ക്ലാപ്പടിക്കാന്‍ തയ്യാറായി സിനിമ
കോവിഡും ലോക്ക്ഡൗണും ഏറ്റവും കൂടുതല്‍ ബാധിച്ചത് സിനിമ മേഖലയേയാണ്. നിരവധി ചിത്രങ്ങളാണ് ചിത്രീകരണത്തിനായും പ്രദര്‍ശനത്തിനായും ഒരുങ്ങിയത്. ഈ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിക്കുന്ന വിധമായിരുന്നു കോവിഡ് മഹാമാരിയും അതിനെ തുടര്‍ന്നുണ്ടായ ലോക്ക്ഡൗണും. ഇതിനെ തുടര്‍ന്ന് ചില ചിത്രങ്ങള്‍ ഓണ്‍ലൈന്‍ റിലീസ് ചെയ്യുകയും ഓണ്‍ലൈന്‍ റിലീസിങ്ങിനായി ഒരുങ്ങുകയും ചെയ്തിരുന്നു.
ഇപ്പോഴിതാ ഈ അടച്ച്പൂട്ടലുകളില്‍ നിന്ന് സിനിമകള്‍ക്ക് സ്വാതന്ത്യം നല്‍കിയിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. നിര്‍ത്തിവെച്ച സിനിമകളുടേയും സീരിയലുകളുടേയും മറ്റ് പരിപാടികളുടേയും ഷൂട്ടിംഗ് പുനരാരംഭിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കി.
അതേസമയം, കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു വേണം ഷൂട്ടിംഗ് തുടങ്ങാനെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ പറഞ്ഞു. ഷൂട്ടിംഗ് ലൊക്കേഷനില്‍ എല്ലാവരും സാമൂഹിക അകലം പാലിക്കണം. ക്യാമറയ്ക്ക് മുന്‍പില്‍ അഭിനയിക്കുന്നവര്‍ ഒഴികെ ലൊക്കേഷനിലുള്ള എല്ലാവര്‍ക്കും മാസ്‌ക് നിര്‍ബന്ധമായിരിക്കും. മേക്കപ്പ് ആര്‍ട്ടിസ്റ്റുകളും ഹെയര്‍ സ്‌റ്റൈലിസ്റ്റുകളും പിപിഇ കിറ്റ് ധരിച്ചു വേണം ജോലി ചെയ്യാന്‍. ഷൂട്ടിംഗ് ക്രൂ ആരോഗ്യസേതു ആപ്പ് ഉപയോഗിക്കണം. ഷൂട്ടിംഗ് സ്ഥലങ്ങളില്‍ സാനിറ്റൈസേഷന്‍ ഉറപ്പാക്കണം. മറ്റു അണുനശീകരണികളും അവിടെ ലഭ്യമായിരിക്കണം. ഒരു കാരണവശാലും ഷൂട്ടിംഗ് സെറ്റിലും പരിസരത്തും ആള്‍ക്കൂട്ടം ഉണ്ടാവുന്ന അവസ്ഥ പാടില്ലെന്നും കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രാലയം പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.