NEWS

വിഷം റഷ്യൻ ചാര സംഘടനയുടെ എക്കാലത്തെയും ആയുധം ,അലക്സി നവൽനി ഗുരുതരാവസ്ഥയിൽ

റഷ്യൻ പ്രതിപക്ഷത്തെ പ്രമുഖനും പ്രസിഡണ്ട് വ്ലാദിമിർ പുട്ടിന്റെ എക്കാലത്തെയും എതിരാളിയുമായ അലക്സി നവൽനി വിഷം ഉള്ളിൽ ചെന്നതിനു ശേഷം ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുമായി ആശുപത്രിയിൽ കഴിയുകയാണ് .സൈബീരിയൻ നഗരമായ ടോംസ്കിൽ നിന്ന് മോസ്കോവിലേക്ക് വിമാനത്തിൽ പോകാൻ എത്തിയതായിരുന്നു നാല്പത്തിനാലുകാരൻ .വിമാനത്താവളത്തിൽ നിന്ന് കുടിച്ച ചായയിലൂടെയാണ് വിഷം ഉള്ളിൽ ചെന്നത് എന്നാണ് നിഗമനം .നവൽനിയെ യൂറോപ്പിൽ എവിടെയെങ്കിലും കൊണ്ടുപോയി ചികില്സിപ്പിക്കണം എന്ന ആവശ്യം മുന്നോട്ടു വക്കുകയാണ് കുടുംബവും അദ്ദേഹത്തിന്റെ അണികളും ..

പുടിനെ വിമർശിക്കുന്നവർ അസാധാരണ കാരണങ്ങളാൽ മരണമടയുന്നത് റഷ്യയിൽ സ്വാഭാവികമാണ് .നവൽനിക്ക് തന്നെ രണ്ടു തവണ പൊതു ഇടത്തിൽ വച്ച് വിഷപ്രയോഗം നേരിടേണ്ടി വന്നു .പുടിനെയെയും സംഘത്തെയും കൊള്ളസംഘം എന്നാണ് നവൽനി വിശേഷിപ്പിച്ചത് .ക്രെംലിൻറെ അഴിമതിയെ കുറിച്ച് ധാരാളം തെളിവുകൾ നവൽനി പുറത്ത് വിട്ടിരുന്നു .

എതിരാളികൾക്കെതിരെയുള്ള റഷ്യൻ വിഷപ്രയോഗം കുപ്രസിദ്ധമാണ് .1978 ൽ ശീതയുദ്ധകാല നേതാവ് എന്നറിയപ്പെട്ടിരുന്ന ജോർജി മാർക്കോവിന് വിഷപ്രയോഗമേറ്റത് ലണ്ടനിലെ വാട്ടർലൂ ബ്രിഡ്ജിൽ വച്ചാണ് .ദിവസങ്ങൾക്കകം മാർക്കോവ് മരണമടഞ്ഞു .

അതിനു മുമ്പ് 1971 ൽ നോബൽ പുരസ്‌കാര ജേതാവ് അലക്സാൻഡർ സോൾഷിനെതിരെ വിഷപ്രയോഗം നടന്നു .ചികിത്സക്ക് ശേഷം രക്ഷപ്പെട്ട അദ്ദേഹം പിന്നീട് അമേരിക്കയിലേക്ക് കുടിയേറി .

ലിറ്റ്വിനിങ്കോ എന്ന റഷ്യൻ ഏജന്റിനും സംഭവിച്ചത് മറ്റൊന്നല്ല .ഭരണകൂട കൊലപാതകങ്ങളെ കുറിച്ചുള്ള തുറന്നു പറച്ചിൽ അയാളെ ഭരണകൂടത്തിന്റെ ശത്രുവാക്കി .ബ്രിട്ടനിലേക്ക്‌ കുടിയേറി എങ്കിലും മരണം വിഷ രൂപത്തിൽ അയാളെ പിന്തുടർന്നു .അവസാന കാലത്തെ ലിറ്റ്വിനിങ്കോയുടെ ഫോട്ടോ ഏവരെയും വേട്ടയാടും .

എഴുത്തുകാരിയും പുടിൻ വിമര്ശകയുമായ അന്ന പോളിറ്റ്‌കോവസ്‌കായുടെ ഗതിയും മറ്റൊന്നല്ല .ചെച്നിയ വിഷയത്തിലെ അന്നയുടെ വിമർശനങ്ങൾ ഭരണകൂടത്തെ ചൊടിപ്പിച്ചു .2006ൽ ഫ്ളാറ്റിലെ എലിവേറ്ററിൽ വച്ച് അവർ വെടിവച്ച് കൊല്ലപ്പെട്ടു .

2015 മെയിൽ പത്രപ്രവർത്തകനും പിന്നീട് പ്രതിപക്ഷ രാഷ്ട്രീയ നേതാവുമായ വ്ളാദിമിർ കറ മുർസ പൊതുവേദിയിൽ തളർന്നു വീണു .വിഷപ്രയോഗം എന്ന് ഡോക്ടർമാർ വിധിയെഴുതി .ആ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടെങ്കിലും 2017 ഫെബ്രുവരിയിൽ സമാനമായ ലക്ഷണങ്ങൾ അദ്ദേഹത്തിനുണ്ടായി .ഇത്തവണയും അദ്ദേഹം രക്ഷപ്പെട്ടു .

ഇത്തവണ അലക്സി നവൽനിയുടേതാണ് ഊഴം .നവൽനിയുടെ അവസ്ഥ ഗുരുതരമാണ് .അതിജീവിക്കുമോ എന്ന് കണ്ടറിയണം .എന്തായാലും വ്ളാദിമിർ പുടിനെ വിമർശിച്ച ഒരാൾക്ക് കൂടി വിഷബാധ ഏറ്റിരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: