  റിട്ടയര്‍ ചെയ്ത  മന്ത്രിയുടെ ഭാര്യക്ക് അവിടെ ലോക്കര്‍ ഉള്ളതില്‍  എന്ത് ആശ്ചര്യമാണുള്ളതെന്ന് മുഖ്യമന്ത്രി ചോദിച്ചിരിക്കുന്നു. ജയരാജന്റെ ഭാര്യക്ക് ലോക്കറുളളത് ആശ്ചര്യകരമാണെന്ന് ആരെങ്കിലും പറഞ്ഞോ?അതല്ല ആശ്ചര്യമായ കാര്യമാണെന്ന് പറഞ്ഞത്.  കോവിഡ് പരിശോധനക്കായി സ്രവമെടുത്ത  ശേഷം ക്വാറന്റൈയിനില്‍ കഴിയേണ്ട  അവര്‍ അന്തം വിട്ട മട്ടില്‍ ബാങ്കിലേക്ക് പാഞ്ഞ് ചെല്ലുകയും ലോക്കര്‍ തുറക്കുകയും ചെയ്തതാണ്  ആശ്ചര്യമായ കാര്യം.  ഒരു മന്ത്രി പുത്രന്‍  ലൈഫ് മിഷനില്‍ കൈക്കൂലിവാങ്ങി എന്ന ആരോപണം പുറത്തേു വന്ന ഉടന്‍ തന്നെ  പാഞ്ഞ് ചെന്നു ലോക്കര്‍ തുറന്നതാണ് അതിശയകരമായ കാര്യം.  അത് കൊണ്ട് മൂന്ന് പേര്‍ക്ക് ക്വാറന്റൈനില്‍ പോകേണ്ട സാഹര്യമുണ്ടായില്ലേ?

8.ഒരു പവന്റെ മാല തൂക്കി നോക്കാനാണോ  ഇ  പി  ജയരാജന്റെ ഭാര്യ ക്വാറന്റൈന്‍ലംഘിച്ച് ബാങ്കിലേക്ക് പാഞ്ഞ് ചെന്നത്?  ബാങ്കിലെ സീനിയര്‍ മാനേജരായിരുന്ന ആള്‍ക്ക്  ഒരു മാല കണ്ടാല്‍ അത് എത്ര   പവനാണെന്ന് തിരിച്ചറിയാന്‍ കഴിയുമെന്നാണ് നമ്മുടെ ഒക്കെ വിശ്വാസം.   ലോക്കര്‍ തുറന്ന് മാറ്റേണ്ടതെല്ലാം മാറ്റിയ ശേഷം ഒരു പവന്റെ മാല തൂക്കിനോക്കാനുള്ള ബൂദ്ധി ആരുടേതാണ്?

9.   വ്യക്തമായ ആരോപണങ്ങളാണ് മുന്നിലുളളത്. അതിന് വ്യക്തമായ മറുപടിയാണ് മുഖ്യമന്ത്രി പറയേണ്ടത്. അല്ലാതെ  സാങ്കല്‍പ്പിക  കഥകള്‍ എന്ന് പറഞ്ഞ് മറച്ച് പിടിക്കുകയല്ല വേണ്ടത്.

10  മാധ്യമങ്ങളെയും മുഖ്യമന്ത്രി കണക്കറ്റ് ശകാരിക്കുകയാണ്. ഇപ്പോള്‍ എ.ഡി.ജി.പി മനോജ് എബ്രഹാമിന്റെ നേതൃത്വത്തില്‍ പത്രക്കാരെ പിടിക്കാന്‍ വേണ്ടിയിട്ട്  ഒരു സംഘത്തെ നിയോഗിച്ചിരിക്കുകയാണ്. വ്യാജ വാര്‍ത്തയുണ്ടാക്കുന്നവരെ പിടിക്കാന്‍. നരേന്ദ്രമോദിയും പിണറായി  വിജയനും തമ്മില്‍ പിന്നെ എന്താണ് വ്യത്യാസം? കേരളത്തില്‍ ആദ്യമായിട്ടാണോ മാധ്യമ പ്രവര്‍ത്തകര്‍  സര്‍ക്കാരിനെ വിമര്‍ശിക്കുന്നത്.

ഇത് മുന്‍കാല പ്രാബല്യത്തോടെ നടപ്പാക്കാന്‍  സര്‍ക്കാര്‍   തെയ്യാറുണ്ടോ എങ്കില്‍    ആദ്യത്തെ പ്രതി ഇപ്പോഴത്തെ മുഖ്യമന്ത്രിയും, അന്നത്തെ പാര്‍ട്ടി സെക്രട്ടറിയുമായ പിണറായി  വിജയന്‍ ആയിരിക്കും.

11. വളരെ സമാധാനപരമായ പ്രകടനമാണ് മന്ത്രി ജലീലിനെതിരെ യൂത്ത് കോണ്‍ഗ്രസിന്റെയും, കെ എസ് യുവിന്റെ പ്രവര്‍ത്തകര്‍ നടത്തിയത്. അവരെ  വ്യാപകമായി  തല്ലിച്ചതക്കുകയായിരുന്നു പൊലീസ്. ഒരു കാലത്തും ഇത്രയേറെ അക്രമങ്ങള്‍  പൊലീസ് നടത്തിയിട്ടില്ല. പൊലീസ് മര്‍ദ്ദനം  കേരളത്തില്‍ വ്യാപകമാകുന്നു.  സമരം ചെയ്യുന്നവരെ  തല്ലിച്ചതക്കുന്ന ഭീകര ഭരണകൂടമായി  ഈ സര്‍ക്കാര്‍ മാറിയിരിക്കുകയാണ്.  ഒരു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ   ശരീരത്തില്‍  പൊലീസ് കയറിയിരിക്കുന്ന കാഴ്ച ഇതിന്  മുമ്പ് കണ്ടിട്ടുണ്ടോ?   ഭീകരമായ നിലയിലാണ്  പൊലീസ് സമരക്കാരെ നേരിടുന്നത്. ഇതാണോ ഇടതുമുന്നിയുടെ നയം? ഈ കിരാത നയം  ജനങ്ങള്‍ അംഗീകരിക്കില്ല.

12. സ്വര്‍ണ്ണക്കടത്തിന്  മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധമുണ്ടെന്നന്ന് ആദ്യം വാര്‍ത്ത വന്നപ്പോള്‍ തന്നെ മുഖ്യമന്ത്രി മാധ്യമങ്ങളെ ശകാരിച്ചത് ഓര്‍മയില്ലേ?  എന്റെ ഓഫീസിന്  ഇത്ുമാിയ എന്ത് ബന്ധമാണുള്ളത, ് അതിന് നിങ്ങളുടെ പക്കല്‍ എന്ത് തെളിവാണുള്ളത്, ഇതാണോ മാധ്യമ ധര്‍മ്മം എന്നാണ് അന്നും  പിണറായി വിജയന്‍  ചോദിച്ചത്

 13.   എന്നാല്‍ സ്വര്‍ണ്ണക്കള്ളക്കടത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനുള്ള ബന്ധം പിന്നീട്  പുറത്ത് വന്നില്ലേ?  പ്രിന്‍സിപ്പല്‍ സെക്രട്ടറി കുരുങ്ങിയില്ലേ?  പാര്‍ട്ടി സെക്രട്ടറിയുടെ മകന്‍ കുടുങ്ങിയില്ലേ? ഇനി ആരൊക്കെ കുടുങ്ങാന്‍ പോകുന്നു?

14. ലൈഫ് മിഷന്‍ തട്ടിപ്പിന്റെ  കാര്യത്തില്‍ മുഖ്യമന്ത്രി ഇന്നലെ ക്ഷുഭിതനായത് കണ്ടു. എതെങ്കിലും  കോണ്‍ട്രാക്റ്റില്‍ ആരെങ്കിലും എന്തെങ്കിലും വൃത്തികേട്  കാണിച്ചാല്‍ സര്‍ക്കാര്‍ ഉത്തരവാദിയാകുമോ എന്നാണ് മുഖ്യമന്ത്രി ചോദിച്ചത്. ഉത്തരവാദിത്വമില്ലങ്കില്‍ എന്ത് കൊണ്ടാണ് എം ഒ യുവിന്റെ കോപ്പി ഞാന്‍  ചോദിച്ചിട്ടും തരാത്തത്?

15.  പാവങ്ങളുടെ  പേര് പറഞ്ഞ് കൊണ്ടുള്ള വന്‍ കൊള്ളയാണ് നടന്നത.് എന്നിട്ട് അതില്‍  സര്‍ക്കാരിന് എന്താണെന്നാണ്  ചോദിക്കുന്നത്.  വടക്കാഞ്ചേരി  ലൈഫ്  പദ്ധതിയുടെ എല്ലാ  ഘട്ടത്തിലും സര്‍ക്കാരിന് വ്യക്തമായ പങ്കുണ്ടെന്നതിന്‍െ രേഖകള്‍ ഇതിനകം പുറത്ത് വന്നിട്ടുണ്ട്. യൂണിടാക് എന്ന ഏജന്‍സി  പ്ളാന്‍ അംഗീകാരത്തിന് നല്‍കിയത് ലൈഫ് മിഷനാണ്.  സര്‍ക്കാര്‍ അംഗീകരാം നല്‍കുകയും ചെയ്തു. കരാര്‍ അംഗീകരിച്ചത,് മാത്രമല്ല കമ്മീഷന്‍ നിശ്ചയിച്ചതും  വീതം വച്ചതുമെല്ലാം  സര്‍ക്കാരിന്റെ  ആഭിമുഖ്യത്തിലാണ്. അങ്ങനെയൊക്കെയാണ് മന്ത്രി പുത്രന്‍മാര്‍ക്ക് അതില്‍ വിഹിതം കിട്ടിയത്.

16. മുഖ്യമന്ത്രിയുടെ ദുബായ് സന്ദര്‍ശനം ആരെങ്കിലും ദുരുപയോഗപ്പെടുത്തി യോ എന്ന് അന്വേഷിക്കണം .

പുറത്തുവരുന്ന കണക്കുകളെ ക്കാള്‍ കൂടുതല്‍ തുക എത്തി എന്ന  വിവരമാണ് നേരത്തെ ലഭിച്ചുകൊണ്ടിരുന്നത്. ഇതില്‍ സര്‍ക്കാര്‍ വ്യക്തത വരുത്തണം . സര്‍ക്കാരിന്  നേരിട്ടും  അല്ലാതെയും വന്ന സഹായങ്ങള്‍ എത്രയാണ്?    ഇതില്‍  വിദേശകാര്യ  മന്ത്രാലയവും  വ്യക്തത വരുത്തണം. കേരളത്തിന് പ്രളയ സഹായം ആയി ഏതൊക്കെ സംഘടനകള്‍സംഭാവന നല്‍കി, ആരൊക്കെ ദുബായില്‍ നിന്ന് പണം സംഭാവനചെയ്തു, അങ്ങനെ വന്ന തുക ഏതൊക്കെ കാര്യത്തിന് ചെലവഴിച്ചു എന്ന് ജനങ്ങളോട് വ്യക്തമാക്കണം.

 പ്രളയസഹായം ആര്‍ക്ക്  ഒക്കെ നല്‍കി,  ലൈഫ് മിഷന്‍ പദ്ധതിക്ക്  കമ്മീഷന്‍ തട്ടിയത് പോലെ വേറെ  ഏതൊക്കെ പദ്ധതിക്ക് പണമെത്തിച്ചു  എന്നും വ്യക്തമാക്കണം. അതിനെക്കുറിച്ച് ഇന്ന് വരെ മുഖ്യമന്ത്രി വ്യക്തമായ മറുപടി പറഞ്ഞിട്ടില്ല.  അതോ കടലാസ് പദ്ധതികളും  കടലാസ് സംഘടനകളും ആണോ പണം കൊണ്ടു പോയത്.  ഇതു കൂടാതെ സര്‍ക്കാരിന്  നേരിട്ടും അല്ലാതെയും  വിദേശസഹായം കിട്ടിയതും വെളിപ്പെടുത്തണം.

17 . എന്റെ നിയോജകമണ്ഡലമായ  ഹരിപ്പാട് വലയഴീക്കലില്‍  കരിമണല്‍ ഖനനം നടത്താന്‍ സര്‍ക്കാര്‍ വീണ്ടും  അനുമതി നല്‍കിയിരിക്കുകയാണ്. അതിനെ ശക്തമായി തന്നെ  നേരിടുന്നതാണ്.  കായംകുളം പൊഴിയില്‍ നിന്നെടുക്കുന്ന കരിമണല്‍  അത് വേര്‍തിരിച്ച് അത് വേര്‍തിരിച്ച് കൊണ്ടുപോകാന്‍  സര്‍ക്കാര്‍ ആരംഭിച്ചിരിക്കുന്ന നടപടികള്‍ അവസാനിപ്പിക്കണം. ഇതുമായി ബന്ധപ്പെട്ട് ഒരു   കത്ത് ഞാന്‍ മുഖ്യമന്ത്രിക്ക് കൊടുത്തിട്ടുണ്ട്. ഈ കോവിഡ് കാലത്ത് എന്നെയും എന്റെ നിയോജകമണ്ഡലത്തിലെ ജനങ്ങളെയും പ്രക്ഷോഭത്തിലേക്ക് തള്ളിവിടരുതെന്ന മുന്നറയിപ്പ് നല്‍കുകയാണ്.  തോട്ടപ്പിള്ളിയിലെ ഖനനം നിര്‍ത്തിയപോലെ ഇതും നിര്‍ത്തി വയ്കണമെന്ന ഞാന്‍ വ്യവസായമന്ത്രിയോട് ആവശ്യപ്പെടുന്നു.

Back to top button
error: