NEWS

അലനും താഹയ്ക്കും ജാമ്യം ലഭിച്ചതില്‍ സന്തോഷം: എം.എ ബേബി

കോഴിക്കോട്: പന്തീരങ്കാവ് യുഎപിഎ കേസില്‍ അറസ്റ്റിലായ അലനും താഹയ്ക്കും ജാമ്യം ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എംഎ ബേബി. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ഇരുവര്‍ക്കും ജാമ്യം ലഭിച്ചതില്‍ സന്തോഷം പങ്കുവെച്ചത്.

വിദ്യാര്‍ത്ഥികളായ ഇരുവരുടെയും പേരില്‍ പൊലീസും എന്‍ഐഎയും ഉയര്‍ത്തിയ ആരോപണം മാവോയിസ്റ്റ് ബന്ധം എന്നതാണ്. ഇവര്‍ മറ്റെന്തെങ്കിലും നിയമവിരുദ്ധ പ്രവര്‍ത്തനം നടത്തിയതായി ആരോപണമില്ലെന്നും രാഷ്ട്രീയ പ്രവര്‍ത്തകരെ യുഎപിഎ ചുമത്തി ജയിലില്‍ അടയ്ക്കുന്നതിന് സിപിഎം എതിരാണെന്നും എംഎ ബേബി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഇന്നാണ് പന്തീരാങ്കാവ് യു.എ.പി.എ. കേസിലെ പ്രതികളായ അലനും താഹയ്ക്കും കൊച്ചിയിലെ എന്‍.ഐ.എ. കോടതി കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിച്ചത്. ഒരു ലക്ഷം രൂപയുടെ ബോണ്ട് മാതാപിതാക്കളില്‍ ആരുടെയെങ്കിലും ജാമ്യം, പാസ്‌പോര്‍ട്ട് സറണ്ടര്‍ ചെയ്യണം, മാവോയിസ്റ്റ് സംഘടനകളുമായി ബന്ധം പാടില്ല തുടങ്ങിയ ഉപാധികളാണ് കോടതി മുന്നോട്ടുവെച്ചിരിക്കുന്നത്. എന്‍.ഐ.എ. കസ്റ്റഡിയില്‍ പത്ത് മാസത്തിനു ശേഷമാണ് ഇരുവര്‍ക്കും ജാമ്യം ലഭിക്കുന്നത്.

പത്ത് മാസമായി എന്‍.ഐ.എ. കസ്റ്റഡിയില്‍ കഴിയുകയാണ് ഇരുവരും. മാവോയിസ്റ്റ് ബന്ധത്തിനുള്ള തെളിവുകള്‍ ശേഖരിക്കാന്‍ കഴിഞ്ഞിട്ടില്ല, ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായിട്ടും കസ്റ്റഡിയില്‍ തുടരുന്നു തുടങ്ങിയ വാദങ്ങളാണ് പ്രതിഭാഗം വക്കീല്‍ മുന്നോട്ടുവെച്ചത്. ഇവ അംഗീകരിച്ചുകൊണ്ടാണ് കോടതി ജാമ്യം അനുവദിച്ചത്.

2019 നവംബര്‍ ഒന്നിനായിരുന്നു കോഴിക്കോട് പന്തീരാങ്കാവിലെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ മാവോയിസ്റ്റ് ലഘുലേഖയും ബാനറും കണ്ടെത്തിയതിനെ തുടര്‍ന്ന് അലനേയും താഹയേയും പോലീസ് അറസ്റ്റ് ചെയ്തത്. പിന്നീട് എന്‍ഐഎ കേസ് ഏറ്റെടുക്കുകയായിരുന്നു.

https://www.facebook.com/m.a.babyofficial/posts/3341664779248791

Back to top button
error: