Breaking NewsLead NewsNEWSWorld

ഇറാൻ പ്രിൻസ് സുൽത്താൻ എയർ ബേസ് ആക്രമിക്കും മുൻപ് മൂന്ന് ദിവസം റഷ്യൻ ഉപഗ്രഹങ്ങൾ പ്രദേശത്തെ ചിത്രങ്ങൾ പകർത്തി, റഷ്യയുടെ ശ്രമം അമേരിക്ക- ഇറാൻ യുദ്ധത്തിനി‌ടെ പരമാവധി സാമ്പത്തിക ലാഭമുണ്ടാക്കുക, യുക്രൈനിൽ നിന്ന് പാശ്ചാത്യ രാജ്യങ്ങളുടെ ശ്രദ്ധ തിരിക്കുക- സെലെൻസ്‌കി

കീവ്: സൗദി അറേബ്യയിലെ അമേരിക്കൻ സൈനിക താവളത്തിന് നേരെ ഇറാൻ നടത്തിയ ആക്രമണത്തിനു മുൻപ് റഷ്യയും ഇറാനും തമ്മിൽ ധാരണയുണ്ടാക്കിയെന്ന് യുക്രെയ്ൻ പ്രസിഡന്റ് വ്ലാഡിമിർ സെലെൻസ്‌കി. സൗദി അറേബ്യയിലെ അമേരിക്കൻ താവളങ്ങൾ ആക്രമിക്കാൻ റഷ്യ രഹസ്യാന്വേഷണ പിന്തുണ നൽകിയതായും സെലെൻസ്‌കി ആരോപിച്ചു. ആക്രമണത്തിന് മുന്നോടിയായി റഷ്യൻ ഉപഗ്രഹങ്ങൾ അമേരിക്കൻ കേന്ദ്രത്തിന്റെ ചിത്രങ്ങൾ ആവർത്തിച്ച് പകർത്തിയതായാണ് യുക്രെയ്ൻ രഹസ്യാന്വേഷണ വിഭാഗത്തിന്റെ കണ്ടെത്തൽ. മാർച്ച് 24 നും 26 നും ഇടയിൽ മിഡിൽ ഈസ്റ്റിലെ വിവിധ യുഎസ് – സഖ്യകക്ഷി താവളങ്ങളുടെയും സുപ്രധാന അടിസ്ഥാന സൗകര്യങ്ങളുടെയും ചിത്രങ്ങൾ റഷ്യൻ ഉപഗ്രഹങ്ങൾ ശേഖരിച്ചതായി സെലെൻസ്‌കി എക്സിൽ കുറിച്ചു.

അതേസമയം സൗദിയിലെ പ്രിൻസ് സുൽത്താൻ എയർ ബേസിന് നേരെ മാർച്ച് 26-നാണ് ഇറാൻ ആക്രമണം നടത്തിയത്. ആറ് ബാലിസ്റ്റിക് മിസൈലുകളും 29 ഡ്രോണുകളും ഉപയോഗിച്ചായിരുന്നു യുഎസ്- സൗദി സേനകൾ സംയുക്തമായി ഉപയോഗിക്കുന്ന ഈ താവളത്തിന് നേരെ ഇറാൻ ആക്രമിച്ചത്. എന്നാൽ ഇതിനു തൊട്ടു മുൻപിലത്തെ ദിവസങ്ങളായ മാർച്ച് 20, 23, 25 തീയതികളിൽ റഷ്യൻ ഉപഗ്രഹങ്ങൾ ഈ എയർ ബേസിന്റെ ചിത്രങ്ങൾ പകർത്തിയതായി സെലെൻസ്‌കി എൻബിസി ന്യൂസിന് നൽകിയ അഭിമുഖത്തിൽ പറയുന്നു.

Signature-ad

റഷ്യൻ ഉപഗ്രഹങ്ങൾ ഒരു പ്രദേശം തുടർച്ചയായി ചിത്രീകരിക്കുന്നത് ആക്രമണത്തിനുള്ള കൃത്യമായ പ്ലാനിങിന്റെ സൂചനയാണെന്നാണ് സെലെൻസ്‌കിയുടെ വാദം. ഒരു തവണ ചിത്രം പകർത്തുന്നത് തയ്യാറെടുപ്പിന്റെയും രണ്ടാം തവണ പകർത്തിയാൽ അത് ഒരു സിമുലേഷന്റെയും ഭാഗമാണെന്ന് അദ്ദേഹം ആരോപിച്ചു. മൂന്നാമതും ചിത്രം പകർത്തിയാൽ ഒന്ന് അല്ലെങ്കിൽ രണ്ട് ദിവസത്തിനുള്ളിൽ അവിടെ ആക്രമണം നടക്കുമെന്ന് തങ്ങളുടെ അനുഭവത്തിന്റെ വെളിച്ചത്തിൽ അദ്ദേഹം അവകാശപ്പെടുന്നു. റഷ്യ ഇറാനെ സഹായിക്കുന്നുണ്ടെന്ന കാര്യത്തിൽ തനിക്ക് നൂറ് ശതമാനം ഉറപ്പാണെന്നും ഇത് റഷ്യയുടെ താല്പര്യമാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം പ്രിൻസ് സുൽത്താൻ എയർ ബേസിന് പുറമെ മറ്റ് പല തന്ത്രപ്രധാന കേന്ദ്രങ്ങളും റഷ്യൻ നിരീക്ഷണത്തിലായിരുന്നു എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇന്ത്യൻ മഹാസമുദ്രത്തിലെ ഡീഗോ ഗാർഷ്യയിലുള്ള യുഎസ്-യുകെ സംയുക്ത സൈനിക കേന്ദ്രം, കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളം, ബർഗാൻ എണ്ണപ്പാടം എന്നിവ മാർച്ച് 24-ന് ചിത്രീകരിച്ചിരുന്നു. തൊട്ടടുത്ത ദിവസങ്ങളിൽ സൗദിയിലെ ഷൈബ എണ്ണ- വാതക പാടം, തുർക്കിയിലെ ഇൻസിർലിക് എയർ ബേസ്, ഖത്തറിലെ അൽ ഉദൈദ് എയർ ബേസ് എന്നിവയുടെ ദൃശ്യങ്ങളും റഷ്യൻ ഉപഗ്രഹങ്ങൾ പകർത്തി.

ഇറാനെ സഹായിക്കുന്നതിലൂടെ റഷ്യയ്ക്ക് വലിയ സാമ്പത്തിക-തന്ത്രപരമായ നേട്ടങ്ങൾ ഉണ്ടെന്ന് സെലെൻസ്‌കി മുന്നറിയിപ്പ് നൽകുന്നു. പശ്ചിമേഷ്യയിലെ പ്രതിസന്ധി ക്രൂഡ് ഓയിൽ വില വർദ്ധിക്കാനും അതുവഴി റഷ്യയുടെ വരുമാനം ഉയർത്താനും ഇതു സഹായിക്കും. മാത്രമല്ല, പാശ്ചാത്യ രാജ്യങ്ങളുടെ ശ്രദ്ധ യുക്രെയ്നിൽ നിന്ന് മാറ്റാനും റഷ്യ ഇതിലൂടെ ശ്രമിക്കുന്നു. അതേസമയം റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ് ഈ ആരോപണങ്ങൾ നിഷേധിച്ചു. ഇറാനുമായി സൈനിക സഹകരണം തുടരുന്നുണ്ടെങ്കിലും അവർക്ക് ഇത്തരം രഹസ്യാന്വേഷണ വിവരങ്ങൾ നൽകിയിട്ടില്ലെന്നാണ് റഷ്യ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: