അല്പമെങ്കിലും ധാര്‍മ്മിക ബോധം അവശേഷിച്ചിട്ടുണ്ടെങ്കില്‍ ആരോഗ്യ മന്ത്രി കെ.കെ.ഷൈലജ ടീച്ചര്‍ രാജി വയ്ക്കണം:രമേശ് ചെന്നിത്തല

സംസ്ഥാനത്ത് ക്രമസമാധാനം പാടെ തകര്‍ന്നിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ക്രിമിനലുകള്‍ സംസ്ഥാനത്ത് അരങ്ങു തകര്‍ക്കുന്നു.  ഈ സര്‍ക്കാരിനു കീഴില്‍ എന്ത് അതിക്രമവും നടക്കുമെന്ന അവസ്ഥയിലാണിപ്പോള്‍. ചോദിക്കാനും പറയാനും ആരുമില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

 കോവിഡ് ബാധിച്ച് ജീവന് വേണ്ടി യാചിക്കുന്ന യുവതികളുടെ പോലും മാനം കവരുകയും ഭീകരമായി അവരെ പീഢിപ്പിക്കുകയും ചെയ്യുന്ന   ഭീതി ജനകമായ അവസ്ഥയാണിപ്പോള്‍.

 ഭരണത്തിന്റെ തലപ്പത്തിരിക്കുന്നവര്‍തന്നെ കുറ്റവാളികളാവുകയും കുറ്റവാളികള്‍ക്ക് കൂട്ടുനില്‍ക്കുകയും ചെയ്യുമ്പോള്‍ നാട്ടില്‍ അരാജകാവസ്ഥ ഉണ്ടാകാതിരിക്കുന്നതെങ്ങനെ?

 മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് സ്വര്‍ണ്ണക്കടത്ത്. പാര്‍ട്ടി സെക്രട്ടറിയുടെ വീടു കേന്ദ്രീകരിച്ച് മയക്കുമരുന്നു കടത്ത്. ഭരണ കക്ഷിക്കാര്‍ക്ക് വേണ്ടി കേസുകള്‍ അട്ടിമറിക്കാന്‍ മത്സരിക്കുന്ന പൊലീസ്. എന്ത് അതിക്രമങ്ങളുണ്ടായാലും ഒന്നും അന്വേഷിക്കാന്‍ തയ്യാറാവാത്ത സംസ്ഥാന സര്‍ക്കാര്‍. നാടുനീളെ അക്രമം അഴിച്ചുവിടുന്ന ഭരണക്കാര്‍. അങ്ങനെ സാധാരണജനങ്ങള്‍ക്ക് ജീവിക്കാന്‍ പോലും കഴിയാത്ത അവസ്ഥയാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നത്.  

 കോവിഡ് ബാധിച്ച രണ്ടു യുവതികളാണ്   കഴിഞ്ഞ ദിവസങ്ങളില്‍ ക്രൂരമായി പിച്ചി ചീന്തപ്പെട്ടത്. കേരളത്തില്‍ ഇങ്ങനെയൊക്കെ നടക്കുമോ എന്ന് അത്ഭുതപ്പെടുകയാണ്. കേട്ടു കേഴ്‌വി പോലുമില്ലാത്ത കാര്യങ്ങളാണിവ.

 അമ്മ ഉള്‍പ്പെടെയുള്ളവര്‍ക്കെല്ലാം കോവിഡ് ബാധിച്ചതിനെത്തുടര്‍ന്ന് നിരാലംബയായി മാറിയ ദളിത് യുവതിയെ പന്തളത്താണ് സര്‍ക്കാരിന്റെ ആംബുലന്‍സ് ഡ്രൈവര്‍ മാനഭംഗപ്പെടുത്തിയതെങ്കില്‍ ഭരതന്നൂരില്‍ കോവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞ യുവതിയെ സര്‍ക്കാരിന്റെ ഹെല്‍ത്ത് ഇന്‍സ്പെക്ടറാണ് കെട്ടിയിട്ട് രണ്ടു ദിവസം പീഡിപ്പിച്ചത്.

 ഇതാണോ കോവിഡ് പ്രതിരോധത്തില്‍ കേരളത്തിന്റെ ലോക മാതൃക? ഒരേ ഒരു ടീച്ചറമ്മ എന്ന് പി.ആര്‍ ഏജന്‍സികളെ കൊണ്ട് പ്രചാരണം നടത്തിക്കുന്ന ആരോഗ്യ മന്ത്രി കെ.കെ.ഷൈലജ ഈ പെണ്‍കുട്ടികളുടെ മാനത്തിന് മറുപടി പറയണം. അല്പമെങ്കിലും ധാര്‍മ്മിക ബോധം ബാക്കിയുണ്ടെങ്കില്‍ അവര്‍ രാജി വയ്ക്കണം.

