ആരോപണച്ചൂടറിഞ്ഞു, സർക്കാരിനെ പ്രതിരോധിക്കാൻ സിപിഐഎം
പിണറായി സർക്കാർ കഴിഞ്ഞ നാല് വർഷത്തിനിടെയുള്ള ഏറ്റവും വലിയ പ്രതിസന്ധിയിലൂടെ ആണ് കടന്നു പോകുന്നത്. സ്വർണക്കടത്ത് കേസ് മുഖ്യമന്ത്രിയുടെ സെക്രട്ടറി ആയിരുന്ന ശിവശങ്കർ ഐഎഎസിലേക്ക് നീണ്ടത് തന്നെ സർക്കാരിനെ പ്രതിസന്ധിയിൽ ആക്കിയിരുന്നു. നിരവധി തവണ കേന്ദ്ര ഏജൻസികളാൽ ശിവശങ്കർ ചോദ്യം ചെയ്യപ്പെട്ടു.
ഇപ്പോഴിതാ സർക്കാരിന്റെ സ്വപ്ന പദ്ധതി സ്വപ്ന സുരേഷിനാൽ കരിനിഴൽ വീഴ്ത്തപ്പെട്ടു. വടക്കാഞ്ചേരി ലൈഫ് മിഷൻ കെട്ടിട സമുച്ചയ കരാറും കമ്മീഷനുമൊക്കെയായി മാധ്യമങ്ങളിലെ 75%വാർത്തകളും സർക്കാരിനെതിരെ ഉള്ള അഴിമതി ആരോപണങ്ങൾ ആയി മാറി. മുഖ്യമന്ത്രിയുടെ ഓഫീസിനെ മാത്രമല്ല, മന്ത്രിസഭയെ ആകെ വിഴുങ്ങുന്ന ഒന്നായി മാറി സ്വപ്ന സുരേഷിനെതിരെയുള്ള ആരോപണങ്ങൾ.
ഈ സാഹചര്യത്തിലാണ് സർക്കാരിന്റെ രക്ഷക്ക് പാർട്ടിയെ സജ്ജമാക്കാൻ തീരുമാനം. അതിൽ സുപ്രധാനം എംഎൽഎമാരുടെ പങ്കാണ്. ജനങ്ങളുമായി നേരിട്ട് ഇടപഴകുന്നവർ ആയതിനാൽ എംഎൽഎമാർക്ക് സ്നേഹവും വിശ്വാസവും കൂടുതൽ നേടാനാകും എന്നാണ് പ്രതീക്ഷ. കോവിഡ് കാലത്തും ജനങ്ങളുമായി ആശയവിനിമയം ശക്തമാക്കാൻ ആണ് എംഎൽഎമാരോട് പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ആവശ്യപ്പെട്ടിരിക്കുന്നത്.
സമൂഹ മാധ്യമങ്ങളിൽ കാര്യമായി ഇടപെടാനും പാർട്ടി അംഗങ്ങളോട് ആവശ്യപ്പെടുന്നു. ഓരോ ബ്രാഞ്ച് കമ്മിറ്റി അംഗത്തിന്റെയും ഫേസ്ബുക് അക്കൌണ്ട് ഓരോ പ്രചാരണ കേന്ദ്രങ്ങൾ ആക്കണം. വിവരങ്ങൾ പാർട്ടി സൈബർ വിഭാഗം താഴെ തട്ടിൽ എത്തിക്കും. 23 ലെ സമരത്തോട് കൂടി വീടുകളും ആശയപ്രചാരണ വേദി ആക്കാൻ ആണ് സിപിഐഎം തീരുമാനം.