മരണം രംഗബോധമില്ലാത്ത കോമാളിയല്ല,ക്രൂരനായ താന്തോന്നി, മാധ്യമ പ്രവർത്തകൻ എൻ ജെ നായരെ അക്ഷരങ്ങളിൽ വരച്ചിട്ട് ഹരി കർത്ത

തലസ്ഥാനത്തെ മാധ്യമ പ്രവർത്തകരുടെ “എൻ ജെ അണ്ണൻ “വിടവാങ്ങി. മാധ്യമ പ്രവർത്തകരുടെ പ്രിയങ്കരനായ എൻ ജെ നായരെ വാക്കുകൾ കൊണ്ട് വരച്ചിടുകയാണ് മുതിർന്ന മാധ്യമ പ്രവർത്തകൻ ഹരി കർത്ത.

ഹരി കർത്തയുടെ ഫേസ്ബുക് പോസ്റ്റ്‌ –

എന്തെങ്കിലും എഴുതിയിട്ട് നാളുകൾ ഏറെയായി, മാസങ്ങളല്ല. വർഷങ്ങളായി എഴുതുന്നതൊക്കെയും മറ്റുള്ളവർക്കായി പ്രസ്താവനകളും ലേഖനങ്ങളും പ്രസംഗങ്ങളും. ചിങ്ങം ഒന്നായ ഇന്ന് മനസ്സിൽ തോന്നുന്നത് എഴുതി തുടങ്ങാമെന്ന് കരുതി. പക്ഷെ നേരം വെളുക്കുന്നതിന് മുമ്പ് കേട്ടത് ഞെട്ടിക്കുന്ന മരണവാർത്ത. ജ്യോതി എന്ന് ഞാൻ വിളിക്കുന്ന ഹിന്ദുവിലെ എന്റെ മാധ്യമ സുഹൃത്ത് എൻ. ജെ. നായർ ഹൃദയാഘാതത്താൽ വിട്ട് പിരിഞ്ഞു എന്നത് വിശ്വസിക്കാൻ ആയില്ല. പലരെയും ബന്ധപ്പെട്ട ശേഷം മാത്രമാണ് എനിക്കാ ദുഃഖസത്യം അംഗീകരിക്കാൻ കഴിഞ്ഞത്. മരണം രംഗബോധമില്ലാത്ത കോമാളിയാണ് എന്ന് പണ്ടാരോ പറഞ്ഞത് തിരുത്താൻ എനിക്ക് തോന്നി. ക്രൂരനായ താന്തോന്നി.

മൂന്ന് വർഷം മുമ്പ് ഹൃദയാഘാതത്തെ തുടർന്ന് അത്യാസന്ന നിലയിൽ കിടക്കുമ്പോൾ ആദ്യം ആശുപത്രിയിൽ ഓടിയെത്തിയവരിൽ ജ്യോതിയും ഉണ്ടായിരുന്നു. ആശുപത്രി വിട്ട ശേഷം വീട്ടിലും രണ്ട് തവണ എന്നെ വന്നു കണ്ടിരുന്നു. നാല്പത്തെട്ട്‍ മണിക്കൂറുകൾ പിന്നിടുന്നത് സംശയം ആണെന്ന് ഡോക്ടർമാർ വിധിച്ച ഞാൻ ഇന്നും ജീവിച്ചിരിക്കുന്നു, പണിയെടുക്കുന്നു. പൂർണ ആരോഗ്യവാനായിരുന്ന ജ്യോതി പെട്ടെന്ന് പോയി. സഹിക്കുന്നില്ല തീരെ മരണദേവന്റെ ഈ ക്രൂരവിനോദം.

ഏതാനും ആഴ്ചകൾ മുമ്പ് കുറെ നേരം ഫോണിൽ സംസാരിച്ചിരുന്നു. മുഖ്യമന്ത്രിയും മാധ്യമ പ്രവർത്തകരും തമ്മിലുണ്ടായിട്ടുള്ള അകലം, സിപിഎമ്മിന്റെ ഏഷ്യാനെറ്റ്‌ ബഹിഷ്കരണം ഒക്കെ ചർച്ച ചെയ്തു. പ്രത്യാശാസ്ത്രപരമായി രണ്ട് ധ്രുവങ്ങളിലെങ്കിലും ചില കാര്യങ്ങളിൽ ജ്യോതി എന്നോട് യോജിച്ചു. ഒരു മാസം മുമ്പ് ബിജെപി അധ്യക്ഷന്റെ മാധ്യമ ഉപദേഷ്ടാവ് എന്ന ചുമതല ഞാൻ ഒഴിഞ്ഞപ്പോഴും ജ്യോതി എന്നെ വിളിച്ചിരുന്നു. അനുശോചിക്കണമോ അഭിനന്ദിക്കണമോ എന്നാണ് അപ്പോൾ ജ്യോതി എന്നോട് ചോദിച്ചത്. ആ ചുമതല മൂന്നാണ്ട് മുമ്പ് ഏറ്റെടുത്തത് ശരിയായില്ല എന്ന് എന്നോട് അഭിപ്രായപ്പെട്ടവരിൽ ജ്യോതിയും ഉണ്ട്. പക്ഷെ രാഷ്ട്രീയമായി വിയോജിക്കുമ്പോഴും എൻ. ജെ. നായരിലെ പത്രപ്രവർത്തകൻ വസ്തുനിഷ്ഠതമായ വാർത്തകളും വിശകലനങ്ങളുമാണ്, വിശ്വാസ്യത തെല്ലും ചോരാതെ ഹിന്ദുവിൽ എഴുതിക്കൊണ്ടിരുന്നത്. ബിജെപി ബീറ്റ് ജ്യോതിക്ക് ആയിരുന്നു. അത് ഞങ്ങളുടെ ആശയവിനിമയത്തിന് ആക്കം കൂട്ടി.

മരണവിവരം അറിഞ്ഞയുടനെ ഞാൻ v.മുരളീധരനെയും പി.എസ്. ശ്രീധരൻ പിള്ളയെയും കുമ്മനത്തെയും വിളിച്ചറിയിച്ചു. അവർക്കൊക്കെ ജ്യോതിയുമായി നല്ല ബന്ധമായിരുന്നു. മകൻ ഗൗതമിന്റെ ഫോൺ നമ്പറും അയച്ചു കൊടുത്തു. അവർ ബന്ധപ്പെട്ടിരിക്കും.

മൂന്നര പതിറ്റാണ്ടിലേറെ നീണ്ടതാണ് ജ്യോതിയുമായുള്ള പരിചയം. ഇന്ത്യൻ എക്സ്പ്രസ്സ്‌ നാളുകൾ മുതൽ. ജ്യോതി ഇന്ത്യൻ എക്സ്പ്രെസ്സിൽ ഒടുവിലൊക്കെ വീർപ്പുമുട്ടി കഴിയുകയായിരുന്നു. ഫിനാൻഷ്യൽ എക്സ്പ്രസ്സ്‌ കേരളത്തിൽ എഡിഷൻ ആരംഭിച്ചപ്പോൾ ജ്യോതിയെ ഉൾപ്പെടുത്താൻ ഞാനും ഗോവിന്ദൻ കുട്ടിയും നടത്തിയ ശ്രമം എഡിറ്റർ പ്രഭു ചൗളയുടെ താൽപര്യക്കുറവ് മൂലം ഫലം കണ്ടില്ല. പക്ഷെ ആ ഉർവശിശാപം പിന്നീട് ഉപകാരമായി. ജ്യോതിക്ക് അധികം വൈകാതെ ഹിന്ദുവിൽ കിട്ടി.

മാധ്യമപ്രവർത്തനത്തെ, മാറിയ സാഹചര്യത്തിൽ, ജ്യോതി വെറുത്തു തുടങ്ങിയിരുന്നു. മാധ്യമ വിദ്യാർത്ഥി ആയ എന്റെ മകളെ അതിൽ നിന്ന് പിന്തിരിപ്പിക്കാൻ ജ്യോതി അവളിലും എന്നിലും സമ്മർദ്ദം ചെലുത്തിയിരുന്നു. ഒടുവിൽ അവൾ മാധ്യമരംഗത്ത് തന്നെ പ്രവേശിക്കുകയും ഒരു മാധ്യമ പ്രവർത്തകനെ വിവാഹം കഴിക്കുകയും ചെയ്തപ്പോൾ ജ്യോതി നിശബ്ദനായി. എങ്കിലും അമ്മുവിന്റെ കല്യാണത്തിന് പങ്കെടുക്കാൻ എത്തിയപ്പോൾ എന്റെ കൈ പിടിച്ചു ജ്യോതി പറഞ്ഞത് എത്ര പറഞ്ഞാലും അറിഞ്ഞാലും ഹരി ഇനിയും പാടിക്കില്ലെന്നാണ്. ആ വാക്കുകൾ ഇപ്പോഴും എന്റെ കാതിൽ മുഴങ്ങുന്നു.
രക്തബന്ധമില്ലെങ്കിലും ജ്യോതീ, എള്ളും പൂവും ചന്ദനവും ജലത്തിൽ മുക്കി എന്റെ അന്ത്യാഞ്ജലി.

എന്തെങ്കിലും എഴുതിയിട്ട് നാളുകൾ ഏറെയായി, മാസങ്ങളല്ല. വർഷങ്ങളായി എഴുതുന്നതൊക്കെയും മറ്റുള്ളവർക്കായി പ്രസ്താവനകളും…

ഇനിപ്പറയുന്നതിൽ Hari Kartha പോസ്‌റ്റുചെയ്‌തത് 2020, ഓഗസ്റ്റ് 17, തിങ്കളാഴ്‌ച

Leave a Reply

Your email address will not be published. Required fields are marked *