“ഈ വെള്ളിവെയിലാലേ ഉള്ളു നിറഞ്ഞോട്ടേ…”; ഹൃദയം തൊട്ട് “ദേര ഡയറീസ്”

നസ്സിനെ തൊട്ടുണര്‍ത്തുന്ന വാക്കുകളും വരികളും ഹൃദയത്തെ ചേര്‍ത്തു നിര്‍ത്തുന്ന സംഗീതവുമായി “ദേര ഡയറീസ്” വരുന്നു. കേട്ടുമതിവരാത്ത പാട്ടുകളുടെ കൂട്ടത്തില്‍ ചേര്‍ത്തുവെക്കാവുന്നയായിരിക്കും ദേര ഡയറീസിലെ ഗാനങ്ങളെന്ന് കഴിഞ്ഞ ദിവസം യൂട്യൂബില്‍ റിലീസ് ചെയ്ത ആദ്യഗാനം തെളിയിച്ചു കഴിഞ്ഞു.

എഴുത്തിന്റേയും സംഗീതത്തിന്റേയും ഗാനങ്ങളുടേയും പിന്നണിയില്‍ യുവാക്കളാണെല്ലാവരുമെന്ന പ്രത്യേകതയാണ് ഗാനങ്ങള്‍ക്കുള്ളത്. മലയാള ചലച്ചിത്ര ഗാനങ്ങളില്‍ ഒരുപാടുകാലം വസന്തം വിരിയിക്കാനുള്ള കൂട്ടുകെട്ടാണ് ദേര ഡയറീസിലൂടെ പുറത്തേക്കെത്തുന്നത്. ജോപോളിന്റെ വരികള്‍ക്ക് സിബു സുകുമാരന്‍ ഈണം നല്കിയ ‘മിന്നണിഞ്ഞ രാവേ എന്നുമിന്നി താഴെ കണ്ണെറിഞ്ഞു വീഴാതെ, ഈ വെള്ളിവെയിലാലെ ഉള്ളു നിറഞ്ഞോട്ടെ മുല്ല മലര്‍ വീടാകെ’ എന്ന ആദ്യഗാനം നജീം അര്‍ഷാദും ആവണി മല്‍ഹറുമാണ് ആലപിച്ചിരിക്കുന്നത്.

പാട്ടിന്റെ വരികള്‍ക്കും ഈണത്തിനും അനുയോജ്യമായൊരുക്കിയ രംഗങ്ങള്‍ സിനിമാ പ്രേക്ഷകരെ ഗാനവുമായി ചേര്‍ത്തു നിര്‍ത്തുന്നു. മാത്രമല്ല പാട്ടു മാത്രമായി കാണുകയോ കേള്‍ക്കുകയോ ചെയ്യുന്നവര്‍ക്ക് സിനിമ കാണാനുള്ള ആഗ്രഹവും ജനിപ്പിക്കുന്ന രീതിയിലാണ് ചിത്രീകരിച്ചിരിക്കുന്നത്. യുവാക്കള്‍ക്ക് ഏറെ ഇഷ്ടപ്പെടുന്ന ‘അടിച്ചുപൊളി’യിലാണ് ഗാനം തയ്യാറാക്കിയിരിക്കുന്നതെങ്കിലും ഉപകരണങ്ങളുടെ അതിപ്രസരമോ മനസ്സിലാക്കാനാവാത്ത വാക്കുകളോ പാട്ടിലില്ലെന്ന പ്രത്യേകതയുണ്ട്.

ജോപോളിന്റേയും സിബു സുകുമാരന്റേയും സിനിമാ ജീവിതത്തിലെ ഹിറ്റുകളിലൊന്നായിരിക്കും ദേര ഡയറീസിലെ ഗാനങ്ങള്‍ എന്നു തെളിയിക്കുന്നതാണ് ആദ്യ പാട്ട്. സ്മാര്‍ട്ട് 4 മ്യൂസിക്ക് കമ്പനി യൂട്യൂബ് ചാനലില്‍ പുറത്തിറക്കിയ ഗാനം ആസിഫ് അലി, അനൂപ് മേനോന്‍, നമിത പ്രമോദ്, മിഥുന്‍ രമേഷ്, മെറീന മൈക്കിള്‍, ലിയോണ ലിഷോയ്, അര്‍ഫാസ് ഇഖ്ബാല്‍, മെന്റലിസ്റ്റ് ആദി എന്നിവരുടെ ഫേസ് ബുക്ക് പേജുകളിലൂടെയാണ് റിലീസ് ചെയ്തത്. നവാഗതനായ മുഷ്ത്താഖ് റഹ്മാന്‍ കരിയാടന്‍ രചനയും സംവിധാനവും നിര്‍വഹിച്ച ദേര ഡയറീസ് പൂര്‍ണമായും ദുബൈയിലാണ് ചിത്രീകരിച്ചിരിക്കുന്നത്.

എം ജെ എസ് മീഡിയയുടെ ബാനറില്‍ ഫോര്‍ അവര്‍ ഫ്രണ്ട്‌സിനു വേണ്ടു മധു കരുവത്ത് സംഘവും ചേര്‍ന്നു നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ദീന്‍ ഖമര്‍ നിര്‍വ്വഹിക്കുന്നു.അബു വളയംകുളം, ഷാലു റഹീം, അര്‍ഫാസ് ഇഖ്ബാല്‍, നവീന്‍ ഇല്ലത്ത്, ബെന്‍ സെബാസ്റ്റ്യന്‍, ബിന്ദു സഞ്ജീവ് തുടങ്ങിയവരോടൊപ്പം യു എ ഇ യിലെ ഏതാനും കലാകാരന്മാരും ഈ സിനിമയില്‍ അഭിനയിക്കുന്നുണ്ട്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ബാദുഷ, എഡിറ്റിംഗ്-നവീന്‍ പി വിജയന്‍, വാര്‍ത്താ പ്രചരണം- എ എസ് ദിനേശ്.

Leave a Reply

Your email address will not be published. Required fields are marked *