NEWS

ജനങ്ങള്‍ക്ക് വേണ്ടിയുള്ള പദ്ധതികള്‍ അട്ടിമറിയ്ക്കാന്‍ ചില മാധ്യമങ്ങള്‍ ശ്രമിക്കുന്നു: മുഖ്യമന്ത്രി

നാടിന്‍റെ വികസനത്തിനും ജനങ്ങളുടെ ക്ഷേമത്തിനും വേണ്ടി സര്‍ക്കാര്‍ ചെയ്യുന്ന കാര്യങ്ങളെ അട്ടിമറിക്കാനാണ് ചില മാധ്യമങ്ങള്‍ ശ്രമിക്കുന്നുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

കോന്നി ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളേജിന്‍റെ ഒന്നാംഘട്ടം വീഡിയോ കോണ്‍ഫറന്‍സ് വഴി ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

Signature-ad

ജനങ്ങള്‍ എന്ത് ആഗ്രഹിക്കുന്നുവോ, അതു നടക്കരുത് എന്ന ചിന്തയാണ് സംസ്ഥാനത്ത് ഒരു കൂട്ടരെ നയിക്കുന്നത്. ചില മാധ്യമങ്ങളും അതിനൊപ്പമാണ്. ഇന്ന് ഇറങ്ങിയ ഒരു പത്രത്തിന്‍റെ പ്രധാന തലക്കെട്ട് കണ്ടില്ലേ.  ലൈഫ് മിഷന്‍ എന്നാല്‍ കൈക്കൂലിയുടെ പദ്ധതിയെന്ന പ്രതീതി വരുത്താനല്ലേ പത്രം ശ്രമിച്ചത്. അതാണോ സ്ഥിതി. കൂരയില്ലാത്ത 2.26 ലക്ഷം കുടുംബങ്ങള്‍ക്കല്ലേ വീട് കിട്ടിയത്. അവര്‍ ഇന്ന് സ്വന്തം വീടുകളിലാണ്. ഓരോ പ്രദേശത്തും എങ്ങനെയാണ് വീടുകള്‍ പൂര്‍ത്തിയാക്കിയതെന്ന് ജനങ്ങള്‍ക്കറിയാം.  ബാക്കി വീടുകള്‍ പൂര്‍ത്തിയാക്കാനുള്ള നടപടി ആരംഭിച്ചു കഴിഞ്ഞു. ഇതൊക്കെ  നാടിന്‍റെ നേട്ടമായും അഭിമാനമായും വരുമ്പോള്‍ അതിനെ കരിവാരിത്തേക്കണം. അതിനാണ് ഇത്തരം പ്രചാരണവും വാര്‍ത്തകളും. ഏതെങ്കിലും ഒരു കരാറുകാരനുമായി ബന്ധപ്പെട്ട് എന്തെങ്കിലും നടന്നുവെങ്കില്‍ അതിനെ ലൈഫ് മിഷനുമായി എന്തിന് ബന്ധപ്പെടുത്തണം?

സര്‍ക്കാര്‍ ജനങ്ങള്‍ക്കുവേണ്ടി ചെയ്യുന്ന കാര്യങ്ങള്‍ മറച്ചുവെക്കണം. അതിനാണ് ഇത്തരത്തിലുള്ള പ്രചാരണം. ഇതുകൊണ്ടൊന്നും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാവില്ല. ഒരു ദിവസത്തെ വാര്‍ത്ത കണ്ട് അവര്‍ വിധിപറയില്ല. അവരുടെ അനുഭവം, നാടിന്‍റെ അനുഭവം – അതിേന്മേലാണ് ജനങ്ങള്‍ വിധിയെഴുത്ത് നടത്തുക.

ജനങ്ങളോടൊപ്പം സന്തോഷിക്കാന്‍ കഴിയാത്തവരാണ് കോന്നി മെഡിക്കല്‍ കോളേജിന്‍റെ ഉദ്ഘാടന പരിപാടി ബഹിഷ്കരിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കെടുകാര്യസ്ഥതകൊണ്ട് നിലച്ചുപോയ പദ്ധതി, ഈ സര്‍ക്കാര്‍ വന്നശേഷമാണ് പുനരാരംഭിച്ചത്. അതുകൊണ്ട്, പദ്ധതി ഉപേക്ഷിക്കപ്പെട്ടതിന് കാരണക്കാരായവര്‍ക്ക് ജാള്യമുണ്ടാകുന്നതു സ്വാഭാവികമാണ്. പൂര്‍ണ തോതിലുള്ള മെഡിക്കല്‍ കോളേജാണ് കോന്നിയില്‍ യാഥാര്‍ത്ഥ്യമാകുന്നത്. ഈ ഘട്ടത്തില്‍ സന്തോഷിക്കാന്‍ ഇക്കൂട്ടര്‍ക്ക് കഴിയുന്നില്ല. നാട്ടില്‍ ഇതൊന്നും നടക്കരുത്. നടക്കുന്നതിന്‍റെ ശോഭകെടുത്തണം. മറച്ചുവയ്ക്കണം – ഈ മാനസികനിലയാണ് ഇവരെ നയിക്കുന്നത്. ഇവര്‍ക്ക് സഹിക്കാനാവാത്ത ഒട്ടേറെ കാര്യങ്ങള്‍ നാലരവര്‍ഷത്തിനിടയില്‍ സംസ്ഥാനത്ത് നടന്നിട്ടുണ്ട്. ആരോഗ്യരംഗത്തെ വളര്‍ച്ച വേറിട്ടുനില്‍ക്കുന്നു. കോവിഡ് മഹാമാരിയെ പ്രതിരോധിക്കുന്നതിന് പ്രധാനമായും സഹായിച്ചത് നമ്മുടെ മെച്ചപ്പെട്ട ആരോഗ്യസംവിധാനമാണ്. പ്രാഥമികാരാഗ്യ കേന്ദ്രങ്ങള്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളായി. താലൂക്ക്തലം മുതല്‍ മെഡിക്കല്‍ കോളേജ് വരെയുള്ള ആശുപത്രികളില്‍ സൂപ്പര്‍ സ്പെഷ്യാലിറ്റി സൗകര്യം വന്നു. ഇത്തരം നേട്ടങ്ങള്‍ രാജ്യവും ലോകവും അംഗീകരിക്കുമ്പോഴും അംഗീകരിക്കാന്‍ കഴിയാത്ത മാനസികാവസ്ഥയില്‍ ഒരു വിഭാഗമുണ്ട്. കോവിഡ്-19 വ്യാപനം നാം നിയന്ത്രിച്ചു നിര്‍ത്തിയതുപോലും അവര്‍ക്ക് ഉള്‍ക്കൊള്ളാനായില്ല. രോഗം വ്യാപിപ്പിക്കുന്നതിന് ഉതകുന്ന സന്ദേശം ജനങ്ങള്‍ക്ക് നല്‍കാനാണ് അവര്‍ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കോന്നി മെഡിക്കല്‍ കോളേജ്, പത്തനംതിട്ട ജില്ലക്ക് മാത്രമല്ല, കൊല്ലം ജില്ലയുടെ കിഴക്കന്‍ മേഖലയിലുള്ളവര്‍ക്കും ശബരിമല തീര്‍ത്ഥാടകര്‍ക്കും പ്രയോജനകരമാകും. മെഡിക്കല്‍ കോളേജ് സമയബന്ധിതമായി പൂര്‍ത്തിയാക്കും. 351 കോടി രൂപയുടെ പ്രവൃത്തിക്ക് ഭരണാനുമതി നല്‍കിയിട്ടുണ്ട്. മാസ്റ്റര്‍ പ്ലാന്‍ ലഭിക്കുന്ന മുറയ്ക്ക് ആവശ്യമായ തുക കിഫ്ബിയില്‍ നിന്ന് ലഭ്യമാക്കും.

ആരോഗ്യമന്ത്രി കെ.കെ. ശൈലജ അധ്യക്ഷയായിരുന്നു. കെ.യു. ജനീഷ്കുമാര്‍ എം.എല്‍.എ സ്വാഗതം പറഞ്ഞു. വനം മന്ത്രി  കെ.രാജു, എം.എല്‍.എമാരായ രാജു എബ്രഹാം, വീണ ജോര്‍ജ് തുടങ്ങിയവരും പങ്കെടുത്തു.

Back to top button
error: