NEWS

അലനും താഹയും പുറത്തിറങ്ങുമ്പോള്‍ ഉയരുന്നത് യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റുകാരന്റെ തലയാണ്

ത്ത് മാസങ്ങള്‍ക്ക് ശേഷം പന്തീരങ്കാവ് യു.എ.പി.എ കേസില്‍ അറസ്റ്റിലായ അലന്‍ ഷുഹൈബിനും താഹ ഫസലിനും പുറത്തിറങ്ങുമ്പോള്‍ ഉയരുന്നത് പാര്‍ട്ടിയെ ജീവശ്വാസമായി കരുതിയിരുന്ന കുറേയധികം അണികളുടെ തലകളാണ്. അലന്‍, താഹ വിഷയത്തില്‍ ആശയപരമായി തങ്ങളുടെ പാര്‍ട്ടി തോല്‍ക്കുമ്പോഴാണ് പ്രസ്ഥാനത്തെ ജീവനായി കരുതിയിരുന്നവരും തോല്‍ക്കുന്നത്. കഴിഞ്ഞ ഒരു വര്‍ഷമായി പല തട്ടിലുള്ള സിപിഎം പ്രവര്‍ത്തകരുടെ ആത്മസംഘര്‍ഷത്തിനും മനോവിഷമത്തിനുമാണ് അലന്റെയും താഹയുടേയും ജാമ്യത്തിലൂടെ അയവ് വന്നിരിക്കുന്നത്.

വിദ്യാര്‍ത്ഥികളായ ഇരുവരുടേയും പേരില്‍ പോലീസും എന്‍.ഐ.എ യും ഉയര്‍ത്തിയ ആരോപണം മാവോയിസ്റ്റ് ബന്ധം എന്നതാണ്. പത്ത് മാസമായി എന്‍.ഐ.എ കസ്റ്റഡിയില്‍ കഴിയുകയാണ് ഇരുവരും. ഇതുവരെ ഇവര്‍ക്കെതിരായി മാവോയിസ്റ്റ് ബന്ധത്തിനുള്ള തെളിവുകള്‍ ശേഖരിക്കാന്‍ കഴിഞ്ഞിട്ടില്ല. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായിട്ടും കസ്റ്റഡിയില്‍ തുടരുന്നു തുടങ്ങിയ വാദങ്ങളാണ് പ്രതിഭാഗം മുന്നോട്ട് വെച്ചത്. ഇവ അംഗീകരിച്ചുകൊണ്ടാണ് കോടതി അലനും താഹയ്ക്കും ജാമ്യം അനുവദിച്ചത്.

അഭിഷാകനായ കാളിശ്വരം രാജ് പറഞ്ഞ പോലെ യു.എ.പി.എ അതിന്റെ പ്രയോഗിത്തില്‍ തന്നെ തെറ്റാണ് എന്ന നിലപാടാണ് സി.പി.എം ഉള്‍പ്പെടെയുള്ള ഇടതുപക്ഷ പാര്‍ട്ടികള്‍ക്കുള്ളതെന്ന് വ്യക്തമായിട്ടും അലനെയും താഹയെയും പോലീസ് അറസ്റ്റ് ചെയ്ത് മണിക്കൂറുകള്‍ക്കകം യു.എ.പി.എ കുറ്റം ചുമത്തിയതിനെതിരെ പ്രതിഷേധിക്കാനോ ഒരു ചെറു ശബ്ദം ഉയര്‍ത്താനോ ഇവിടുത്തെ ഇടതു പക്ഷം തയ്യാറായില്ലെന്നത് എടുത്തു പറയേണ്ട കാര്യമാണ്. മാത്രമല്ല പാര്‍ട്ടിയില്‍ നിന്നും അന്തി ചര്‍ച്ചയ്‌ക്കെത്തിയ കുട്ടി സഖാക്കന്മാര്‍ അവര്‍ മാവോയിസ്റ്റുകളാണെന്ന് വിളിച്ച് പറയാനാണ് ശ്രമിച്ചത്. അവര്‍ ഏത് പാര്‍ട്ടിയില്‍ പെട്ടവരാണെന്ന് ഇപ്പോഴെല്ലാവര്‍ക്കും മനസിലായില്ലേ എന്ന് മാധ്യമപ്രവര്‍ത്തകരോട് ചോദിച്ചാണ് മുഖ്യമന്ത്രി ഈ വിഷയത്തില്‍ തന്റെ പ്രതികരണമറിയിച്ചത്. പിന്നീടൊരവസരത്തില്‍ കസ്റ്റഡിയിലുള്ളവരെ ചായ കുടിക്കാന്‍ പോയപ്പോഴല്ല അറസ്റ്റ് ചെയ്തതെന്ന് പറഞ്ഞ് പോലീസ് നടപടിയെ ന്യായികരിച്ചു.

മുഖ്യമന്ത്രിയുടെ പിന്നാലെ എ.എം.ഷംസീര്‍, എം.വി ഗോവിന്ദന്‍ തുടങ്ങിയവര്‍ കൂടി അവര്‍ മാവോയിസ്റ്റുകളാണെന്നാവര്‍ത്തിക്കുമ്പോള്‍ താഴെത്തട്ടിലുള്ളവര്‍ക്ക് വായ മൂടി കെട്ടാതെ മറ്റെന്ത് ചെയ്യാനൊക്കും. ഒരു സംസ്ഥാനത്തിന്റെ ഇന്റലിജന്‍സ് വിഭാഗത്തിന്റെ ആകെ മുകളിലിരുന്ന് മുഖ്യമന്ത്രി ഇങ്ങനെ പറയുമ്പോള്‍ കേന്ദ്രം പിന്നെന്ത് നോക്കാനാണ്. പിന്നാലെ കച്ച കെട്ടി അവരും പുറപ്പെട്ടു. എന്‍.ഐ.എ അന്വേഷണ സംഘം കേരളത്തിലേക്ക് കുതിച്ചു. സംഭവം വലുതായതോടെ കേരളത്തിലെ പ്രതിപക്ഷവും വിഷയം ഏറ്റുപിടിച്ചു. പ്രസ്തുത വിഷയത്തില്‍ പ്രതിപക്ഷ നേതാവും ഉപനേതാവും നിയമസഭയില്‍ വാളെടുത്തു. ഇതിന്റെ പരിണിത ഫലമെന്നോണം മുഖ്യമന്ത്രി കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് കത്തെഴുതുന്നു. ആവശ്യം കേസ് കേരളത്തിന് തന്നെ തിരിച്ചു തരണമെന്നുള്ളതാണ്. പ്രതിപക്ഷ നിര്‍ബന്ധത്തിന് വഴങ്ങിയാണ് കത്തെഴുതിയതെന്നും ഈ വിഷയത്തില്‍ തനിക്ക് പ്രത്യേക താല്‍പര്യങ്ങളൊന്നുമില്ലെന്നും പറയാനും മുഖ്യമന്ത്രി മറന്നില്ല.

കേസ് അന്വേഷണം ഏറ്റെടുത്ത എന്‍.ഐ.എ സംഘത്തിന് പ്രതികളെന്ന് മുദ്ര കുത്തപ്പെട്ടവര്‍ക്ക് ഏതെങ്കിലും വിധത്തില്‍ മാവോയിസ്റ്റ് ബന്ധം ഉണ്ടെന്നോ, ഏതെങ്കിലും സംഘടനയില്‍ അംഗമാണെന്നോ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. അലന്റെയും താഹയുടെയും ജാമ്യ വിധിയില്‍ അത് വ്യക്തമായി രേഖപ്പെടുത്തിയിട്ടുമുണ്ട്. സ്വന്തം കൂട്ടരടക്കം തള്ളിപ്പറഞ്ഞ അലനും താഹയ്ക്കും തുണയായത് ഈ നാട്ടിലെ നിയമവ്യവസ്ഥിതി തന്നെയാണ്.

അലന്‍ താഹ വിഷയത്തില്‍ ഉള്ളാലേ കരഞ്ഞ പല ഇടത് വക്താക്കള്‍ക്കും പക്ഷേ തങ്ങളുടെ പാര്‍ട്ടി നിലപാട് ശരിയാണെന്ന് വരുത്തി തീര്‍ക്കാന്‍ പലതും ഉള്ളിലൊതുക്കി മൗനം പാലിക്കേണ്ടി വന്നു. എന്നാല്‍ അലനും താഹയും പുറത്തിറങ്ങിയതോടെ പത്ത് മാസമായി പലരുടെയും ഉള്ളിലെരിഞ്ഞ നെരിപ്പോടിന് ശമനം വന്ന സ്ഥിതിയാണ്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: