പ്രോക്‌സി വോട്ടുകള്‍ ജനാധിപത്യവിരുദ്ധം:മുല്ലപ്പള്ളി
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ പ്രോക്‌സി വോട്ടുകള്‍ ചെയ്യാനും പോസ്റ്റല്‍ വോട്ടുകള്‍ ഏര്‍പ്പെടുത്താനും ഏകപക്ഷീയമായി തീരുമാനമെടുത്ത സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ നീക്കം ജനാധിപത്യ വിരുദ്ധവും ഏകാധിപത്യപരവുമാണെന്നും ഇതിനെ കോണ്‍ഗ്രസും പ്രതിപക്ഷ പാര്‍ട്ടികളും അംഗീകരിക്കുന്ന പ്രശ്‌നമില്ലെന്നും കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.
ഇതിനായി നിയമഭേദഗതികള്‍ കൊണ്ടുവരാന്‍ കമ്മീഷന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ട വിവരം മാധ്യമങ്ങളിലൂടെയാണ് അറിയാന്‍ കഴിഞ്ഞത്. ഇത്തരം കാര്യങ്ങള്‍ കേരളത്തിലെ അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികളുമായി ചര്‍ച്ച ചെയ്യാതെ ഏകപക്ഷീയമായി തീരുമാനമെടുക്കുന്ന കമ്മീഷന്റെ സമീപനം നേരത്തെ വോട്ടര്‍ പട്ടികയുടെ കാര്യത്തിലുമുണ്ടായിരുന്നു.2015 ലെ വോട്ടര്‍ പട്ടിക അടിസ്ഥാനമാക്കിയതോടെ 2016ലെ അസംബ്ലി തിരഞ്ഞെടുപ്പിലും 2019ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലും വോട്ട് ചെയ്തവര്‍ ഉള്‍പ്പെടെ കഴിഞ്ഞ അഞ്ചു വര്‍ഷക്കാലം കൊണ്ട് വോട്ടവകാശം നേടിയവരെല്ലാം വീണ്ടും അപേക്ഷ നല്‍കി വോട്ടര്‍ പട്ടികയില്‍ പേരുചേര്‍ക്കേണ്ട ഗതികേടുണ്ടാക്കിയ ഏകപക്ഷീയവും ജനാധിപത്യ വിരുദ്ധമായ തീരുമാനമാണ് നേരത്തെ കമ്മീഷന്‍ കൈക്കൊണ്ടത്.അതിന്റെ ബുദ്ധിമുട്ടുകള്‍ ജനം ഇപ്പോഴും അനുഭവിക്കുകയാണ്.
തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങള്‍ സാധാരണ ചെയ്യാറുള്ളത് പോലെ രാഷ്ട്രീയ പാര്‍ട്ടികളുമായി ചര്‍ച്ച നടത്തി അഭിപ്രായ സമന്വയമുണ്ടാക്കുവാന്‍ യാതൊരു സമീപനവും കമ്മീഷന്‍ സ്വീകരിച്ചില്ല.സര്‍ക്കാരിന്റെ താല്‍പ്പര്യം അനുസരിച്ച് കമ്മീഷന്‍ ഏകാധിപത്യപരവും ധിക്കാരപരവുമായ നിലപാടാണ് സ്വീകരിക്കുന്നത്.ഭരണഘടനാ സ്ഥാപനമായ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇത്തരമൊരു നിലപാട് സ്വീകരിച്ചത് അധിക്ഷേപാര്‍ഹമാണ്. തുടരെത്തുടരെ സര്‍ക്കാരിനോട് കൂറ് പ്രഖ്യാപിക്കുന്ന സമീപനമാണ് കമ്മീഷന്‍ സ്വീകരിക്കുന്നത്.
കോവിഡ് രോഗവ്യാപനം അനുദിനം വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ ജനങ്ങളാകെ ആശങ്കയിലും ഉത്കണ്ഠയിലുമാണ്.സര്‍ക്കാരാകട്ടെ തിരഞ്ഞെടുപ്പ് കമ്മീഷനുമായി ചേര്‍ന്ന് കണ്ണൂര്‍ മോഡല്‍ തിരഞ്ഞെടുപ്പിലൂടെ വിജയം നേടാനാണ് ശ്രമം.തദ്ദേശ തിരഞ്ഞെടുപ്പ് യഥാസമയം നടത്തുന്നതിന് സമ്പൂര്‍ണ്ണ സഹകരണമാണ് കോണ്‍ഗ്രസ് ഇതുവരെ നല്‍കിയത്. പക്ഷെ, കോണ്‍ഗ്രസിന്റെ മാന്യമായ നിലപാടിനെ ദൗര്‍ബല്യമായി കമ്മീഷന്‍ കാണരുത്. സി.പി.എമ്മുമായി ചേര്‍ന്നുകൊണ്ട് തിരഞ്ഞെടുപ്പിനെ അട്ടിമറിക്കാനുള്ള ഒരു നീക്കവും അംഗീകരിക്കില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.