വിവാദങ്ങൾ അവസാനിപ്പിക്കണം ,പാർട്ടിക്കായി ഒറ്റക്കെട്ടാവണം ,കത്ത് വിവാദത്തിനു ശേഷം സമാധാന ആഹ്വാനവുമായി ശശി തരൂർ
സോണിയ ഗാന്ധിക്കയച്ച കത്ത് സംബന്ധിച്ച വിവാദം അവസാനിപ്പിക്കണം എന്ന ആഹ്വാനവുമായി ശശി തരൂർ എംപി .ഇക്കാര്യത്തിൽ പാർട്ടി അധ്യക്ഷ നിലപാട് വ്യക്തമാക്കിയതാണ് .അതുകൊണ്ട് ഇനി എല്ലാവരും ഒറ്റക്കെട്ടായി പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കണം എന്നും തരൂർ ആഹ്വാനം ചെയ്തു .ദൃശ്യവും ശക്തവുമായ നേതൃത്വം കോൺഗ്രസിന് ഉണ്ടാകണം എന്ന് ആവശ്യപ്പെട്ടു സോണിയ ഗാന്ധിക്ക് കത്തെഴുതിയ 23 പേരിൽ ഒരാളാണ് തരൂർ .
“കഴിഞ്ഞ നാല് ദിവസമായി ഞാൻ നിശ്ശബ്ദനാണ് .കോൺഗ്രസ്സ് അധ്യക്ഷ പറഞ്ഞു അത് അവസാനിച്ചു എന്ന് .”തരൂർ ട്വീറ്റ് ചെയ്തു .പാർട്ടിയിൽ സംഘടനാ തെരഞ്ഞെടുപ്പ് ഉടൻ നടത്തണം എന്ന ആവശ്യം കത്തിൽ ഒപ്പിട്ട ഗുലാം നബി ആസാദും കപിൽ സിബലും വീണ്ടും ഉന്നയിക്കുമ്പോഴാണ് സമാധാന ശ്രമവുമായി തരൂർ മുന്നോട്ട് വരുന്നത് .
സംഘടനാ തെരഞ്ഞെടുപ്പ് നടത്തിയില്ലെങ്കിൽ പാർട്ടി ഇനിയും 50 വർഷം പ്രതിപക്ഷത്ത് ഇരിക്കേണ്ടി വരുമെന്ന് ഗുലാം നബി ആസാദ് വ്യക്തമാക്കിയിരുന്നു .കോൺഗ്രസ്സ്, ചരിത്രത്തിലെ ഏറ്റവും ആഴത്തിലുള്ള പതനത്തിൽ ആണെന്ന് കപിൽ സിബലും ചൂണ്ടിക്കാട്ടിയിരുന്നു .