കോൺഗ്രസിന് മുന്നിലെ നാല് വഴികൾ
പാർട്ടിക്ക് ദൃശ്യവും ശക്തവുമായ നേതൃത്വം വേണം എന്നാവശ്യപ്പെട്ട് 23 മുതിർന്ന നേതാക്കൾ പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിക്ക് കത്തെഴുതിയത് കോൺഗ്രസിനകത്തും പുറത്തും ഏറെ വിവാദങ്ങൾക്ക് വഴി വെച്ചിരുന്നു .പ്രവർത്തക സമിതി ഇക്കാര്യം ചർച്ച ചെയ്യുകയും പരസ്യ ചർച്ചകൾക്ക് വിലക്കേർപ്പെടുത്തുകയും ചെയ്തു .ഈ പശ്ചാത്തലത്തിൽ കോൺഗ്രസിന് മുന്നിലെ സാധ്യതകൾ പരിശോധിക്കുകയാണ് ഇവിടെ .
അതിൽ ഒന്നാമത്തേത് തീർച്ചയായും രാഹുൽ ഗാന്ധി അടുത്ത എ ഐ സി സി യോഗത്തിൽ അധ്യക്ഷനായി ചുമതലയേൽക്കുക എന്നത് തന്നെയാണ് .23 പേർ ഒപ്പിട്ട കത്ത് രാഹുൽ ഗാന്ധി നേരിട്ട് പരിഗണിക്കുകയും വേണം .
രണ്ടാമത്തേത് പിളർപ്പാണ് .ഇരുകൂട്ടരും രണ്ടാവുക എന്ന് .എന്നാൽ ഇപ്പോഴത്തെ സാഹചര്യത്തിൽ പിളർപ്പ് കത്തെഴുതിയവർക്ക് ഒട്ടും ഗുണകരം ആകില്ല .കാരണം പാർട്ടി പ്രവർത്തകരുടെ കൂറ് ഗാന്ധി കുടുംബത്തോടൊപ്പം ആണ് എന്നത് തന്നെ .1969 ലോ 1977 ലോ സംഭവിച്ചത് പോലൊരു പിളർപ്പിനുള്ള ശേഷി കത്തെഴുതിയവർക്കില്ല .
മൂന്നാമത്തെ സാധ്യത ഗാന്ധി കുടുംബത്തിൽ നിന്ന് ആരും കോൺഗ്രസ് പ്രസിഡണ്ട് ആകാതിരിക്കുക എന്നതാണ് .ഒരു പുതിയ നേതാവിനെ അധ്യക്ഷനായി തെരെഞ്ഞെടുത്താൽ അദ്ദേഹത്തിന് പ്രവർത്തകരുടെ പിന്തുണ ഉണ്ടാകുമോ എന്നതാണ് വലിയ പ്രശ്നം .മാത്രമല്ല എല്ലാ നേതാക്കളും പുതിയ ആളെ അംഗീകരിക്കണം എന്നുമില്ല .
നാലാമത്തെ സാധ്യത കത്തെഴുതിയവരെ പൂർണമായും തഴയുക എന്നതാണ് .ഗൗരവ് ഗൊഗോയിയുടെ പാർലമെന്ററി സമിതി നിയമനം നേതൃത്വം ഈ വഴിക്ക് ചിന്തിക്കുന്നുവോ എന്ന് സംശയം ഉണ്ടാക്കുന്നതാണ് .അങ്ങിനെയെങ്കിൽ കുറെയേറെ നേതാക്കൾ ബിജെപിയിലേക്ക് പോകും .
എന്തായാലും നേതൃ പുനഃസംഘടനയ്ക്ക് ആറ് മാസത്തെ സമയമാണ് പാർട്ടി താൽക്കാലിക അധ്യക്ഷ സോണിയ ഗാന്ധിക്ക് നൽകിയിരിക്കുന്നത് .എല്ലാ സാധ്യതയും പരിശോധിച്ച ശേഷമായിരിക്കും തീരുമാനം .