ഈ രണ്ടു സംഭവത്തിന്റെയും ധാര്‍മ്മിക ഉത്തരവാദിത്തം സര്‍ക്കാരിനാണ്. കോവിഡ് ബാധിതയായ പെണ്‍കുട്ടിയെ സര്‍ക്കാരിന്റെ 108 ആംബുലന്‍സില്‍ കയറ്റിക്കഴിഞ്ഞാല്‍ ആ പെണ്‍കുട്ടിയുടെ സുരക്ഷിതത്വം സര്‍ക്കാരിന്റെ ചുമലിലാണ്. കാരണം കോവിഡ് ബാധിച്ചതിനാല്‍ ബന്ധുക്കള്‍ക്കോ കൂട്ടിരിപ്പുകാര്‍ക്കോ ആര്‍ക്കും ആ കുട്ടിയുടെ കൂടെ പോകാന്‍ കഴിയില്ല. സര്‍ക്കാര്‍ അയച്ചതാണ് ആംബുലന്‍സ്. സര്‍ക്കാരിനെ വിശ്വസിച്ചാണ് യുവതി ആ ആംബുലന്‍സില്‍ കയറിയത്. അതിനുള്ളില്‍ പീഢിപ്പിക്കപ്പെടുമ്പോള്‍ ഓന്നാം പ്രതിയാകുന്നത് സര്‍ക്കാരാണ്.  

 എത്ര നിരുത്തരവാദിത്തോടെയും അലക്ഷ്യവുമായാണ് കോവിഡ് രോഗികളെ സര്‍ക്കാര്‍ കൈകാര്യം ചെയ്യുന്നു എന്നതിന് തെളിവാണ് ഈ സംഭവം. അര്‍ദ്ധ രാത്രിയില്‍ പെണ്‍കുട്ടിയെ ഒറ്റയ്ക്ക് വിളിച്ചു കൊണ്ടു വരാന്‍ ക്രമിനലായ ഡ്രൈവറെ അയക്കുക. അതും 2018ല്‍ വധശ്രമം ഉള്‍പ്പടെ നിരവധി ക്രമിനല്‍ കേസുകള്‍ ഉള്ളയാളെ.

 കോവിഡ് രോഗിയായ നാല്പത്തി രണ്ടു വയസുള്ള മറ്റൊരു സ്ത്രീ കൂടി ആംബുലന്‍സിലുണ്ടായിരുന്നെങ്കിലും അവരെ കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ ഇറക്കി വിട്ട ശേഷം പെണ്‍കുട്ടിയെ ആറന്മുളയില്‍ കൊണ്ടു വന്നാണ് വിജനമായ സ്ഥലത്ത് വച്ച് പീഢിപ്പിച്ചത്.

 ആ പെണ്‍കുട്ടി ഇപ്പോള്‍ കടുത്ത മാനസികാഘാതത്തിലാണ്.

 ഇതാണോ സര്‍ക്കാരിന്റെ കോവിഡ് പ്രോട്ടോക്കോള്‍? ഇങ്ങനെയാണോ സര്‍ക്കാര്‍ ഒപ്പമുണ്ടാവുന്നത്?

 അര്‍ദ്ധരാത്രിയിലല്ല, എപ്പോഴായാലും സ്ത്രീകളായ കോവിഡ് രോഗികളെ കൂട്ടിക്കൊണ്ടു വരാന്‍  ആംബുലന്‍സ് അയക്കുമ്പോള്‍ നിശ്ചയമായും വനിതാ ആരോഗ്യ പ്രവര്‍ത്തകര്‍ ഉണ്ടാകണം. ആ വീഴ്ചയുടെ ഉത്തരവാദിത്തം സര്‍ക്കാരിനാണ്.

 ഒരു ഡോക്ടര്‍ വനിതയായ ഒരു രോഗിയെ പരിശോധിക്കുമ്പോള്‍ പോലും വനിതയായ നഴ്‌സിന്റെ സാന്നിദ്ധ്യമുണ്ടാവണം എന്ന് നിബന്ധനയുള്ളത് മന്ത്രിക്ക് അറിയില്ലേ? എന്നിട്ടാണോ ഇത് ചെയ്തത്?

 പാങ്ങോട് ഭരതന്നൂരില്‍ ക്വാറന്റയിനില്‍ കഴിഞ്ഞിരുന്ന സ്ത്രീയെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ വീട്ടില്‍ വിളിച്ചു വരുത്തി കൈകാലുകള്‍ കെട്ടിയിട്ട് വായില്‍  തുണി തിരുകിയാണ് പീഢിപ്പിച്ചത്.  എത്ര ക്രൂരവും പൈശാചികവുമായ പ്രവര്‍ത്തിയാണിത്.

 തുടര്‍ച്ചായി ഉണ്ടായ ഈ പീഢനങ്ങള്‍ നമ്മെ നാണം കെടുത്തിയിരിക്കുന്നു. ലജ്ജിച്ച് നാം തല താഴ്ത്തുന്നു.

പി.ആര്‍. ഏജന്‍സികളെ കൊണ്ട് വിദേശ പ്രസിദ്ധീകരണങ്ങളില്‍  വാഴ്ത്തു പാട്ടുകള്‍ പാടിച്ചാല്‍  മാത്രം പോരാ കോവിഡ് രോഗികളുടെ സുരക്ഷിതത്വം ഉറപ്പാക്കുകയും വേണം.

 സ്ത്രീസുരക്ഷയുടെ പേരു പറഞ്ഞ് അധികാരത്തില്‍ കയറിയ സര്‍ക്കാരാണിത്. ഒരു സ്ത്രീക്കും തലയില്‍ വാക്കത്തി വച്ചു ഉറങ്ങേണ്ട സാഹചര്യമുണ്ടാവില്ലെന്ന് നാട് നീളെ മുതലക്കണ്ണീരൊഴുക്കിയവരാണിവര്‍. ഇപ്പോള്‍ സര്‍ക്കാരിന്റെ ആംബുലന്‍സില്‍ പോലും സ്ത്രീകള്‍ക്ക് രക്ഷയില്ലാത്ത അവസ്ഥയായെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *