NEWS

റംസി കേസില്‍ അന്വേഷണം നിർണായക ഘട്ടത്തിൽ, ലക്ഷ്മി പ്രമോദിന്റെ ഫോൺ പിടിച്ചെടുത്തു

കൊട്ടിയം: വിവാഹത്തില്‍ നിന്നു പിന്‍മാറിയതിനെ തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ നിരവധി തെളിവുകളാണ് പുറത്ത് വരുന്നത്. പ്രതി ഹാരിസിന്റെ മാതാപിതാക്കളിലേക്കും സീരിയല്‍ നടി ലക്ഷ്മി പ്രമോദിലേക്കും കേസില്‍ അന്വേഷണം നീങ്ങണമെന്ന മരിച്ച റംസിയുടെ മാതാപിതാക്കളുടെ പരാതിയെ തുടര്‍ന്ന് നടിയുടേയും ബന്ധുക്കളുടെ ഫോണുകള്‍ പോലീസ് പിടിച്ചെടുത്തു.

സീരിയല്‍ നടിയുടെ ഗൂഢാലോചനയാണ് ഹാരീസില്‍ നിന്ന് ഗര്‍ഭിണിയായ റംസിയെ നിര്‍ബന്ധിത ഗര്‍ഭച്ഛിദ്രത്തിനു വിധേയമാക്കിയതെന്ന ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ നടിയെ ചോദ്യം ചെയ്തതായും പ്രാഥമിക പരിശോധനയ്ക്കായി നടി ഉള്‍പ്പെടെയുള്ള പ്രതിയുടെ കുടുംബാംഗങ്ങളുടെ മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തതായും വരും ദിവസങ്ങളില്‍ വിശദമായി ചോദ്യം ചെയ്യുമെന്നും കൊട്ടിയം എസ്‌ഐ അമല്‍ സി. പറഞ്ഞു.

ചോദ്യം ചെയ്യലില്‍ ലക്ഷ്മി പ്രമോദില്‍ നിന്ന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായാണ് സൂചന .

ഹാരിസും റംസിയും തമ്മില്‍ പ്രണയത്തില്‍ ആയിരുന്നുവെന്ന കാര്യം ലക്ഷ്മി പോലീസിനോട് പറഞ്ഞു .എന്നാല്‍ പിന്നീട് ഹാരിസ് റംസിയെ വേണ്ടെന്നു പറഞ്ഞു .ഈ പശ്ചാത്തലത്തില്‍ വീട്ടുകാര്‍ ഹാരിസിന് വേറെ വിവാഹം ആലോചിച്ചുവെന്ന് ലക്ഷ്മി വെളിപ്പെടുത്തി.ഇതാദ്യമായാണ് ഹാരിസിന്റെ വീട്ടുകാര്‍ ഉള്‍പ്പെട്ടാണ് പുതിയ വിവാഹ ആലോചന നടത്തിയത് എന്ന വെളിപ്പെടുത്തല്‍ വരുന്നത് .

ജയിലില്‍ കഴിയുന്ന ഹാരിസിന്റെ ഉമ്മ ആരിഫയെയും പോലീസ് ചോദ്യം ചെയ്തു .ആരിഫ ഹാരിസുമായുള്ള ബന്ധത്തില്‍ നിന്ന് റംസിയെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചിരുന്നു .പുറത്ത് വന്ന ഫോണ്‍ സംഭാഷണത്തില്‍ ഇക്കാര്യം വ്യക്തമാണ് .10 ലക്ഷത്തോളം കടമുള്ളത് കൊണ്ടാണ് മറ്റൊരു വിവാഹം കഴിക്കാന്‍ ഹാരിസ് ശ്രമിക്കുന്നതെന്നും വീട്ടുകാരുടെ നിര്‍ദേശപ്രകാരം മറ്റൊരു വിവാഹം കഴിക്കണം എന്നുമാണ് ആരിഫ റംസിയോട് പറയുന്നത് .

വിവാഹം കഴിഞ്ഞാലും ഹാരിസിന്റെ വീട്ടില്‍ റംസിക്ക് വരാമെന്നും ആരിഫ പറയുന്നുണ്ട് .റംസി ആത്മഹത്യ ചെയ്യുന്നതിന് തൊട്ട് മുമ്പാണ് ഈ സംഭാഷണം നടന്നത് .ഇനിയാര്‍ക്കും താന്‍ ശല്യം ആകില്ലെന്നാണ് റംസി ഒടുവില്‍ പറയുന്നത് .

ഹാരിസില്‍ നിന്ന് റംസി ഗര്‍ഭം ധരിച്ചിരുന്നുവെന്നു ഹാരിസിന്റെ വീട്ടുകാര്‍ക്ക് അറിയാമായിരുന്നു .അബോര്‍ഷന്‍ നടത്തിയതും ഇവരുടെ അറിവോടെയാണ് .ലക്ഷ്മി സ്ഥിരമായി റംസിയെ ഷൂട്ടിങ് ലൊക്കേഷനുകളില്‍ കൊണ്ടുപോയിരുന്നു .അബോര്‍ഷന് കൊണ്ട് പോയതും ഇതിന്റെ മറവില്‍ ആണെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം .പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കാത്തതിനാല്‍ പോലീസ് ഈ വിഷയത്തില്‍ വിശദമായ ചോദ്യം ചെയ്യല്‍ നടത്തിയിട്ടില്ല .

പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്നാല്‍ ഇരുവരെയും വീണ്ടും ചോദ്യം ചെയ്യുമെന്നാണ് വിവരം .വിളിച്ചാല്‍ ഉടന്‍ പോലീസ് സ്റ്റേഷനില്‍ എത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട് .സംസ്ഥാനം വിട്ടുപോകരുതെന്നും നിര്‍ദേശം ഉണ്ട് .റംസിയെ സമാധാനിപ്പിക്കുക ആണ് താന്‍ ചെയ്തത് എന്നാണ് ആരിഫ പോലീസിനോട് പൊട്ടിക്കരഞ്ഞുകൊണ്ട് പറഞ്ഞത് .ഹാരിസിന്റെ ഫോണില്‍ നിന്ന് ദീര്‍ഘ നേരം റംസിയുമായി ആരിഫ സംസാരിച്ചിട്ടുണ്ട് എന്ന് പൊലീസിന് വ്യക്തമായിട്ടുണ്ട് .

അറസ്റ്റിലായ ഹാരിസുമായി കൊട്ടിയം പോലീസ് തെളിവെടുപ്പ് നടത്തി .പെണ്‍കുട്ടിയും കുടുംബവും വാടകയ്ക്ക് താമസിച്ച മൂന്നോളം വീടുകളില്‍ തെളിവെടുപ്പ് നടത്തി .ഇവിടങ്ങളില്‍ വീട്ടില്‍ ആളില്ലാത്ത നേരം നോക്കി ഹാരിസ് റംസിയെ ഉപയോഗിച്ചിട്ടുണ്ടെന്നാണ് പോലീസിനോട് പറഞ്ഞത് .

വാഗമണ്‍ അടക്കമുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങളിലും ഹാരിസ് റംസിയെ കൊണ്ട് പോയതായി വിവരമുണ്ട് ,ഈ പശ്ചാത്തലത്തില്‍ വീണ്ടും തെളിവെടുപ്പ് വേണ്ടി വരും .പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തിരിക്കുകയാണ് .പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വന്നാല്‍ വേണ്ട അന്വേഷണം നടത്തി എത്രയും പെട്ടെന്ന് കുറ്റപത്രം നല്‍കാന്‍ ആണ് പോലീസിന്റെ പദ്ധതി .കൂടുതല്‍ പേരെ പ്രതി ചേര്‍ക്കണോ എന്നത് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്് കിട്ടിക്കഴിഞ്ഞിട്ടേ പോലീസ് തീരുമാനിക്കുകയുള്ളൂ .

