NEWS

ഉമ്മൻ ചാണ്ടി തന്നെ മുഖ്യമന്ത്രി സ്ഥാനാർത്ഥി, ഹൈക്കമാൻഡ് തീരുമാനവും അനുകൂലം

സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമാകുകയാണ് മുൻമുഖ്യമന്ത്രിയും എ ഐ സി സി ജനറൽ സെക്രട്ടറിയുമായ ഉമ്മൻ‌ചാണ്ടി. അടുത്ത തെരഞ്ഞെടുപ്പിൽ കേരളത്തിൽ യു ഡി എഫ് ഭരണം പിടിക്കും എന്ന ആത്മവിശ്വാസത്തിലാണ് കോൺഗ്രസ്‌ ഹൈക്കമാൻഡ്. ഈ പശ്ചാത്തലത്തിൽ ഉമ്മൻചാണ്ടി സർക്കാരിനെ നയിക്കട്ടെ എന്ന നിലപാടിലേക്ക് എത്തുകയാണ് ഹൈക്കമാൻഡ്.

കേരളത്തിലെ യു ഡി എഫിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി സ്വാഭാവികമായി ഉയർന്നു വരേണ്ട പേര് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടേതാണ്‌. എന്നാൽ രമേശിന്റെ മുമ്പിൽ പ്രതിബന്ധങ്ങൾ ചെറുതല്ല. അതിൽ സുപ്രധാനം സംസ്ഥാന രാഷ്ട്രീയത്തിലേക്ക് ഉമ്മൻചാണ്ടി മടങ്ങി വരാൻ തീരുമാനിച്ചതാണ്.

ആരാകും അടുത്ത മുഖ്യമന്ത്രി എന്ന് ഉമ്മൻ‌ചാണ്ടിയോട് മാധ്യമ പ്രവർത്തകർ ചോദിക്കുക ഉണ്ടായി.ഹൈക്കമാൻഡ് തീരുമാനിക്കും എന്നായിരുന്നു ഉത്തരം. രമേശ് ചെന്നിത്തല എന്നായിരുന്നില്ല ഉത്തരം. മാത്രമല്ല അടുത്ത തവണ പുതുപ്പള്ളിയിൽ മത്സരിക്കും എന്നും ഉമ്മൻ‌ചാണ്ടി കൃത്യമായി പറഞ്ഞു വച്ചു.

സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമാകണമെന്നും ആന്ധ്രയുടെ  ചുമതലയിൽ നിന്ന് തന്നെ ഒഴിവാക്കണം എന്നും ഉമ്മൻചാണ്ടി ഹൈക്കമാൻഡിനെ അറിയിച്ചതാണ്. ഒരുവേള ഹൈക്കമാൻഡ് അത് പരിഗണിച്ചതുമാണ്. അപ്പോഴാണ് കത്ത് ബോംബ് ഉണ്ടാകുന്നത്.കത്തിൽ ഒപ്പിട്ട നേതാക്കളിൽ പലരെയും ചുമതലകളിൽ നിന്ന് ഒഴിവാക്കുകയോ ചുമതല നൽകാതിരിക്കുകയോ ചെയ്തു. ഈ സാഹചര്യത്തിൽ ഉമ്മൻ‌ചാണ്ടിയെ ആന്ധ്രയുടെ ചുമതലയിൽ നിന്ന് ഒഴിവാക്കുന്നത് തെറ്റായ സന്ദേശം നൽകുമെന്ന് ഹൈക്കമാൻഡ് കരുതി. തുടർന്നാണ് ആന്ധ്രയുടെ ചുമതലയിൽ ഉമ്മൻ‌ചാണ്ടിയെ നിലനിർത്തിയത്.

സുവർണം സുകൃതം പരിപാടി ഉമ്മൻ‌ചാണ്ടിക്ക് കൃത്യമായ ലോഞ്ചിങ് പാഡ് ആണ്. ഹൈക്കമാൻഡിന്റെ അനുഗ്രഹാശംസകളോടെ ആണ് പരിപാടി .ഓൺലൈനായാണ് പരിപാടിയെങ്കിലും ഓരോ കോൺഗ്രസ് പ്രവർത്തകനും അതിന്റെ ഭാഗഭാക്കാകാൻ അവസരം സംഘാടകർ ഒരുക്കുന്നുണ്ട് .ഉമ്മൻചാണ്ടിയുടെ സംസ്ഥാന രാഷ്ട്രീയത്തിലേക്കുള്ള മടങ്ങി വരവാകും പരിപാടി .

യു ഡി എഫിന് അധികാരം ലഭിക്കുക ആണെങ്കിൽ ഉമ്മൻ‌ചാണ്ടി തന്നെ മുഖ്യമന്ത്രി ആകണം എന്ന് ആഗ്രഹിക്കുന്നവർ ഹൈക്കമാണ്ടിൽ തന്നെയുണ്ട് .കെ സി വേണുഗോപാൽ ആണ് അതിൽ പ്രധാനി .സംഘടന ചുമതല ഉള്ള ജനറൽ സെക്രട്ടറി ആണ് അദ്ദേഹം .നെഹ്‌റു -ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തൻ .രാജസ്ഥാനിൽ നിന്നുള്ള രാജ്യസഭാ എംപി ആണ് ഇപ്പോൾ അദ്ദേഹം .എന്നാൽ ഭാവിയിൽ സംസ്ഥാന രാഷ്ട്രീയം തന്നെയാണ് കെ സി കൊതിക്കുന്നത് .യു ഡി എഫ് സർക്കാരിന്റെ രണ്ടാം ഘട്ടത്തിൽ സംസ്ഥാന രാഷ്ട്രീയത്തിൽ കുടിയേറാൻ കെ സിയും ആഗ്രഹിക്കുന്നുണ്ട് .വെറുതെ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് കെ സി വരില്ല .അത് കൃത്യമായി സംസ്ഥാനം ഭരിക്കാൻ തന്നെയാണ് .

ഉമ്മൻ ചാണ്ടിയാണ് മുഖ്യമന്ത്രി എങ്കിൽ രണ്ടാം പകുതിയിൽ കെ സിയ്ക്ക് അവസരം ഉണ്ട് .എന്നാൽ രമേശ് ചെന്നിത്തലയാണ് മുഖ്യമന്ത്രിയെങ്കിൽ കെ സി ഇനിയും കാത്തിരിക്കണം .മാത്രമല്ല രണ്ടു പേർ ഒരേ തട്ടകത്തിൽ നിന്ന് എന്ന പഴി കെ സിക്ക് ഒഴിവാക്കുകയും വേണം .അങ്ങിനെയെങ്കിൽ രമേശ് ചെന്നിത്തല പതിയെ ദേശീയ രാഷ്ട്രീയത്തിലേക്ക് വഴി മാറേണ്ടി വരും .

ഉമ്മൻ ചാണ്ടി ഹൈക്കമാന്റുമായി ഇടഞ്ഞ സന്ദർഭം വരെ ഉണ്ടായിട്ടുണ്ട് .എന്നാൽ ഇന്ന് ഉമ്മൻചാണ്ടിയെ പോലുള്ള ജനകീയ നേതാവിനെ കൈവിടാൻ ഹൈക്കമാൻഡിനു ആകില്ല ,പ്രത്യേകിച്ച് നെഹ്‌റു – ഗാന്ധി കുടുംബം പാർട്ടിക്കകത്ത് നിന്ന് വലിയ സമ്മർദ്ദം നേരിടുന്ന പശ്ചാത്തലത്തിൽ .അതുകൊണ്ടു തന്നെ ഹൈക്കമാൻഡിനെ സംബന്ധിച്ചിടത്തോളം രമേശ് ചെന്നിത്തലയെക്കാൾ ഒരു പണത്തൂക്കം  മുന്നിൽ ഉമ്മൻ ചാണ്ടി തന്നെയാണ് .

Back to top button
error: