ഗാന്ധിജിയെ ഉദ്ധരിച്ച് പ്രശാന്ത് ഭൂഷൺ ,കോടതിയലക്ഷ്യ കേസിൽ മാപ്പ് പറയാൻ തയ്യാറല്ലെന്ന് സുപ്രീം കോടതിയോട്
കോടതിയലക്ഷ്യ കേസിൽ മാപ്പു പറയുന്ന പ്രശ്നം ഇല്ലെന്നു മനുഷ്യാവകാശ പ്രവർത്തകൻ പ്രശാന്ത് ഭൂഷൺ .ഒരു പൗരൻ എന്ന നിലക്കുള്ള ചുമതലയാണ് താൻ നിർവഹിച്ചത് .എന്ത് ശിക്ഷ തന്നാലും സ്വീകരിക്കാൻ തയ്യാറാണെന്നും പ്രശാന്ത് ഭൂഷൺ വ്യക്തമാക്കി .
തനിക്കെതിരെ എന്താണ് പരാതിയെന്ന് പ്രശാന്ത് ഭൂഷൺ ആരാഞ്ഞു .പരാതി വ്യക്തമാക്കാൻ സുപ്രീം കോടതി തയ്യാറാകാത്തത് തന്നെ വേദനിപ്പിക്കുന്നുവെന്നും അഭിഭാഷകൻ കൂടിയായ പ്രശാന്ത് ഭൂഷൺ വ്യക്തമാക്കി .
“ഞാൻ മാപ്പ് യാചിക്കില്ല .കാരുണ്യം തേടില്ല .സന്തോഷത്തോടെ ശിക്ഷ ഏറ്റുവാങ്ങും .”മഹാത്മാ ഗാന്ധിയെ ഉദ്ധരിച്ച് പ്രശാന്ത് ഭൂഷൺ വ്യക്തമാക്കി .
“ചരിത്രത്തിന്റെ ഈ ദശാസന്ധിയിൽ ഒരു പൗരൻ എന്ന നിലക്ക് ഞാൻ സംസാരിക്കാതിരുന്നാൽ ജനാധിപത്യപരമായുള്ള എന്റെ കടമ നിറവേറ്റപ്പെടില്ല .”പ്രശാന്ത് ഭൂഷൺ ചൂണ്ടിക്കാട്ടി .
കേസ് മറ്റൊരു ഉയർന്ന കോടതി കേൾക്കണമെന്ന പ്രശാന്ത് ഭൂഷന്റെ വാദം കോടതി തള്ളി .എന്നാൽ പ്രശാന്ത് ഭൂഷന്റെ റിവ്യൂയിൽ തീരുമാനം ആകുന്ന വരെ ശിക്ഷിക്കില്ലെന്നു ജസ്റ്റിസ് അരുൺ മിശ്ര നയിക്കുന്ന ബെഞ്ച് വ്യക്തമാക്കി .
തന്റെ ട്വീറ്റുകളിലൂടെ പ്രശാന്ത് ഭൂഷൺ സുപ്രീം കോടതി എന്ന സംവിധാനത്തെ തന്നെ അപമാനിച്ചു എന്നാണ് കോടതിയുടെ കണ്ടെത്തൽ .ഈ പശ്ചാത്തലത്തിൽ ആണ് പ്രശാന്ത് ഭൂഷൺ കുറ്റക്കാരൻ ആണെന്ന് കോടതി വിധിച്ചത്