കഴിഞ്ഞ വ്യാഴാഴ്ചയാണ് വിവാഹത്തില്‍ നിന്ന് പിന്മാറിയതില്‍ നിന്ന് മനംനൊന്ത് കൊട്ടിയം സ്വദേശി റംസി ആണ് വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹാരിസുമായി വിവാഹം ഉറപ്പിച്ചിരുന്നതാണ്. മകളുടെ മരണത്തിനു കാരണം വിവാഹത്തില്‍ നിന്നു യുവാവ് പിന്‍മാറിയതാണെന്നു റംസിയുടെ രക്ഷിതാക്കള്‍ കൊട്ടിയം പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് പൊലീസ് അന്വേഷണം തുടങ്ങിയത്.

ഹാരിസിന്റെ ലക്ഷ്യം റംസിയെ രണ്ടാം ഭാര്യയാക്കല്‍ ആയിരുന്നു. തെളിവായി ഫോണ്‍ സംഭാഷണവും ലഭിച്ചിരുന്നു.

റംസിയെ കൂടെ കൊണ്ട് നടന്നു ഉപേക്ഷിച്ചതിന് ശേഷം പുതിയ പെണ്‍കുട്ടിയുമായി വിവാഹം നടത്താനുള്ള നീക്കത്തില്‍ ആയിരുന്നു ഹാരിസ് .റംസിയുമായി വളയിടല്‍ ചടങ്ങുകള്‍ കഴിഞ്ഞതിനു ശേഷമാണ് ഹാരിസ് പുതിയ പെണ്‍കുട്ടിയുമായി അടുപ്പത്തില്‍ ആയത് .

പുറത്ത് വന്ന ശബ്ദരേഖയില്‍ മുഴുവന്‍ റംസിയുടെ നിസഹായത ആണ് തെളിഞ്ഞു നിന്നത് .തന്നെ ഉപേക്ഷിക്കരുതെന്നു റംസി കരഞ്ഞു പറയുന്നുണ്ട് .എന്നാല്‍ ഹാരിസാകട്ടെ വളരെ പരുഷമായാണ് റംസിയോട് പെരുമാറിയത് .തന്റെ മുമ്പില്‍ രണ്ടു മാര്‍ഗങ്ങളെ ഉള്ളൂ ഒന്നുകില്‍ ഹാരിസിന്റെ കൂടെ ജീവിക്കുക അല്ലെങ്കില്‍ സ്വയം ഇല്ലാതാക്കുക.എന്നാല്‍ ഹാരിസ് ഇതിനോട് പുച്ഛത്തോടെയാണ് പ്രതികരിക്കുന്നത്

തല്ക്കാലം കാത്തിരിക്കാനും പുതിയ കാമുകിയെ പറഞ്ഞു മനസിലാക്കിയ ശേഷം കൂടെ കൂട്ടാന്‍ ആവുമോ എന്ന് നോക്കാം എന്നുമാണ് ഹാരിസ് റംസിയോട് പറയുന്നത്. ഹാരിസിന്റെ ഉമ്മയോടും റംസി സംസാരിക്കുന്നുണ്ട് .ഹാരിസിനെ വിവാഹം കഴിക്കാന്‍ സഹായിക്കണം എന്നാണ് റംസി ആവശ്യപ്പെടുന്നത് .എന്നാല്‍ ഉമ്മ ഇത് നിരുത്സാഹപ്പെടുത്തുകയാണ് ചെയ്യുന്നത് .വേറെ വിവാഹം കഴിക്കാനും ഉമ്മ റംസിയോട് ആവശ്യപ്പെടുന്നുണ്ട് .എന്നാല്‍ തനിക്കതിനു കഴിയില്ല എന്നായിരുന്നു റംസിയുടെ പ്രതികരണം .താന്‍ ആര്‍ക്കും ബുദ്ധിമുട്ട് ആകില്ല എന്ന് റംസി പറയുന്നതോടെയാണ് ആ ഫോണ്‍ സംഭാഷണം അവസാനിക്കുന്നത്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker