NEWS

ഇനി പിണറായിയും മോദിയും തമ്മിലുള്ള പോരാട്ടം ,വിമാനത്താവള വിഷയത്തിൽ തീ പാറും

ഇതാദ്യമായി കേരള മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നേരിട്ടൊരു ഏറ്റുമുട്ടലിനു ഒരുങ്ങുന്നു .പ്രളയ സഹായം വെട്ടിക്കുറച്ചപ്പോഴും ബജറ്റ് വിഹിതവും കേന്ദ്ര പദ്ധതി വിഹിതവുമൊക്കെ നാമമാത്രമാക്കിയപ്പോഴും കേന്ദ്രവുമായി നേരിട്ടൊരു ഏറ്റുമുട്ടലിനു പിണറായി വിജയൻ തയ്യാറായിരുന്നില്ല .എന്നാൽ തിരുവനന്തപുരം വിമാനത്താവള വിഷയത്തിൽ കേന്ദ്രവുമായി തുറന്ന പോരിന് തയ്യാറെടുക്കുകയാണ് പിണറായി .

സംസ്ഥാനത്തിന്റെ അഭ്യർത്ഥനകളെ തെല്ലും കൊള്ളാതെയാണ് കേന്ദ്രതീരുമാനം .ഹൈക്കോടതിയിൽ ഉള്ള കേസ് പോലും പരിഗണിക്കാതെയാണ് കേന്ദ്രമന്ത്രിസഭ തിരുവനന്തപുരം വിമാനത്താവളത്തെ സ്വകാര്യവൽക്കരിക്കാൻ തീരുമാനം കൈക്കൊണ്ടത് .സംസ്ഥാന താല്പര്യം സംരക്ഷിക്കും എന്ന പ്രധാനമന്ത്രിയുടെ ഉറപ്പ് പാലിക്കപ്പെട്ടില്ലെന്നു മുഖ്യമന്ത്രി പ്രധാനമന്ത്രിക്കയച്ച കത്തിൽ വ്യക്തമാക്കിയത് ഈ പശ്ചാത്തലത്തിൽ ആണ് .

കേരളത്തിന്റെ തുടർച്ചയായ അഭ്യർത്ഥനകൾ മറികടന്നാണ് ഈ തീരുമാനമെന്ന് മുഖ്യമന്ത്രി കത്തിൽ പറയുന്നു. ഏകപക്ഷീയമായ തീരുമാനത്തോട് സഹകരിക്കുന്നതിൽ ബുദ്ധിമുട്ട് ഉണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

കേന്ദ്രസർക്കാരും വ്യോമയാന മന്ത്രാലയവും 2003 ൽ കേരളത്തിന്‌ ഒരു ഉറപ്പ് നൽകിയിരുന്നു. ആ ഉറപ്പിന് വിരുദ്ധമാണ് ഇപ്പോഴത്തെ തീരുമാനം. പ്രധാനമന്ത്രി നരേന്ദ്രമോഡിയുള്ള ചർച്ചകളിലും തനിക്ക് ഉറപ്പ് കിട്ടിയിരുന്നതായി മുഖ്യമന്ത്രി കത്തിൽ വ്യക്തമാക്കി.

സംസ്ഥാന സർക്കാർ 23.57 ഏക്കർ ഭൂമിയാണ് രാജ്യാന്തര ടെർമിനലിന്റെ നിർമാണത്തിനായി നൽകിയത്. എയർപോർട് അതോറിട്ടി ഓഫ് ഇന്ത്യക്ക് സൗജന്യമായാണ് ഭൂമി കൈമാറിയത്. ഭൂമിയുടെ വില സംസ്ഥാന സർക്കാരിന് ഓഹരിയായി ലഭിക്കുമെന്ന വ്യവസ്ഥയിൽ ആണ് ഭൂമികൈമാറ്റം നടന്നതെന്നും മുഖ്യമന്ത്രി കത്തിൽ വ്യക്തമാക്കുന്നു.

കത്തിന് മറുപടി പിണറായി വിജയൻ കാക്കും .എന്നാൽ നടിപടിയുണ്ടായില്ലെങ്കിൽ രാഷ്ട്രീയമായും നിയമപരമായും നേരിടാൻ ആണ് തീരുമാനം .വിമാനത്താവള എംപ്ലോയീസ് യൂണിയൻ നൽകിയ കേസ് ഇപ്പോൾ ഹൈക്കോടതിയുടെ പരിഗണയിൽ ആണ് .സുപ്രീം കോടതി നിർദേശപ്രകാരം ആണ് തള്ളിയ കേസ് ഹൈക്കോടതി ഫയലിൽ സ്വീകരിച്ചത് .ഈ കേസിൽ തീരുമാനം ആകും വരെ വിമാനത്താവളം കൈമാറാനാവില്ല എന്ന നിഗമനമുണ്ട് .

സുപ്രീം കോടതിയിൽ സംസ്ഥാന സർക്കാർ നേരിട്ട് പോകുന്ന കാര്യവും പരിഗണിക്കുന്നുണ്ട് .എ ജിയുടെ നിയമോപദേശം അനുസരിച്ചായിരിക്കും തീരുമാനം .നിയമസഭയിൽ പ്രതിപക്ഷ സഹകരണത്തോടെ പ്രമേയം പാസാക്കി കേരള ജനതയുടെ പൊതുവികാരം കേന്ദ്രത്തെ അറിയിക്കാമെന്നും സർക്കാർ കരുതുന്നു .

Back to top button
error: