മലയാളി പെൺകുട്ടിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ കാട്ടി പണം തട്ടി, രണ്ട് മലയാളി യുവാക്കൾ ചെന്നൈയിൽ അറസ്റ്റിൽ

പ്രായപൂർത്തി ആകാത്ത മലയാളി പെൺകുട്ടിയെ പീഡിപ്പിച്ചു ദൃശ്യങ്ങൾ കാട്ടി പണം തട്ടിയ കേസിൽ രണ്ട് മലയാളി യുവാക്കളെ ചെന്നൈ പോലീസ് അറസ്റ്റ് ചെയ്തു. ചെങ്ങന്നൂർ സ്വദേശി സുബിൻ ബാബു, സുഹൃത്ത് സജിൻ വർഗീസ് എന്നിവർ ആണ് അറസ്റ്റിൽ ആയത്. പെൺകുട്ടിയുടെ മാതാപിതാക്കളുടെ പരാതിയിൽ ആണ് അറസ്റ്റ്.

സുബിൻ സ്വകാര്യ കമ്പനിയിൽ മാനേജർ ആണ്. മൂന്ന് വർഷം മുമ്പാണ് ഇപ്പോൾ 19 വയസുള്ള മലയാളി പെൺകുട്ടിയെ പരിചയപ്പെട്ടത്. അന്ന് പെൺകുട്ടിക്ക് 16 വയസാണ് പ്രായം. പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുക ആയിരുന്നു എന്നാണ് പരാതി. പിന്നീട് ഫോണിൽ ചിത്രീകരിച്ച ദൃശ്യങ്ങൾ കാട്ടി പണവും ആഭരണങ്ങളും അടക്കം മൂന്ന് ലക്ഷത്തോളം രൂപ പലപ്പോഴായി തട്ടി എടുത്തതായി പരാതിയിൽ പറയുന്നു.

പ്രായപൂർത്തി ആയതോടെ പെൺകുട്ടി വിവാഹം കഴിക്കണം എന്ന് ആവശ്യപ്പെട്ടു. ഇതോടെ സുഹൃത്ത് സജിന്റെ സഹായത്തോടെ ഭീഷണിപ്പെടുത്തുക ആയിരുന്നു. ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കും എന്നും ഭീഷണിപ്പെടുത്തി. പെൺകുട്ടി പിന്നാലെ ജീവനൊടുക്കാൻ ശ്രമിച്ചു. പിന്നീട് നടന്ന കൗൺസിലിംഗിൽ ആണ് പീഡന വിവരം മാതാപിതാക്കൾ അറിയുന്നത്.

മാനഹാനി ഭയന്ന് മാതാപിതാക്കൾ ആദ്യം പരാതി നൽകിയില്ല. എന്നാൽ മാസങ്ങൾക്കു ശേഷം പ്രതികൾ വീണ്ടും പണം ആവശ്യപ്പെട്ടു. തുടർന്നാണ് പരാതി നൽകിയത്. പ്രതികളെ പോക്സോ നിയമം ചുമത്തി അറസ്റ്റ് ചെയ്തു. പ്രതികളെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *