അഡീഷണൽ കളക്ടർ തസ്തിക റവന്യൂ വകുപ്പിന് ഭാരമാകുന്നത് എങ്ങിനെ ?
https://youtu.be/34ARTkSHj90
സംസ്ഥാനത്ത് എ ഡി എം തസ്തികയ്ക്ക് പകരം ഐ എ എസ് നിയമനമുള്ള അഡീഷണൽ കളക്ടർ തസ്തിക കൊണ്ട് വരാനുള്ള ചീഫ് സെക്രട്ടറിയുടെ നിർദ്ദേശവുമായി മുന്നോട്ട് പോകുകയാണ് സംസ്ഥാന സർക്കാർ .14 ജില്ലകളിൽ കളക്ടർക്ക് താഴെയുള്ള തസ്തികയാണ് എ ഡി എം അഥവാ അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് .എൽ ഡി ക്ലർക്ക് ആയി സർവീസിൽ പ്രവേശിച്ച് പ്രൊമോഷൻ കിട്ടി വരുന്നവരോ ഡെപ്യൂട്ടി കളക്ടർ തസ്തികയിലേക്ക് നേരിട്ട് നിയമിക്കുന്നവരോ ആണ് എ ഡി എം തസ്തികയിൽ വരിക .ഇതിനു പകരം ഐ എ എസുകാരെ നിയമിക്കാൻ അഡീഷണൽ കളക്ടർ തസ്തിക സൃഷ്ടിക്കണമെന്നാണ് ചീഫ് സെക്രട്ടറിയുടെ നിർദേശം .നിർദ്ദേശം സർക്കാർ തത്വത്തിൽ അംഗീകരിച്ചു എന്നാണ് അറിവ് .അതേസമയം റവന്യൂ മന്ത്രി ഇക്കാര്യത്തിൽ എതിർപ്പ് അറിയിച്ചിട്ടുണ്ട് .
സംസ്ഥാനത്ത് നിലവിൽ ഏറ്റവും കൂടുതൽ ഐ എ എസ് ഉദ്യോഗസ്ഥർ ഉള്ളത് റവന്യൂ വകുപ്പിലാണ് .നിലവിൽ മുപ്പതിലധികം പേർ റവന്യൂ വകുപ്പിലുണ്ട് .മറ്റു വകുപ്പുകളിൽ ഒന്നോ ,രണ്ടോ ഐ എ എസ് ഉദ്യോഗസ്ഥർ മാത്രമാണ് ഉള്ളത് .ഇതിൽ തന്നെ സേവനമേഖലയിൽ തികച്ചും ജൂനിയർ ആയ ഐ എ എസ് ഉദ്യോഗസ്ഥരാണ് ഇത്തരത്തിൽ റവന്യൂ വകുപ്പിൽ സബ് കളക്ടർ അല്ലെങ്കിൽ ജില്ലാ കളക്ടർ തസ്തികയിൽ നിയമിക്കപ്പെടുന്നത് .
സേവന പരിചയമുള്ള ഡെപ്യൂട്ടി കലക്ടർമാരുടെയും തഹസിൽദാർമാരുടെയും പിൻബലത്തിലാണ് ജൂനിയർ ഐ എ എസ് ഉദ്യോഗസ്ഥർ ഭരണം നടത്തുന്നത് .ജില്ലാ കളക്ടർമാരും സേവന പരിചയമുള്ള എ ഡി എമ്മുകാരെ ആശ്രയിക്കുന്നുണ്ട് .എന്നാൽ ഈ ഇടത്തേക്കാണ് ജൂനിയർ ഐ എ എസ് ഉദ്യോഗസ്ഥരെ നിയമിക്കാൻ ചീഫ് സെക്രട്ടറി നീക്കം നടത്തുന്നത് .
സംസ്ഥാനത്തെ 14 ജില്ലകളിലും അഡീഷണൽ കളക്ടർ തസ്തികയിൽ ജൂനിയർ ഐ എ എസ് ഉദ്യോഗസ്ഥരെ നിയമിച്ചാൽ ഭരണ രംഗത്ത് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നു റവന്യൂ വകുപ്പിലുള്ളവർ ചൂണ്ടിക്കാട്ടുന്നു .ട്രെയിനിങ് പൂർത്തീകരിച്ചെത്തുന്ന പുതുമുഖങ്ങളിൽ ഭൂരിഭാഗവും മറ്റു സംസ്ഥാനങ്ങളിൽ ഉള്ളവരാകും .ഭാഷ പ്രശ്നം ഫീൽഡിലെ പരിചയക്കുറവ് ഇതൊക്കെ ഭരണതലത്തിൽ പ്രതിഫലിക്കും .ജില്ലാ കളക്ടറെ ഉപദേശിക്കാനോ സ്വന്തം നിലയിൽ ഭരണനിർവഹണത്തിനോ സാധ്യമാകാതെ വരും .
മജിസ്റ്റീരിയൽ അധികാരങ്ങളും എ ഡി എമ്മിനുണ്ട് .ജില്ലാ മജിസ്‌ട്രേട്ടിനുള്ള തത്തുല്യ അധികാരമാണ് എ ഡി എമ്മിനുള്ളത് .നിരവധി വർഷങ്ങളുടെ പ്രവർത്തന പരിചയമുള്ളവരാണ് നിലവിൽ എ ഡി എം സ്ഥാനത്ത് വരുന്നത് .എന്നാൽ ഒട്ടും പ്രവർത്തന പരിചയം ഇല്ലാത്ത അഡീഷണൽ കളക്ടർമാർക്ക് ഈ അധികാരങ്ങൾ വേണ്ടും വിധം ഉപയോഗിക്കാനാവുമോ എന്ന ആശങ്ക നിലനിൽക്കുന്നുണ്ട് .